സ്വര്‍ണ നിക്ഷേപത്തിന് ഇജിആര്‍; സുതാര്യമാകുമോ സ്വര്‍ണ വില?

  സ്വര്‍ണത്തെ വൈകാരിക നിക്ഷേപമായി കാണുന്ന ഇന്ത്യക്കാര്‍ ആഭരണമായാണ് കൂടുതലും സൂക്ഷിക്കാറ്. പക്ഷേ, റിസ്‌ക് സാധ്യതകള്‍ കൂടുതലാണ്. അവിടെയാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നീ നിക്ഷേപ ഓപ്ഷനുകളുടെ പ്രാധാന്യം. ഈ ഗണത്തിലേക്കാണ് ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റിന്റെ (ഇജിആര്‍) വരവ്. സ്റ്റോക് എക്സ്ചേഞ്ചായ ബിഎസ്ഇ യുടെ പ്ലാറ്റ്ഫോമില്‍ ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത് വ്യാപാരത്തിലാണ് ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ്് അവതരിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന്റെ വിലയില്‍ സുതാര്യതയും, കാര്യക്ഷമതയും ഉറപ്പാക്കാന്‍ […]

Update: 2022-10-26 22:45 GMT

 

സ്വര്‍ണത്തെ വൈകാരിക നിക്ഷേപമായി കാണുന്ന ഇന്ത്യക്കാര്‍ ആഭരണമായാണ് കൂടുതലും സൂക്ഷിക്കാറ്. പക്ഷേ, റിസ്‌ക് സാധ്യതകള്‍ കൂടുതലാണ്. അവിടെയാണ് ഗോള്‍ഡ് എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ട്, സോവറിന്‍ ഗോള്‍ഡ് ബോണ്ട് എന്നീ നിക്ഷേപ ഓപ്ഷനുകളുടെ പ്രാധാന്യം. ഈ ഗണത്തിലേക്കാണ് ഇലക്ട്രോണിക് ഗോള്‍ഡ് റസീപ്റ്റിന്റെ (ഇജിആര്‍) വരവ്. സ്റ്റോക് എക്സ്ചേഞ്ചായ ബിഎസ്ഇ യുടെ പ്ലാറ്റ്ഫോമില്‍ ദീപാവലിയോടനുബന്ധിച്ചുള്ള മുഹൂര്‍ത്ത് വ്യാപാരത്തിലാണ് ഇലക്ട്രോണിക് ഗോള്‍ഡ് റസീറ്റ്് അവതരിപ്പിച്ചത്. ലോകത്തിലെ രണ്ടാമത്തെ സ്വര്‍ണ ഉപഭോക്താവായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന്റെ വിലയില്‍ സുതാര്യതയും, കാര്യക്ഷമതയും ഉറപ്പാക്കാന്‍ ഇതുവഴി സാധിക്കുമെന്നാണ് പൊതുവേയുള്ള അഭിപ്രായം. കഴിഞ്ഞ മാസം സെബിയില്‍ നിന്നും ഇജിആര്‍ അവതരിപ്പിക്കാനുള്ള അനുമതി ബിഎസ്ഇക്ക് ലഭിച്ചിരുന്നു.

ഇന്ത്യക്കാര്‍ നിക്ഷേപത്തിനുള്ള മികച്ച സമയമായി പരിഗണിക്കുന്ന മുഹൂര്‍ത്ത് വ്യാപാരത്തിലാണ് ഇന്ത്യയില്‍ ആദ്യമായി ഇജിആര്‍ ബിഎസ്ഇ അവതരിപ്പിച്ചത്. ഇജിആര്‍ 995, 999 ശതമാനം എന്നിങ്ങനെ രണ്ട് ശുദ്ധത മാനദണ്ഡങ്ങളിലാണ് അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകര്‍ക്ക് ഒരു ഗ്രാമിന്റെ ഗുണിതങ്ങളായി നിക്ഷേപം നടത്താം. ഇജിആര്‍ നടപ്പിലാക്കുന്നതിലൂടെ നിലവില്‍ ആഗോള തലത്തില്‍ സ്വര്‍ണ വിലയില്‍ കാര്യമായ ഇടപെടലൊന്നും നടത്താന്‍ സാധിക്കാത്ത ഇന്ത്യക്ക് സുതാര്യമായ ആഭ്യന്തര സ്പോട്ട് പ്രൈസ് ഡിസ്‌കവറി മെക്കാനിസം നടപ്പിലാക്കാം. നിലവിലെ സ്വര്‍ണ വിപണിയിലെ പോരായ്മകള്‍ പരിഹരിക്കാന്‍ ഇത് സഹായിക്കും. കൂടാതെ സ്വര്‍ണത്തിന്റെ ഗുണമേന്മ, ഇടപാടിലെ സുതാര്യത എന്നിവയും ഉറപ്പാക്കാന്‍ സാധിക്കും എന്നിങ്ങനെയാണ് നിക്ഷേപ ലോകത്തു നിന്നുള്ള വിലയിരുത്തലുകള്‍.

