വിപണിയില്‍ ആശ്വാസ മുന്നേറ്റം പ്രകടമായേക്കാം

ഇന്ത്യന്‍ വിപണി ഇന്ന് ഏകീകരണ സ്വാഭാവം പ്രകടിപ്പിച്ചേക്കാം. ഒരു പക്ഷെ ആശ്വാസ മുന്നേറ്റത്തിനും സാധ്യതയുണ്ട്. നിരക്കുയര്‍ത്തല്‍ ആശങ്കകള്‍ക്ക് ഏറെക്കുറെ ശമനമുണ്ടായ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ആഗോള വിപണികളുടെയും ആഭ്യന്തര വിപണിയുടെയും സ്വഭാവവും, സാഹചര്യങ്ങളും മനസിലാക്കി തീരുമാനമെടുക്കാനാകും. അമേരിക്കന്‍ വിപണി ഫെഡ് നിരക്ക് വര്‍ദ്ധനവിനുശേഷമുള്ള രണ്ടാം ദിനവും ആഗോള സൂചനകള്‍ പ്രതീക്ഷ നല്‍കുന്നവയല്ല. ഇന്നലെ അമേരിക്കന്‍ വിപണി വന്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡിന്റെ 0.75 ശതമാനം വര്‍ദ്ധനവ് വിപണി കണക്കിലെടുത്തതാണെന്ന് കരുതിയെങ്കിലും യുഎസ് വിപണി അപ്രതീക്ഷിതമായി വീണത് മറ്റ് […]

Update: 2022-06-16 22:30 GMT

ഇന്ത്യന്‍ വിപണി ഇന്ന് ഏകീകരണ സ്വാഭാവം പ്രകടിപ്പിച്ചേക്കാം. ഒരു പക്ഷെ ആശ്വാസ മുന്നേറ്റത്തിനും സാധ്യതയുണ്ട്. നിരക്കുയര്‍ത്തല്‍ ആശങ്കകള്‍ക്ക് ഏറെക്കുറെ ശമനമുണ്ടായ സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ആഗോള വിപണികളുടെയും ആഭ്യന്തര വിപണിയുടെയും സ്വഭാവവും, സാഹചര്യങ്ങളും മനസിലാക്കി തീരുമാനമെടുക്കാനാകും.

അമേരിക്കന്‍ വിപണി
ഫെഡ് നിരക്ക് വര്‍ദ്ധനവിനുശേഷമുള്ള രണ്ടാം ദിനവും ആഗോള സൂചനകള്‍ പ്രതീക്ഷ നല്‍കുന്നവയല്ല. ഇന്നലെ അമേരിക്കന്‍ വിപണി വന്‍ നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ഫെഡിന്റെ 0.75 ശതമാനം വര്‍ദ്ധനവ് വിപണി കണക്കിലെടുത്തതാണെന്ന് കരുതിയെങ്കിലും യുഎസ് വിപണി അപ്രതീക്ഷിതമായി വീണത് മറ്റ് ആഗോള വിപണികളിലെല്ലാം ആശങ്ക ജനിപ്പിച്ചിട്ടുണ്ട്. അമേരിക്കയില്‍ ഇന്നലെ പുറത്തു വന്ന 'ഇനിഷ്യല്‍ ജോബ് ലെസ് ക്ലെയിംസ്' പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്നത് സമ്പദ്ഘടനയുടെ ദൗര്‍ബല്യം വെളിവാക്കി. ഡൗ ജോണ്‍സ് 2.42 ശതമാനവും, എസ് ആന്‍ഡ് പി 500 3.25 ശതമാനവും, നാസ്ഡാക് 4.08 ശതമാനവും ഇടിഞ്ഞു.

ഏഷ്യന്‍ വിപണികള്‍
ഏഷ്യന്‍ വിപണികളിലും ഇന്ന് രാവിലെ സമ്മിശ്ര പ്രതികരണമാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.25 ന് 0.06 ശതമാനം ഉയര്‍ച്ചയിലാണ്. ഹോംകോംഗിലെ ഹാങ്‌സെങ് സൂചിക, ചൈന എ50 എന്നിവയും ലാഭം കാണിക്കുന്നു. എന്നാല്‍, ടോക്കിയോയിലെ നിക്കി, ഷാങ്ഹായ് സൂചിക, തായ് വാന്‍ വെയിറ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നഷ്ടത്തിലാണ്. ഏഷ്യന്‍ വിപണികളെ തളര്‍ത്തുന്നത് ആഗോള മാന്ദ്യത്തെപ്പറ്റിയുള്ള ഭീതിയാണ്. കേന്ദ്ര ബാങ്കുകള്‍ ഒന്നിനു പിറകെ ഒന്നായി നിരക്കു വര്‍ദ്ധിപ്പിക്കുന്നത് വളര്‍ച്ചയ്ക്ക് തടസമാകുമെന്നുള്ള ചിന്ത നിക്ഷേപകരില്‍ പ്രബലമായി. ബാങ്ക് ഓഫ് ഇംഗ്ലണ്ടിനു പിന്നാലെ സ്വിസ് നാഷണല്‍ ബാങ്കും വ്യാഴാഴ്ച്ച നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. എന്നാല്‍, പ്രതീക്ഷയ്ക്കു വിരുദ്ധമായി ഇന്നു രാവിലെ ബാങ്ക് ഓഫ് ജപ്പാന്‍ അതിന്റെ നിരക്കുകള്‍ ഏറ്റവും താഴ്ന്ന നിലയില്‍ തന്നെ തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തീരുമാനത്തിനും നിക്കിയില്‍ വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചിട്ടില്ല.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില കുറയുകയാണ്. ആഗോള സാമ്പത്തിക വളര്‍ച്ച കുറയുന്നതിനനുസരിച്ച് ക്രൂഡോയിലിന്റെ ആവശ്യവും കുറയും. ഈ സാഹചര്യത്തിലാണ് എണ്ണയുടെ വിലയില്‍ നേരിയ കുറവു വരുന്നത്. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്‌സ് രാവിലെ എട്ടു മണിക്ക് 118.98 ഡോളറായി കുറഞ്ഞു. ഇത് തുടര്‍ന്നാല്‍ ഇന്ത്യന്‍ രൂപയ്ക്ക് ആശ്വാസമാകും. ഇന്നലെ രൂപ നേരിയ നേട്ടത്തിലാണ് ക്ലോസ് ചെയ്തത്. അതിനു കാരണം എണ്ണ വിലയില്‍ സംഭവിക്കുന്ന ഇടിവാണ്.

