2023 ല്‍ സ്വര്‍ണം എന്തുകൊണ്ട് 60,000 എന്ന റിക്കോഡിടും?

ആസ്തിയെന്ന നിലയില്‍ സ്വര്‍ണത്തില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 2023 എന്തു റിട്ടേണ്‍ നല്‍കാനാണ് സാധ്യത? ഋദ്ധി സിദ്ധി ബുള്ള്യന്‍ ലിമിറ്റഡി'( ആര്‍എസ്ബിഎല്‍) ന്റെ എംഡിയും സിഇഒയുമായ പ്രിത്വിരാജ് കോത്താരി ' മൈഫിന്‍ ഗ്ലോബലു' മായി സംസാരിക്കുന്നു.

Update: 2023-01-11 11:57 GMT


ന്താരാഷ്ട്ര മാര്‍ക്കറ്റില്‍ സ്വര്‍ണം 10 ഗ്രാമിന് 1800 ഡോളര്‍ (48,000 രൂപ) എന്ന നിലയിലാണ് 2022 തുടങ്ങിയത്. പിന്നീട് മാര്‍ച്ചില്‍ അത് 2076 ഡോളറിലേക്ക് (55,000 രൂപ) കുതിക്കുകയും ഓഗസ്റ്റില്‍ 1620 (49,000 രൂപ ) ആയി കുറയുകയും ചെയ്തു. എന്നാല്‍, ഡിസംബറില്‍ വില വീണ്ടും 1800 ഡോളര്‍ എന്ന നിലയിലേക്ക് തിരിച്ചെത്തി. സ്വര്‍ണ നിക്ഷേപത്തില്‍ ഈ വര്‍ഷം അതുവരെയുള്ള എല്ലാ നേട്ടങ്ങളും നഷ്ടങ്ങളും അങ്ങനെ റദ്ദായി. വര്‍ഷാരംഭത്തിന്റെ നിലയിലേക്ക് തന്നെ അന്തര്‍ദേശീയ വിപണിയില്‍ സ്വര്‍ണമെത്തി. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഇപ്പോള്‍ സ്വര്‍ണ വില 54,500 രൂപയ്ക്ക് അടുത്താണ്. ഇത് ഏകദേശം 15 ശതമാനം റിട്ടേണിന് തുല്യമാണ്. ഡോളറുമായുള്ള രൂപയുടെ വിനിമയത്തില്‍ ഏതാണ്ട് അതേ നിരക്കില്‍ കുറവുണ്ടായതുകൊണ്ടാണ് ഇത്.

സാമ്പത്തിക ശാസ്ത്രത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍, പണപ്പെരുപ്പം 9 ശതമാനം എത്തിയപ്പോള്‍ ഫെഡറല്‍ റിസേര്‍വ് പലിശ നിരക്കുയര്‍ത്തി. യൂറോപ്യന്‍ കേന്ദ്ര ബാങ്കും ഇതുപോലുള്ള കടുത്ത നിലപാടാണ് സ്വീകരിച്ചത്. പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഫെഡ് 4 ശതമാനമാനത്തിന് മുകളില്‍ അതായത്, 4.50 ശതമാനമാനത്തിലേക്കാണ് പലിശ നിരക്ക് ഉയര്‍ത്തിയത്. ഇതിനെ തുടര്‍ന്ന് ബോണ്ട് യീല്‍ഡും ഡോളറിന്റെ മൂല്യവും വര്‍ധിക്കുകയും ക്രിപ്‌റ്റോ കറന്‍സികള്‍ കുത്തനെ ഇടിയുകയും ചെയ്തു.

മാന്ദ്യ സാധ്യത

2023 ലേക്ക് അടുക്കുമ്പോള്‍ ഒരു സാമ്പത്തിക മാന്ദ്യത്തിന്റെ സാധ്യത വര്‍ധിക്കുകയാണ്. 2022 ഒക്ടോബറില്‍ അമേരിക്കയിലെ 27 സംസ്ഥാനങ്ങള്‍ നെഗറ്റീവ് വളര്‍ച്ചയാണ് കോയിന്‍സിഡന്റ് ഇന്‍ഡക്‌സില്‍ (സംസ്ഥാനത്തിന്റെ/ രാജ്യത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി മനസിലാക്കാന്‍ ഉതകുന്ന സ്റ്റാറ്റസ്റ്റിക് സമ്മറി) റിപ്പോര്‍ട്ട് ചെയ്തത്. ഇതാണ് മാന്ദ്യത്തിന്റെ തോത് മനസിലാക്കുവാന്‍ ഉപയോഗിക്കുന്നത്.

