ഇന്ററസ്റ്റ് റേറ്റ് സ്വാപ് (IRS) എന്നാല്‍ എന്ത്?
പലിശനിരക്കിലെ വ്യതിയാനങ്ങള്‍ ഒരു സ്ഥാപനത്തിന്റെ ലാഭത്തെ ബാധിക്കാതിരിക്കാന്‍ അവയെ മറ്റൊരു പലിശ നിരക്കുമായി വെച്ചുമാറുന്ന രീതിയാണ് ഇന്ററസ്റ്റ് റേറ്റ് സ്വാപ്.
പലിശനിരക്കിലെ വ്യതിയാനങ്ങള്‍ ഒരു സ്ഥാപനത്തിന്റെ ലാഭത്തെ ബാധിക്കാതിരിക്കാന്‍ അവയെ മറ്റൊരു പലിശ നിരക്കുമായി വെച്ചുമാറുന്ന രീതിയാണ്...
പലിശനിരക്കിലെ വ്യതിയാനങ്ങള്‍ ഒരു സ്ഥാപനത്തിന്റെ ലാഭത്തെ ബാധിക്കാതിരിക്കാന്‍ അവയെ മറ്റൊരു പലിശ നിരക്കുമായി വെച്ചുമാറുന്ന രീതിയാണ് ഇന്ററസ്റ്റ് റേറ്റ് സ്വാപ്. ഇത് ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കാം. ബാങ്ക് A എന്നും ബാങ്ക് B എന്നും രണ്ട് ബാങ്കുകളെ പരിഗണിക്കാം. ബാങ്ക് A ഏറ്റവും കൂടുതലായി വിപണിയില്‍ വിറ്റിരിക്കുന്നത് ഫിക്സഡ് റേറ്റിലുള്ള ലോണുകളാണ്.
അപ്പോള്‍ ബാങ്ക് A യ്ക്ക് ഏറ്റവുമധികം വരുമാനം നല്‍കുന്നത് ഫിക്സഡ് റേറ്റ് വായ്പകളാണ്. പലിശനിരക്ക് ഭാവിയില്‍ ഉയരാന്‍ സാധ്യതയുണ്ടെന്ന കണക്കുകൂട്ടലില്‍ അവര്‍ ഫ്ലോട്ടിങിലേക്ക് മാറാന്‍ ആഗ്രഹിക്കുന്നു. അവരുടെ കൈയില്‍ ഒരുകോടി രൂപയുടെ വായ്പകളുണ്ടെന്ന് കരുതുക. അവര്‍ക്ക് ഇപ്പോള്‍ വിപണിയില്‍ നിന്ന് ലഭിക്കുന്നത് 5% പലിശ നിരക്കാണ്.
ബാങ്ക് B വിപണിയില്‍ വിറ്റിരിക്കുന്നത് ഫ്ലോട്ടിങ്റേറ്റ് വായ്പകളാണ്. 5% പലിശനിരക്കാണ് അവര്‍ക്കും ലഭിക്കുന്നത്. അവരുടെ പ്രശ്‌നം ഭാവിയില്‍ പലിശനിരക്ക് കുറഞ്ഞാല്‍ ഇപ്പോള്‍ ലഭിക്കുന്ന ലാഭം നിലനിര്‍ത്താന്‍ സാധിക്കില്ല എന്നതാണ്. അതിനായി അവര്‍ക്ക് ഫിക്സഡ് റേറ്റ് സംവിധാനത്തിലേക്ക് മാറാന്‍ ആഗ്രഹമുണ്ട്. രണ്ടു ബാങ്കുകളും വിപണിയിലേക്ക് വന്ന് ഇന്ററസ്റ്റ് റേറ്റ് സ്വാപ് വാങ്ങാന്‍ തീരുമാനിക്കുന്നു.
