ഏപ്രില്‍ മുതല്‍ സ്വര്‍ണം വാങ്ങുമ്പോള്‍ പുതിയ മാറ്റങ്ങളറിഞ്ഞിരിക്കാം

  • ബിഐഎസ് ഹാള്‍മാര്‍ക്ക് ഇല്ലാതെ വില്‍ക്കുകയാണെങ്കില്‍ മൂല്യത്തിന്റെ അഞ്ചിരട്ടി പിഴയോ ഒരു വര്‍ഷം വരെ തടവോ ലഭിക്കും.

Update: 2023-03-25 09:45 GMT

സ്വര്‍ണം വാങ്ങാന്‍ മലയാളിക്ക് സമയവും കാലവുമൊന്നുമില്ല. വിവാഹ സീസണായാലും മറ്റു ആഘോഷ സമയങ്ങളിലും സ്വര്‍ണം വാങ്ങുന്ന ശീലം കേരളത്തിലുണ്ട്. ഇതിനാല്‍ തന്നെ സ്വര്‍ണവുമായി ബന്ധപ്പെട്ട ഓരോ ചലനങ്ങളും അറിയേണ്ടതുണ്ട്. സാമ്പത്തിക വര്‍ഷ കലണ്ടര്‍ മറിയുമ്പോള്‍ സ്വര്‍ണം വാങ്ങുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം.

ഗോള്‍ഡ് ഹാള്‍മാര്‍ക്കിംഗ് നിയമങ്ങള്‍ പുതിയ സാമ്പത്തിക വര്‍ഷത്തില്‍ മാറുകയാണ്. 2023 ഏപ്രില്‍ ഒന്ന് മുതല്‍ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ആറ് അക്ക ആല്‍ഫാന്യൂമെറിക് ഐഡന്റിഫിക്കേഷന്‍ അല്ലെങ്കില്‍ ഹാള്‍മാര്‍ക്ക് യുണിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണം. ഉപഭോക്താക്കള്‍ക്ക് സ്വര്‍ണം വാങ്ങുമ്പോഴും വില്‍ക്കുമ്പോഴും പരിശുദ്ധി അറിയാന്‍ സാധിക്കുന്ന നമ്പറാണിത്. എന്താണ് യുണിക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ എന്ന് അറിയാം

എന്താണ് ഹാള്‍മാര്‍ക്കിംഗ്

യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ അറിയുന്നതിന് മുന്‍പ് ഹാള്‍മാര്‍ക്കിംഗ് അറിയണം. സ്വര്‍ണത്തിന്റെ പരിശുദ്ധി വിലയിരുത്തുന്നതിനുള്ള ഒരു മാര്‍ഗമാണ് ഗോള്‍ഡ് ഹാള്‍മാര്‍ക്കിംഗ്. സ്വര്‍ണത്തെ കൂടാതെ വെള്ളി ആഭരണങ്ങളുടെ പരിശുദ്ധി വിലയിരുത്താനും ഹാള്‍മാര്‍ക്കിംഗ് ഉപയോഗിക്കുന്നു ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സ് (ബിഐഎസ്) ആണ് ഹാള്‍മാര്‍ക്കിംഗ് നിയന്തിക്കുന്ന ഏജന്‍സി.

ഹാള്‍മാര്‍ക്കിംഗ് ഘടകങ്ങള്‍

2021 ജൂണ്‍ 16 മുതല്‍ സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയ്ക്ക് ബിഐഎസ് ഹാള്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, 2021 ജൂലൈ ഒന്ന് മുതല്‍ സ്വര്‍ണാഭരണങ്ങളിലെ ബിഐഎസ് ഹാള്‍മാര്‍ക്ക് മാര്‍ക്കില്‍ സര്‍ക്കാര്‍ മാറ്റം വരുത്തി. ബിഐഎസ് ഹാള്‍മാര്‍ക്ക് ചെയ്ത സ്വര്‍ണാഭരണങ്ങളില്‍ ബിഐഎസ് ലോഗോ, പ്യൂരിറ്റി/ഫൈന്‍നസ്, ഗ്രേഡ് 6അക്ക യുണീക്ക് എഡന്റിഫിക്കേഷന്‍ നമ്പര്‍ എന്നിവ ഉണ്ടായിരിക്കണം.

ഈ യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പറാണ് ഏപ്രില്‍ 1 മുതല്‍ നിര്‍ബന്ധമാക്കുന്നത്. ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ ഉപയോഗിച്ച് സ്വര്‍ണം ഹാള്‍മാര്‍ക്ക് ചെയ്തെന്ന് പരിശോധിക്കാം. 6 അക്ക ആള്‍ഫ ന്യൂമെറിക് കോഡാണിത്. സ്വര്‍ണാഭരങ്ങളില്‍ ഓരോന്നിനും പ്രത്യേക ഹാള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ആണ് ഉണ്ടാവുക.

ഉപഭോക്താക്കള്‍ക്കുള്ള നേട്ടങ്ങള്‍

സ്വര്‍ണഭരണത്തിന്റെ പരിശുദ്ധി സംബന്ധിച്ച് ജ്വല്ലറികള്‍ നടത്തുന്ന ക്ലെയിമുകള്‍ പരിശോധിക്കാന്‍ ഉപഭോക്താക്കളെ സഹായിക്കുക എന്നതാണ് യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ വഴി സര്‍ക്കാര്‍ ഉദ്യേശിക്കുന്നത്. സ്വര്‍ണഭരണങ്ങളില്‍ സ്റ്റാമ്പ് ചെയ്തിരിക്കുന്ന യുണീക്ക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ബിഐഎസ് കെയര്‍ ആപ്പില്‍ പരിശോധിക്കാം.

കോഡിന്റെ ആധികാരികത പരിശോധിക്കാന്‍ ഈ ആപ്പ് സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങുന്നവരെ സഹായിക്കുന്നു. ബിഐഎസ് കെയര്‍ ആപ്പില്‍ നല്‍കിയിരിക്കുന്ന വിവരങ്ങളും ജ്വല്ലറി നല്‍കുന്ന വിവരങ്ങളും തമ്മില്‍ പൊരുത്തക്കേടുണ്ടെങ്കില്‍ വ്യാജ കോഡാണെന്ന് മനസിലാക്കാം. ഒരു ജ്വല്ലറി ഒരു വ്യാജ കോഡ് സ്റ്റാമ്പ് ചെയ്തിട്ടുണ്ടെങ്കില്‍ വാങ്ങുന്നയാള്‍ക്ക് അത് പരിശോധിക്കാനും ജ്വല്ലറിക്കെതിരെ പരാതി നല്‍കാനും ഒരു മാര്‍ഗമുണ്ട്.

ഹാള്‍മാര്‍ക്ക് നിര്‍ബന്ധം

ഉപഭോക്താക്കളുടെ താല്‍പര്യം സംരക്ഷിക്കാന്‍ വില്‍പ്പന നടത്തുന്ന എല്ലാ സ്വര്‍ണങ്ങളിലും ഹാള്‍മാര്‍ക്കിംഗ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. 14, 18, 22 കാരറ്റ് സ്വര്‍ണാഭരണങ്ങള്‍ ബിഐഎസ് ഹാള്‍മാര്‍ക്ക് ഇല്ലാതെ വില്‍ക്കുകയാണെങ്കില്‍ മൂല്യത്തിന്റെ അഞ്ചിരട്ടി പിഴയോ ഒരു വര്‍ഷം വരെ തടവോ ലഭിക്കും.

Tags:    

Similar News