മിനിമം ബാലന്‍സ് നിബന്ധനകള്‍ അറിയണം, പിഴ ചെറുതല്ല
പലപ്പോഴായി അക്കൗണ്ടില്‍ നിന്ന് ഈ തുക പിടിക്കുന്നതിനാല്‍ നമ്മള്‍ ഇത് എത്രയെന്ന് അറിയാറില്ല
വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ളവരാണല്ലോ നമ്മള്‍. എന്നാല്‍ ഇതിലെല്ലാം അതത് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് പരിധി...
വിവിധ ബാങ്കുകളില്‍ അക്കൗണ്ടുകളുള്ളവരാണല്ലോ നമ്മള്‍. എന്നാല്‍ ഇതിലെല്ലാം അതത് ബാങ്കുകള്‍ നിഷ്‌കര്‍ഷിക്കുന്ന മിനിമം ബാലന്‍സ് പരിധി ശ്രദ്ധിക്കാറുണ്ടോ? അതിനനുസരിച്ച് അക്കൗണ്ടില്‍ പണമുണ്ടെന്ന് ഉറപ്പു വരുത്താറുണ്ടോ? ഇല്ലെങ്കില്‍ വലിയ തുകയാവും നിങ്ങളില്‍ നിന്ന് പിഴയായി ഈടാക്കുക. പലപ്പോഴായി അക്കൗണ്ടില്‍ നിന്ന് ഈ തുക പിടിക്കുന്നതിനാല്‍ നമ്മള്‍ ഇത് എത്രയെന്ന് അറിയാറില്ല എന്നതാണ് വാസ്തവം. എന്നാല്‍ ഇത് ചെറിയ തുകയല്ല എന്നാണ് നാം തിരിച്ചറിയേണ്ടത്.
10,000 കോടി രൂപ പിഴ
ഒരു കണക്ക് പറയാം 2017-19 വരെയുള്ള മൂന്ന് വര്‍ഷക്കാലയളവില്‍ രാജ്യത്തെ വിവിധ ബാങ്കുകള്‍ അക്കൗണ്ടില്‍ ചുരുങ്ങിയ പരിധി നിലനിര്‍ത്താത്തതിനാല്‍ പിഴയായി വാങ്ങിയത് 10,000 കോടി രൂപയാണ് എന്നറിയുമ്പോള്‍ ഇതിന്റെ ഗൗരവം പിടി കിട്ടും. 2019 ല്‍ ധനകാര്യ സഹമന്ത്രി അനുരാഗ് താക്കുര്‍ രാജ്യസഭയില്‍ പറഞ്ഞതാണ് ഇക്കാര്യം. രാജ്യത്തെ 18 പൊതുമേഖലാ ബാങ്കുകള്‍ ഈ വിധത്തില്‍ പിടിച്ച് വാങ്ങിയത് 6,155 കോടി രൂപയാണ്. സ്വകാര്യ ബാങ്കുകളും മോശമല്ല. എണ്ണത്തില്‍ കുറവുള്ള അവര്‍ പിഴ വാങ്ങിയത് 3,567 കോടി രൂപയും. 2017 മുതല്‍ 2019 വരെ എസ് ബി ഐ മാത്രം ഇങ്ങനെ 2,400 കോടി പിഴ പിരിച്ചു. ഇതില്‍ നമ്മുടെ എല്ലാം പണമുണ്ടെന്ന് ഓര്‍ക്കണം.
എന്താണ് മിനിമം ബാലന്‍സ്?
ഒരോ അക്കൗണ്ടിലും ഉടമ നിലനിര്‍ത്തിയിരിക്കേണ്ട കുറഞ്ഞ തുകയാണ് മിനിമം ബാലന്‍സ്. ഇക്കാര്യത്തില്‍ ഓരോ ബാങ്കിനും ഒരോ ചട്ടമാണ്. പൊതുമേഖലാ ബാങ്കുകളേക്കാള്‍ കൂടിയ നിരക്കാവും സ്വകാര്യ ബാങ്കുകളുടേത്. കൂടുതല്‍ പണം പിഴയായി കിട്ടാനുള്ള മാര്‍ഗമെന്ന നിലയില്‍ നഗരം, ഗ്രാമം, മെട്രോ, അര്‍ധ നഗരം എന്നിങ്ങനെ വിവിധ വിഭാഗങ്ങളായി തിരിച്ചാണ് ബാങ്കുകള്‍ ഇതിനുള്ള മാനദണ്ഡം തയ്യാറാക്കിയിരിക്കുന്നത്. 500 മുതല്‍ 10000 രൂപ വരെയാണ് ബാങ്കുകളുടെ മിനിമം ബാലന്‍സ് പരിധി.
