പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ എന്നാലെന്ത്?
നിക്ഷേപത്തിനായി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ ഉപയോഗിക്കുന്ന പണം ഓഹരി വിപണിയില്‍ വ്യാപാരത്തിന് ഉപയോഗിക്കുന്നില്ല.
പ്രൈവറ്റ് ഇക്വിറ്റി (പി ഇ) ഫണ്ടുകള്‍ ഒരു കമ്പനിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നവരാണ്. ഇത് കമ്പനികളോ, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്നര്‍ഷിപ്പോ...
പ്രൈവറ്റ് ഇക്വിറ്റി (പി ഇ) ഫണ്ടുകള്‍ ഒരു കമ്പനിയില്‍ നേരിട്ട് നിക്ഷേപം നടത്തുന്നവരാണ്. ഇത് കമ്പനികളോ, ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്നര്‍ഷിപ്പോ (limited liability partnership) ആവാം. അവര്‍ക്ക് ഭൂരിപക്ഷ ഓഹരികള്‍ ലഭിക്കുന്ന സാഹചര്യത്തില്‍ കമ്പനികളെ അവര്‍ മൊത്തമായി ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി (restructuring) അവയെ ലാഭകരമാക്കുകയും, അതിനു ശേഷം അവരുടെ ഓഹരികള്‍ വിറ്റ് ലാഭമെടുക്കുകയുമാണ് പി ഇ ഫണ്ടുകള്‍ ചെയ്യുന്നത്.
നിക്ഷേപത്തിനായി പ്രൈവറ്റ് ഇക്വിറ്റി ഫണ്ടുകള്‍ ഉപയോഗിക്കുന്ന പണം ഓഹരി വിപണിയില്‍ വ്യാപാരത്തിന് ഉപയോഗിക്കുന്നില്ല. പൊതുവായി, പി ഇ ഫണ്ടുകളില്‍ വ്യക്തിഗത നിക്ഷേപങ്ങള്‍ അനുവദിക്കാറില്ല. ഉയര്‍ന്ന മൂല്യമുള്ള വ്യക്തികളില്‍ നിന്നും (HNI), ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നും നിക്ഷേപത്തിനായുള്ള പണം കണ്ടെത്തുന്നു. ഇത് കമ്പനികളിലെ ദീര്‍ഘകാല നിക്ഷേപമായി കണക്കാക്കാം. ഇത്തരം ഫണ്ടുകളുടെ കാലാവധി 5 മുതല്‍ 10 വര്‍ഷം വരെയാവാം. ഓരോ വര്‍ഷവും കാലാവധി പുതുക്കാനുള്ള അവസരവുമുണ്ടാകും.
പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനത്തില്‍ പ്രൊഫഷണലുകളുടെ ഒരു സംഘം ഫണ്ടുകള്‍ ശേഖരിക്കുകയും, നിക്ഷേപിക്കുകയും, നിയന്ത്രിക്കുകയും ചെയ്യുന്നു. ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കാനുള്ള മികച്ച അവസരമാണ് ഇവ നല്‍കുന്നത്. പിഇ സ്ഥാപനങ്ങള്‍ ഫണ്ട് കണ്ടെത്തുന്നത് പ്രധാനമായും ഇന്‍സ്റ്റിറ്റിയൂഷനല്‍ ഇന്‍വെസ്റ്റേഴ്സിന്റെയും എച്ച്്എന്‍ഐ (HNI) കളുടെയും കൈയില്‍ നിന്നാണ്.
എന്നാല്‍ പി ഇ ഫണ്ട് ഉപയോഗിക്കുന്ന കമ്പനികളുടെ മൂല്യനിര്‍ണയം (valuation) ബുദ്ധിമുട്ടാണ്. പി ഇ ഫണ്ടുകള്‍ക്ക് കമ്പനിയില്‍ നിന്നും പുറത്തുകടക്കണമെങ്കില്‍ മറ്റൊരു നിക്ഷേപകനെ കണ്ടെത്തേണ്ടതുണ്ട്. ഇത് സമയമെടുക്കുന്ന പ്രക്രിയയാണ്. ഓഹരികളുടെ വിലനിര്‍ണയവും അത്ര എളുപ്പമല്ല. ഇതാണ് പി ഇ ഫണ്ടുകളുടെ പ്രധാന അസൗകര്യങ്ങള്‍. ഇവര്‍ പ്രധാനമായും 5 തരത്തിലാണ് നിക്ഷേപങ്ങള്‍ നടത്തുന്നത്.
- ഡിസ്ട്രസ് ഫണ്ടിംഗ് (Distress Funding) : തകര്‍ച്ചയിലേക്ക് നീങ്ങുന്ന സ്ഥാപനത്തെ ഏറ്റെടുത്ത്, അതിന്റെ പ്രവര്‍ത്തന രീതികള്‍ മാറ്റി, മാനേജ്മെന്റ് സംവിധാനം അഴിച്ചു പണിത്, ലാഭത്തിലാക്കുന്ന നിക്ഷേപമാണ് ഇത്. പൂര്‍ണമായും തകര്‍ന്ന കമ്പനികളെ വാങ്ങി പൊളിച്ചു വില്‍ക്കുന്നതും ഇതിന്റെ ഭാഗമായി വരാം. ഇവിടെ അവശേഷിക്കുന്ന ആസ്തികള്‍ വിറ്റ് കമ്പനികളുടെ കടങ്ങള്‍ തീര്‍ക്കുകയും, ലാഭമെടുക്കുകയും ചെയ്യുന്നു.