ഏതു സാഹചര്യമാണെങ്കിലും ഉയര്‍ന്ന പണപ്പെരുപ്പം മൂലം സമ്പദ് വ്യവസ്ഥ സ്റ്റാഗ്നേഷന്റെ (സ്തംഭനാവസ്ഥ അഥവാ വളര്‍ച്ചാ മുരടിപ്പ്) അവസ്ഥയിലാണ്. ഉയര്‍ന്ന പണപ്പെരുപ്പവും സ്തംഭനാവസ്ഥയും ചേരുമ്പോള്‍ അത് സ്റ്റാഗ്ഫ്‌ളേഷനിലേക്ക് പോകുകയും അത്തരം അവസ്ഥ സ്വര്‍ണത്തിന് പൊതുവേ അനുകൂലമാകുകയും ചെയ്യന്നു. ഇതിനെ തുടര്‍ന്നുണ്ടാകുന്ന അടുത്തഘട്ട സാമ്പത്തിക പ്രതിസന്ധിയും സ്വര്‍ണത്തിന് സാധ്യത തുറന്നിടുന്നു. ഉയര്‍ന്ന പലിശ നിരക്ക് മൂലം പൊതു-സ്വകാര്യ വായ്പകള്‍ ആകര്‍ഷകമല്ലാതെ ബാധ്യത കൂടുകയാണ്.

മുന്നേറ്റം പ്രതീക്ഷിക്കാം

2022 നവംബര്‍ മുതല്‍ സ്വര്‍ണത്തിനു മുന്നേറ്റം തുടങ്ങി. തുടര്‍ന്നും മഞ്ഞലോഹത്തിന് അനുകൂലമായ ട്രെന്‍ഡ് ആണ് ബുള്ള്യന്‍ വ്യാപാരികള്‍ പ്രിതീക്ഷിക്കുന്നത്. ഫെഡിന്റെ അടുത്ത യോഗത്തില്‍ നിരക്ക് വര്‍ധനയുടെ തോതില്‍ അല്പം ഇളവ് വരുത്തുമെന്ന ജെറോം പവലിന്റെ സൂചന സ്വര്‍ണ്ണ വിപണിക്ക് കൂടുതല്‍ അനുകൂലമാവുന്നുണ്ട്. ഇത് വിപണിയിലും മുന്നേറ്റമുണ്ടാക്കി. ചൈനയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നുവെന്ന വര്‍ത്തമാനത്തിന് പിന്നാലെ നവംബറില്‍ സ്വര്‍ണം 8 ശതമാനം ഉയര്‍ന്നു. കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതിനു ശേഷം ചൈനയുടെ സമ്പദ് വ്യവസ്ഥയില്‍ ഉണ്ടാകാവുന്ന പുരോഗതിയും ആഗോള വിപണികളില്‍ പ്രധാന കേന്ദ്ര ബാങ്കുകളുടെ പുതിയ ഘട്ട ഫണ്ടിംഗ് സാധ്യതകളും സ്വര്‍ണ്ണ വില ഭാവിയില്‍ ഉയരുന്നതിനു കാരണമാകും

അതിനാല്‍ 2022 നെ അപേക്ഷിച്ച് 2023 സ്വര്‍ണത്തിന് കൂടുതല്‍ മുന്നേറ്റമുണ്ടക്കാന്‍ കഴിയുന്ന ഒരു വര്‍ഷമായിരിക്കുമെന്നാണ് ഞാന്‍ കുരുതുന്നത്. സാമ്പത്തിക മാന്ദ്യം തുടരുന്നതിനാല്‍ ഫെഡ് 2022 ലേതു പോലെ നിരക്ക്് വര്‍ധനയുടെ കാര്യത്തില്‍ അത്ര കഠിന നിലപാട് എടുക്കില്ല. നിരിച്ച് പോക്ക് ഉണ്ടായേക്കാം. എന്നാല്‍ 23 ല്‍ പലിശനിരക്കില്‍ കുറവ് വരുത്തിയേക്കാം. പ്രത്യേകിച്ച് യുഎസിലെ തൊഴില്‍ കണക്കുകള്‍ അത്ര തന്നെ ആശ്വാസകരമല്ലാത്ത സ്ഥിതിയില്‍.