എം എ ബി
അക്കൗണ്ടിലെ മാസ ശരാശരിയാണ് ഇവിടെ വിവക്ഷിക്കുന്നത്. ഒരോ മാസത്തിലും നിങ്ങളുടെ അക്കൗണ്ടില്‍ സൂക്ഷിക്കേണ്ട ചുരുങ്ങിയ തുക. ഒരോ മാസാവസാനവും നിങ്ങളുടെ അക്കൗണ്ട് പരിശോധിച്ചാവും ഇത് കണക്കാക്കുക. എന്നിട്ട് ബാങ്ക് നിഷ്‌കര്‍ഷിക്കുന്ന തുകയില്‍ താഴെ പോകുന്നുവെങ്കില്‍ പിഴയൊടുക്കേണ്ടി വരും.
ചാര്‍ജ് ചെയ്യാം
'കസ്റ്റമര്‍ സര്‍വീസ് ഇന്‍ ബാങ്ക്‌സ്' എന്ന സര്‍ക്കുലറില്‍ ആര്‍ ബി ഐ ബാങ്കുകള്‍ക്ക് ഇക്കാര്യത്തില്‍ സര്‍വീസ് ചാര്‍ജ് ഏര്‍പ്പെടുത്താമെന്ന് പറയുന്നുണ്ട്. എന്നാല്‍ ഇത്തരം തുകകള്‍ റീസണബിള്‍ ആയിരിക്കണമെന്നും പറയുന്നു. പൊതു-സ്വകാര്യ ബാങ്കുകള്‍ മത്സരിച്ചാണ് ഇത് ചെയ്യുന്നത്. സമ്മര്‍ദം ഭയന്ന് പൊതുമേഖലാ ബാങ്കുകള്‍ പലപ്പോഴും ചെറിയ തുകയാണ് പിഴയായി ഈടാക്കാറുള്ളതെങ്കിലും സ്വകാര്യബാങ്കുകള്‍ അങ്ങനെയല്ല.
100+5 രൂപ
ഉദാഹരണത്തിന് ഐ സി ഐ സി ഐ ബാങ്കിന് മെട്രോ- നഗര ബ്രാഞ്ചുകളില്‍ 10,000 രൂപയാണ് ഈ പരിധി. അര്‍ധ നഗരങ്ങളിലും ഗ്രാമങ്ങളിലും ഇത് 5,000 രൂപയാണ്. ഈ പരിധി സൂക്ഷിച്ചില്ലെങ്കില്‍ പിഴയൊടുക്കേണ്ടി വരും. 'മിനിമം മന്തിലി ആവറേജി'ല്‍ നിന്ന് എത്ര തുകയാണോ കുറഞ്ഞത് അതിന്റെ അഞ്ച് ശതമാനവും കൂടാതെ 100 രൂപയുമാണ് ഇവിടെ പിഴയായി ഈടാക്കുക.
44 കോടി അക്കൗണ്ട്
രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ എസ് ബി ഐ യുടെ മിനിമം ബാലന്‍സ് ഗ്രാമങ്ങളില്‍ 1,000 രൂപയും മെട്രോ നഗരങ്ങളിലും നഗരങ്ങളിലും 3,000 രൂപയും അര്‍ധ നഗരങ്ങളില്‍ 2,000 രൂപയുമാണ്. 44 കോടി സേവിംഗ്‌സ് അക്കൗണ്ടുകളാണ് എസ് ബി ഐ യ്ക്കുള്ളത്. രാജ്യത്തെ മറ്റൊരു സ്വകാര്യ ബാങ്കായ എച്ച ഡി എഫ് സി യ്ക്ക് നഗരങ്ങളില്‍ 10,000 രൂപയും അര്‍ധ നഗരങ്ങളില്‍ 5,000 രൂപയുമാണ് ( ആവറേജ് മന്ത്ലി ബാലന്‍സ്). നഗര പ്രദേശത്തെ ബ്രാഞ്ച് അക്കൗണ്ടില്‍ എ എം ബി 2,500 രൂപയില്‍ താഴെയാണെങ്കില്‍ 600 രൂപ പിഴയായി ബാങ്ക് ഈടാക്കും. ശരാശരി മാസബാക്കി 7500 നും 10000 നും ഇടയിലാണ എങ്കില്‍ 150 രൂപയാണ് ചാര്‍ജായി ഈടാക്കുക. 5,000 - 7,500 ആണെങ്കില്‍ 300, 2,500-5,000 ആണെങ്കില്‍ 450 എന്നിവയാണ് പിഴ. അര്‍ധനഗരത്തിലാണെങ്കില്‍ എ എം ബി 2,500 ല്‍ താഴെ പോയാല്‍ 300 രൂപ നല്‍കണം. ഗ്രാമീണ ബ്രാഞ്ചുകളിലാണെങ്കില്‍ മൂന്ന് മാസം എ എം ബി 1,000-2,500 ആണെങ്കില്‍ 270 രൂപ. 1,000 ല്‍ താഴെയാണെങ്കില്‍ 450 രൂപ.