- ലിവറേജ്ഡ് ബൈഔട്ടസ് (Leveraged Buyoust) : ഇതാണ് ഏറ്റവും പ്രധാനപ്പെട്ട ഫണ്ടിംഗ് രീതി. ഒരു കമ്പനിയെ മൊത്തമായി ഏറ്റെടുത്ത്, അതിന്റെ മാനേജ്മെന്റ് സംവിധാനങ്ങള്‍
അഴിച്ചുപണിത്, പ്രവര്‍ത്തനരീതി മാറ്റി അതിനെ ലാഭത്തിലാക്കുകയും, അതിനു ശേഷം ഐപിഒ നടത്തി പിഇ സ്ഥാപനം അവരുടെ ഓഹരി ലാഭത്തില്‍ വിറ്റ് മടങ്ങുകയും ചെയ്യും. - റിയല്‍ എസ്‌റ്റേറ്റ് പിഇ (Real Estate PE) : വമ്പന്‍ വാണിജ്യ റിയല്‍ എസ്റ്റേറ്റ് സംരംഭങ്ങളിലും, ആര്‍ഇഐടി (Real Estate Investment Trust) കളിലുമാണ് പിഇ കള്‍ നിക്ഷേപിക്കുന്നത്.
- ഫണ്ട് ഓഫ് ഫണ്ട്‌സ് (Fund of Funsd) : മ്യൂച്ചല്‍ ഫണ്ടുകളും, ഹെഡ്ജ് ഫണ്ടുകളും അടങ്ങുന്ന മറ്റു
ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിനെയാണ് ഫണ്ട് ഓഫ് ഫണ്ട്‌സ് എന്നു പറയുന്നത്. - വെഞ്ച്വര്‍ ക്യാപിറ്റല്‍ (Venture Capital) : വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടിംഗ് എന്നത് ഒരു തരത്തിലുള്ള പിഇ ഫണ്ടിംഗ് തന്നെയാണ്. ഇത് ഒരു വ്യവസായ സംരംഭത്തിന്റെ തുടക്കം (പ്രത്യേകിച്ച് സ്റ്റാര്‍ട്ട് അപ്പുകള്‍, നവസംരംഭങ്ങള്‍) മുതലുള്ള ഫണ്ടിംഗ് ഇതില്‍ ഉള്‍പ്പെടുന്നു.
പിഇ സ്ഥാപനങ്ങള്‍ സാധാരണയായി വിപണിയില്‍ ലിസ്റ്റ് ചെയ്തിട്ടില്ലാത്ത കമ്പനിയിലാണ് നിക്ഷേപിക്കുന്നത്. അവര്‍ കമ്പനിയുടെ നിയന്ത്രണം പൂര്‍ണമായി ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നു. എങ്കില്‍ മാത്രമേ ഏറ്റെടുക്കുന്ന കമ്പനിയുടെ പുനസംഘടന സാധ്യമാവുകയുള്ളൂ. പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞ, എന്നാല്‍ ലാഭത്തിലല്ലാത്ത, കമ്പനികളെയായിരിക്കും അവര്‍ ഏറ്റെടുക്കുക. പല തരത്തിലുള്ള സ്ഥാപനപരമായ ദൗര്‍ബല്യങ്ങള്‍ കാരണം അത്തരം കമ്പനികള്‍ക്ക് ലാഭത്തിലേക്കെത്താന്‍ സാധിക്കാതെ വരും. വിസി ഫണ്ട്സ് സ്റ്റാര്‍ട്ടപ്പുകളെയും, ഉയര്‍ന്ന വളര്‍ച്ചാസാധ്യത പ്രതീക്ഷിക്കുന്ന കമ്പനികളെയുമാണ് ലക്ഷ്യം വയ്ക്കുന്നത്.
പിഇ സ്ഥാപനങ്ങള്‍ ഒരു കമ്പനിയുടെ 100% ഓഹരികളും ഏറ്റെടുക്കാന്‍ താല്‍പര്യപ്പെടുന്നു. എന്നാല്‍ വിസി ഫണ്ടുകള്‍ 50% ത്തില്‍ അധികം ഓഹരി വാങ്ങാറില്ല. കാരണം, സ്റ്റാര്‍ട്ടപ്പുകളില്‍ പരാജയ സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ അവര്‍ പല സ്റ്റാര്‍ട്ടപ്പുകളിലായി പണം മാറി മാറി നിക്ഷേപിച്ചിരിക്കും. ഒരു സ്ഥാപനം തകര്‍ന്നാലും, അവരുടെ ഫണ്ട് പൂര്‍ണമായും നഷ്ടപ്പെടാതിരിക്കാനാണിത്.