അഭ്യന്തര വിപണി അനുകൂലം

ഇനി ആഭ്യന്തര വിപണിയിലേക്ക് വന്നാല്‍, 2022 ല്‍ ഏഷ്യന്‍ കറന്‍സികളില്‍ ഡോളറിനെതിരെ ഏറ്റവുമധികം മൂല്യമിടിഞ്ഞത് രൂപയ്ക്കായിരുന്നു. ഡോളറിനെതിരെ 12 ശതമാനത്തോളമാണ് ഇടിഞ്ഞത്. ആഭ്യന്തര വിപണിയില്‍ നിന്നും, ബോണ്ട് മാര്‍ക്കറ്റില്‍ നിന്നും വന്‍ തോതില്‍ നിക്ഷേപം പിന്‍വലിച്ചതാണ് മൂല്യമിടിയുന്നതിനുള്ള പ്രധാന കാരണം. ഡോളര്‍ ശക്തി പ്രാപിച്ചതും ഒരു കാരണമാണ്.

ആഗോള പണപ്പെരുപ്പവും, സാമ്പത്തിക പ്രതിസന്ധികളും ഉയര്‍ത്തുന്ന റിസ്‌ക്ക് സാധ്യത നിലനിന്നാല്‍ 2023 ല്‍ ഡോളറിനെതിരെ രൂപ 80 -85 രൂപയില്‍ വ്യാപാരം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ ഉത്സവ കാലത്തെ ശക്തമായ ഡിമാന്‍ഡ് സ്വര്‍ണ്ണ വിലയെ പിന്തുണയ്ക്കും എന്നതിനാല്‍ ഈ വര്‍ഷം റെക്കോര്‍ഡ് വര്‍ധനയായ 10 ഗ്രാമിന് 60,000 രൂപ എന്ന നിലയിലേക്ക്എത്തും.

സാങ്കേതിക പിന്തുണയും മഞ്ഞലോഹത്തിന്




 


ടെക്‌നിക്കല്‍ ചാര്‍ട്ടുകളിലും സ്വര്‍ണത്തിന് മുന്നേറ്റമാണ് സൂചിപ്പിക്കുന്നത്. കമോഡിറ്റി എക്‌സേഞ്ച് ഡെയ്ലി ചാര്‍ട്ടില്‍ ഒരു ട്രെന്‍ഡ് റിവേഴ്‌സല്‍ കാണാം. ഇന്‍വേഴ്‌സ് ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍ പാറ്റേണും ട്രിപ്പിള്‍ ബോട്ടം പാറ്റേണും (ചാര്‍ട്ട് നോക്കുക) ഇത് തന്നെയാണ് പ്രവചിക്കുന്നത്. ഒരു ഡൗണ്‍വേര്‍ഡ് ട്രെന്‍ഡിനെ തിരിച്ച് പിടിക്കുന്നത് വെളിവാക്കുന്ന സാധാരണ ഇന്‍ഡിക്കേറ്ററാണ് ഇന്‍വേഴ്‌സ് ഹെഡ് ആന്‍ഡ് ഷോള്‍ഡര്‍ പാറ്റേണ്‍. നെക് ലൈന്‍ റസിസ്റ്റന്‍സിന് മുകളിലേക്ക് വില ചലിച്ചാല്‍, താഴേക്ക് പോകാനുളള പ്രവണത അവസാനിച്ച് തിരിച്ച് കയറുന്നതാണ് ഈ പാറ്റേണ്‍ സൂചന നല്‍കുന്നത്. ചാര്‍ട്ടില്‍ നിന്ന് വ്യക്തമാകുന്നതു പോലെ, സ്വര്‍ണവില താഴത്തെ നിലയായ 1620 (ഹെഡ്) ല്‍ മൂന്ന തവണ തൊടുന്നുണ്ട്. ഇത് ട്രിപ്പിള്‍ ബോട്ടം പാറ്റേണ്‍ ഫോര്‍മേഷനാണ്. ഇവിടെ തുടര്‍ച്ചയായ മൂന്ന് തുല്യ താഴ്ചകളാണ് സാധാരണ കാണുക. എന്നാല്‍ മൂന്നാമത്തെ താഴ്ചയില്‍ നിന്ന് തിരിച്ച് കയറി മുന്‍ പ്രതിരോധ നിലകളെ മറികടക്കുന്നു.

( സ്വര്‍ണം, വെള്ളി, പ്ലാറ്റിനം പോലുള്ള ലോഹങ്ങളുടെ ബാറുകള്‍ കോയിനുകള്‍ എന്നിവയുടെ വ്യാപാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ബുള്ള്യന്‍ ഡീലര്‍ സ്ഥാപനങ്ങളില്‍ ഒന്നാണ് ഋദ്ധി സിദ്ധി ബുള്ള്യന്‍ ലമിറ്റഡ്)


Tags:    

Similar News