കൊളാറ്ററലൈസ്ഡ് ഡെറ്റ് ഒബ്ലിഗേഷന്‍ എന്നാല്‍ എന്ത്?
സി ഡി ഒ എന്നത് വളരെ സങ്കീര്‍ണമായ ഒരു സാമ്പത്തിക ഉപകരണമാണ്.
കൊളാറ്ററലൈസ്ഡ് ഡെറ്റ് ഒബ്ലിഗേഷന്‍ അഥവാ സി ഡി ഒ (Collateralized Debt Obligations) എന്നത് വളരെ സങ്കീര്‍ണമായ ഒരു സാമ്പത്തിക ഉപകരണമാണ്. ഇതൊരു ഡെറിവേറ്റീവ് ആണ്....
കൊളാറ്ററലൈസ്ഡ് ഡെറ്റ് ഒബ്ലിഗേഷന്‍ അഥവാ സി ഡി ഒ (Collateralized Debt Obligations) എന്നത് വളരെ സങ്കീര്‍ണമായ ഒരു സാമ്പത്തിക ഉപകരണമാണ്. ഇതൊരു ഡെറിവേറ്റീവ് ആണ്. ഇതിന്റെ മൂല്യം നിലനില്‍ക്കുന്നത് വിപണിയിലുള്ള വായ്പകളുടെയും ബോണ്ടുകളുടെയും സമാനമായ ഉല്‍പ്പന്നങ്ങളുടെയും അടിത്തറയിലാണ്. ഓരോ തരം വായ്പകളും ഓരോ തരം സി ഡി ഒ കളായി മാറ്റാവുന്നതാണ്.
സി ഡി ഒ കളുടെ മൂല്യം നിര്‍ണയിക്കുന്ന അടിസ്ഥാന വസ്തു (Underlying Asset) കൃത്യമായ തിരിച്ചടവ് നടക്കുന്നതും, ലാഭം ഉല്‍പ്പാദിപ്പിക്കുന്നതുമായ ഒരു കൂട്ടം വായ്പകളാണ്. ഈ വായ്പാ തിരിച്ചടവിന്റെ താളം തെറ്റിയാല്‍ സി ഡി ഒ കളുടെ വിലയിടിയും.
ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന വായ്പകളെ ( ഉദാഹരണത്തിന് ഭവനവായ്പകള്‍, വാഹന വായ്പകള്‍, കോര്‍പ്പറേറ്റ് വായ്പകള്‍, ക്രെഡിറ്റ് കാര്‍ഡ് വായ്പകള്‍, ഉയര്‍ന്ന പലിശ നിരക്കുള്ള ബോണ്ടുകള്‍) പ്രത്യേകം പ്രത്യേകം ഉല്‍പ്പന്നങ്ങളാക്കി മാറ്റി വിപണിയില്‍ വില്‍ക്കുന്നത് 2003-2004 കാലഘട്ടത്തില്‍ അമേരിക്കയില്‍ ലാഭകരമായ വ്യാപാരമായിരുന്നു. അമേരിക്കന്‍ റിയല്‍ എസ്റ്റേറ്റ് മേഖല കുതിച്ചുകയറിയ സമയത്ത് അവര്‍ക്കു നല്‍കിയ വായ്പകളെ വളരെ ലാഭകരമായ സി ഡി ഒ കളാക്കി മാറ്റി വില്‍ക്കാന്‍ ബാങ്കുകള്‍ക്കു കഴിഞ്ഞു. എന്നാല്‍ ഉയര്‍ന്ന പലിശയ്ക്കു നല്‍കിയ ഭവനവായ്പകളുടെ തിരിച്ചടവ് മുടങ്ങിയപ്പോള്‍, അതിനോട് ബന്ധപ്പെട്ട സി ഡി ഒ കളുടെയും വിലയിടിഞ്ഞു.
2007-2009 കാലത്താണ് സബ്-പ്രൈം പ്രതിസന്ധി എന്നറിയപ്പെടുന്ന ഈ തകര്‍ച്ച സംഭവിച്ചത്. എന്നാല്‍ ഇപ്പോഴും അമേരിക്കന്‍ വിപണിയില്‍ സി ഡി ഒ കള്‍ പ്രചാരത്തിലുണ്ട്. രണ്ടുതരത്തില്‍ ഈ ഉല്‍പ്പന്നം വിപണിയെ സഹായിക്കുന്നുണ്ട്. ഒന്ന് ബാങ്ക് വായ്പകള്‍ സി ഡി ഒ കളുടെ രൂപത്തില്‍ വിപണിയില്‍ വില്‍ക്കുമ്പോള്‍, ബാങ്കുകള്‍ക്ക് വായ്പാ തുക ഉടന്‍ തിരികെ ലഭിക്കുന്നു. ഇങ്ങനെ ബാങ്കുകള്‍ക്ക് വായ്പാ തിരിച്ചടവിന്റെ 'risk' നെ മറികടക്കാന്‍ കഴിയും. രണ്ട്, തിരികെ ലഭിക്കുന്ന തുക ബാങ്കുകള്‍ക്ക് വീണ്ടും പുതിയ വായ്പകളായി വിപണിയിലേക്ക് നല്‍കാന്‍ കഴിയും. ഇതിലൂടെ ബാങ്കുകളിലെ പണത്തിന്റെ ഒഴുക്കും (Liquidity), ലാഭവും വര്‍ധിക്കുന്നു.