വിദേശ നിക്ഷേപകര്‍
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 3,257.65 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേ സ്ഥാപനങ്ങള്‍ 1,929.14 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. ഫെഡ് നിരക്ക് വര്‍ദ്ധിച്ച സാഹചര്യത്തില്‍ വിദേശ നിക്ഷേപങ്ങള്‍ പുറത്തേക്കൊഴുകുന്നതിന് ശക്തി കൂടിയേക്കാം. എന്നാല്‍, ആഗോള വിപണികളിലെ ആശങ്കകള്‍ക്ക് ശമനമുണ്ടാകുന്നതോടെ ഈ ഒഴുക്ക് ക്രമപ്പെടാനാണ് സാധ്യത.

വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "ആഗോള വിപണികളില്‍ നിറഞ്ഞു നില്‍ക്കുന്ന സന്ദേശം കേന്ദ്ര ബാങ്കുകള്‍ ഒത്തൊരുമിച്ച് നടത്തുന്ന നിരക്കുയര്‍ത്തലുകളും, ആഗോള വളര്‍ച്ചയില്‍ അതുണ്ടാക്കുന്ന ആഘാതങ്ങളുമാണ്. അമേരിക്കന്‍ സമ്പദ്ഘടന ഒരു മാന്ദ്യത്തിലേക്ക് പോകാനുള്ള സാധ്യതകള്‍ ഇപ്പോള്‍ ശക്തമാണ്. ഈ ഘടകങ്ങളെ വിപണികള്‍ കണക്കിലെടുക്കുന്നുണ്ട്. എസ് ആന്‍ഡ് പി 500 ന്റെ 'പിഇ' ഇപ്പോള്‍ 16 ആണ്. ഇത് ലോംഗ് ടേം ആവറേജിനടുത്താണ്. യൂറോപ് വ്യാപാരം നടത്തുന്നത് ഏകദേശം 11 നടുത്താണ്. വിപണികള്‍ സമ്പദ്ഘടനകളെക്കാള്‍ വേഗത്തില്‍ തിരിച്ചുവരവ് നടത്തിത്തുടങ്ങും. ഇന്ത്യയിലും മൂല്യ നിര്‍ണയം താഴ്ന്ന നിലയിലാണ്. പക്ഷേ, ലോംഗ് ടേം ആവറേജിനെക്കാള്‍ ഉയര്‍ന്നതാണ്. അതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ അവരുടെ ഓഹരി വില്‍പ്പന തുടര്‍ന്നേക്കും. ഇത് ഇന്ത്യന്‍ വിപണിയില്‍ ഉണ്ടായേക്കാവുന്ന ആശ്വാസ മുന്നേറ്റങ്ങളെ തടസപ്പെടുത്തും. വിപണി എപ്പോള്‍ തിരിച്ചുവരവ് നടത്തുമെന്ന് പ്രവചിക്കാനാവില്ല. സുരക്ഷിതമായ നിക്ഷേപ മാര്‍ഗം, മികച്ച ഓഹരികള്‍ കുറഞ്ഞവിലയില്‍ വാങ്ങിക്കൂട്ടുകയെന്നതാണ്. മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപകര്‍ കൂടുതല്‍ തുക നിക്ഷേപത്തിനായി മാറ്റിവെയ്ക്കണം."

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,715 രൂപ (ജൂണ്‍ 17)
ഒരു ഡോളറിന് 78.03 രൂപ (ജൂണ്‍ 17)
ബ്രെന്റ് ക്രൂഡ് ബാരലിന് 119.28 ഡോളര്‍ (8.40 am)
ഒരു ബിറ്റ് കോയിന്റെ വില 17,12,186 രൂപ (8.40 am)

Tags:    

Similar News