ബാങ്ക് A, ബാങ്ക് Bയ്ക്ക് 5% ഫിക്സഡ് റേറ്റ് ഓഫര്‍ ചെയ്യുന്നു. പകരം ബാങ്ക് B, ബാങ്ക് A യ്ക്ക് LIBOR+1% ഫ്ലോട്ടിങ്റേറ്റ് ഓഫര്‍ ചെയ്യുന്നു (LIBOR അന്താരാഷ്ട്ര വിനിമയ നിരക്കാണ്- London Inter Bank Offered Rate). ഈ ഇടപാട് നടക്കുമ്പോള്‍ LIBOR 4% ആണെന്ന് കരുതുക. അപ്പോള്‍ ഫലത്തില്‍ ബാങ്ക് A യ്ക്കും 5% പലിശ ഫ്ലോട്ടിങ്റേറ്റില്‍ ലഭിക്കും. രണ്ടു സ്ഥാപനങ്ങളും ഓരോ കോടി രൂപയുടെ ലോണുകളില്‍ നിന്നുള്ള
പലിശയാണ് ഇത്തരത്തില്‍ സ്വാപ് (വെച്ചുമാറുക) ചെയ്യുന്നത്.
ഒരു വര്‍ഷത്തേക്കോ, 6 മാസത്തേക്കോ, 3 മാസത്തേക്കോ കരാറില്‍ ഏര്‍പ്പെടാം. യഥാര്‍ത്ഥത്തില്‍ ബാങ്കുകള്‍ വായ്പകളോ, അവയുടെ തിരിച്ചടവുകളോ പരസ്പരം വെച്ചുമാറുന്നില്ല. അവരുടെ പലിശ വരുമാനത്തിലുണ്ടാകുന്ന അന്തരം കാലാവധി കഴിയുമ്പോള്‍ കൊടുത്തു തീര്‍ക്കുകയാണ് ചെയ്യുന്നത്. ഇവിടെ ഒരു വര്‍ഷത്തെ
കരാറാണെന്നു കരുതാം. കരാര്‍ ഒപ്പിട്ട ഉടന്‍തന്നെ LIBOR നിരക്ക് 5.25% ആയി ഉയര്‍ന്നു എന്നു കരുതുക. ഒരു വര്‍ഷം കഴിയുമ്പോള്‍ ബാങ്ക് B, ബാങ്ക് A യ്ക്ക് 6.25% (5.25+1) പലിശ നല്‍കേണ്ടതാണ്. അതായത്, 6,25,000/- രൂപ.
ബാങ്ക് A ബാങ്ക് B യ്ക്ക് 5% നിരക്കില്‍ 5,00,000/- രൂപ നല്‍കേണ്ടതുണ്ട്. സ്വാപ് കരാറനുസരിച്ച് ബാങ്ക് Aയ്ക്ക് പലിശ നിരക്കിലെ വ്യത്യാസമായ 1,25,000 രൂപ ബാങ്ക് B നല്‍കിയാല്‍ മതി. ബാങ്ക് A യ്ക്ക് നേട്ടമുണ്ടായി, ബാങ്ക് B യ്ക്ക് നഷ്ടവും. ഇനി മറിച്ചാണ് സംഭവിക്കുന്നതെന്നു കരുതുക. LIBOR നിരക്ക് 3.75% ആയി കുറഞ്ഞു എന്നിരിക്കട്ടെ. ഒരു വര്‍ഷം കഴിയുമ്പോള്‍ ബാങ്ക് B നല്‍കേണ്ടത് 4.75% പലിശയാണ് (LIBOR+1%). അതായത്, 4,75,000 രൂപ ബാങ്ക് A യ്ക്ക് ബാങ്ക് B നല്‍കണം.
ബാങ്ക് A തിരികെ നല്‍കേണ്ടത് 5,00,000 രൂപയാണ് (അവിടെ മാറ്റമുണ്ടാകുന്നില്ല, കാരണം അത് ഫിക്സഡ് റേറ്റ് ആണ്). പലിശ നിരക്കിലെ വ്യത്യാസമായ 25,000 രൂപ ബാങ്ക് A, ബാങ്ക് Bയ്ക്ക് നല്‍കണം. ഇവിടെ ബാങ്ക് Bയ്ക്ക് നേട്ടമുണ്ടായി, ബാങ്ക് A യ്ക്ക് നഷ്ടവും. ഇങ്ങനെയാണ് ഈ പണ ഉപകരണം വിപണിയില്‍ പ്രവര്‍ത്തിക്കുന്നത്.