എങ്ങനെ വ്യാപാരം നടത്താം

സ്വര്‍ണത്തില്‍ നിക്ഷേപം നടത്താനാഗ്രഹിക്കുന്നവര്‍ക്ക് ഓഹരി വ്യാപാരം പോലെ തന്നെ ഇജിആര്‍ ട്രേഡിംഗും നടത്താം. ഓഹരി നിക്ഷേപത്തിന് ആദ്യം വേണ്ടത് ഡിമാറ്റ് ആക്കൗണ്ടാണ്. ഇജിആര്‍ ഇടപാടുകള്‍ക്കും ഡിമാറ്റ് അക്കൗണ്ട് ആദ്യം ആരംഭിക്കണം. നിലവില്‍ ഡിമാറ്റ് അക്കൗണ്ടുള്ളവര്‍ക്ക് അതുവഴി ഇടപാടുകള്‍ നടത്താം. അതിലേക്കാണ് സ്വര്‍ണം ആദ്യം എത്തുന്നത്. ഗോള്‍ഡ് ഇടിഎഫില്‍ സ്വര്‍ണം ഒരു ഫണ്ടിലെ യൂണിറ്റുകളായാണ് വാങ്ങുന്നതെങ്കില്‍ ഇജിആറില്‍ ഫിസ്‌ക്കല്‍ രൂപത്തിലാണ് സ്വര്‍ണം വാങ്ങുന്നത്. ഇങ്ങനെ ഫിസിക്കല്‍ രൂപത്തില്‍ നിക്ഷേപകന്‍ വാങ്ങുന്ന സ്വര്‍ണം നിക്ഷേപ കേന്ദ്രങ്ങളില്‍ (ഢമൗഹെേ) സൂക്ഷിക്കും. ഈ കേന്ദ്രങ്ങള്‍ക്ക് ഓരോ മാനേജര്‍മാരുണ്ട്. അവരാണ് ഈ കേന്ദ്രങ്ങള്‍ നിയന്ത്രിക്കുന്നത്. ഈ മാനേജര്‍മാരെ നിയമിക്കുന്നത് ഇജിആര്‍ ആണ്.

സ്വര്‍ണം എങ്ങനെ വിതരണം ചെയ്യും

നിക്ഷേപകന്‍ ഒരു ഗ്രാമിന്റെ ഗുണിതങ്ങളായി വാങ്ങുന്ന സ്വര്‍ണം 10 ഗ്രാം, 100 ഗ്രാം എന്നിങ്ങനെയാണ് ഫിസിക്കല്‍ രൂപത്തില്‍ വിതരണം ചെയ്യുന്നത്. പത്ത് ഗ്രാം സ്വര്‍ണമാണെങ്കില്‍ അത് കോയിന്‍, ബാര്‍ തുടങ്ങിയവായി നിക്ഷേപകന് സ്വീകരിക്കാം. നൂറ് ഗ്രാം ആണെങ്കില്‍ ബാര്‍ ആയി മാത്രമേ ലഭിക്കു. ഈ സ്വര്‍ണം വിതരണം ചെയ്യുന്നതിന് രാജ്യത്ത് 22 കേന്ദ്രങ്ങളാണുള്ളത്. ബ്രിങ്ക്സ് ഇന്ത്യ, സെക്വല്‍ ലോജിസ്റ്റിക്സ് എന്നീ ഏജന്‍സികളാണ് സ്വര്‍ണത്തിന്റെ വിതരണം നടത്തുന്നത്. വിപണിയിലെ എല്ലാ പങ്കാളികള്‍ക്കും ഇജിആര്‍ വ്യാപാരത്തിലും പങ്കെടുക്കാം. അതായത് ഓഹരി വിപണിയിലെ വാങ്ങല്‍, വില്‍പ്പന പ്ര്കിയയില്‍ പങ്കാളികളാകുന്നവര്‍, നിക്ഷേപകര്‍, ഇറക്കുമതിക്കാര്‍, ബാങ്കുകള്‍, റിഫൈനറികള്‍, ബുള്ളിയന്‍ വ്യാപാരികള്‍, ആഭരണ നിര്‍മാതാക്കള്‍, റീട്ടെയിലര്‍മാര്‍ എന്നിവര്‍ക്കെല്ലാം പങ്കെടുക്കാം.

മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ ഇജിആര്‍ നിക്ഷേപം തുടരുകയാണെങ്കില്‍ ഇന്‍ഡെക്സേഷനോടെ 20 ശതമാനം ദീര്‍ഘകാല മൂലധനാദായ നികുതി നല്‍കണം.
മൂന്നു വര്‍ഷത്തില്‍ താഴെയാണ് നിക്ഷേപ കാലാവധിയെങ്കില്‍ ഹ്രസ്വകാല മൂലധനാദായ നികുതി നല്‍കണം. അത് നിക്ഷേപകന്റെ നികുതി സ്ലാബിനനുസരിച്ചാണ് നിശ്ചയിക്കുന്നത്.

Similar News