ഏഷ്യന്‍ വിപണികളിലെ തകര്‍ച്ച ഇന്ത്യയിലേക്കും പടരാം
ഏഷ്യന്‍ വിപണികളിലാകെ കനത്ത നഷ്ടത്തിന്റെ അലയൊലികളാണ്. പ്രമുഖ വിപണികളായ ഹോംഗ്‌കോങിലെ ഹാങ്‌സെങ്, ഷാങ്ഹായ് സൂചിക, ജപ്പാനിലെ നിക്കി എന്നിവയെല്ലാം രണ്ട് ശതമാനത്തിനടുത്ത് താഴ്ച്ചയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.27 ന് 1.97 ശതമാനം നഷ്ടത്തിലാണ്. അമേരിക്കന്‍ പണപ്പെരുപ്പ നിരക്കുകളും, ചൈനയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് നിയന്ത്രണങ്ങളും ആഗോള വളര്‍ച്ചയ്ക്ക് തടസമാകുമെന്ന വിലയിരുത്തലിലാണ് വിപണികള്‍. പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകള്‍ കടുത്ത നടപടികളെടുക്കുവാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിച്ചേക്കുമെന്ന ഭീതി വിപണികളെ അലട്ടുന്നുണ്ട്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ […]
;ഏഷ്യന്‍ വിപണികളിലാകെ കനത്ത നഷ്ടത്തിന്റെ അലയൊലികളാണ്. പ്രമുഖ വിപണികളായ ഹോംഗ്‌കോങിലെ ഹാങ്‌സെങ്, ഷാങ്ഹായ് സൂചിക, ജപ്പാനിലെ നിക്കി എന്നിവയെല്ലാം രണ്ട് ശതമാനത്തിനടുത്ത് താഴ്ച്ചയിലാണ്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി രാവിലെ 8.27 ന് 1.97 ശതമാനം നഷ്ടത്തിലാണ്. അമേരിക്കന്‍ പണപ്പെരുപ്പ നിരക്കുകളും, ചൈനയില്‍ വര്‍ധിച്ചു വരുന്ന കോവിഡ് നിയന്ത്രണങ്ങളും ആഗോള വളര്‍ച്ചയ്ക്ക് തടസമാകുമെന്ന വിലയിരുത്തലിലാണ് വിപണികള്‍.
പ്രതീക്ഷിച്ചതിനേക്കാള്‍ ഉയര്‍ന്ന ഉപഭോക്തൃ പണപ്പെരുപ്പ നിരക്കുകള്‍ കടുത്ത നടപടികളെടുക്കുവാന്‍ യുഎസ് ഫെഡിനെ പ്രേരിപ്പിച്ചേക്കുമെന്ന ഭീതി വിപണികളെ അലട്ടുന്നുണ്ട്. ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകള്‍ കര്‍ശന പണനയം പിന്തുടരുകയാണ്. ഇതെല്ലാം ഓഹരി വിപണികളുടെ പ്രതീക്ഷകളെ കെടുത്തുന്നവയാണ്. ചൊവ്വാഴ്ച്ച ആരംഭിക്കുന്ന യുഎസ് ഫെഡ് മീറ്റിംഗിന്റെ തീരുമാനമാവും ലോക വിപണികളെയെല്ലാം സ്വാധീനിക്കുക. 50 ബേസിസ് പോയിന്റെ വര്‍ധനവ് എല്ലാവരും പ്രതീക്ഷിക്കുന്നുണ്ട്. അതിനപ്പുറമുള്ള ഏതൊരു നീക്കവും വിപണികളില്‍ കനത്ത വില്‍പ്പനയ്ക്ക് കാരണമാകും.
വ്യവസായ വളര്‍ച്ച
ആഭ്യന്തര വിപണിയ്ക്ക് നേരിയ പ്രതീക്ഷ നല്‍കുന്നതാണ് വെള്ളിയാഴ്ച്ച പുറത്ത് വന്ന വ്യവസായ ഉത്പാദന കണക്കുകള്‍. മേയില്‍ വ്യവസായ ഉത്പാദന സൂചിക 7.1 ശതമാനം ഉയര്‍ന്നു. ഇന്ത്യന്‍ ഉത്പാദക മേഖലയെ സംബന്ധിച്ച് വളരെ പോസിറ്റീവായ ഒരു സൂചനയാണിത്. അവരുടെ ഓഹരികളില്‍ മുന്നേറ്റത്തിന് വഴിവെയ്ക്കാന്‍ സാധാരണഗതിയില്‍ ഈ കണക്കുകള്‍ കൊണ്ട് സാധിക്കും. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ഇതിനെ മറികടക്കാന്‍ പോന്ന ആഗോള ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ വിപണിയില്‍ മുന്നേറ്റത്തിന് സാധ്യതകളില്ല. ഫെഡ് തീരുമാനം വരുന്നത് വരേയും വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ ഇന്ത്യയിലെ ഓഹരി വില്‍പ്പന തുടരും.
വിദേശ നിക്ഷേപം
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഇക്വിറ്റികളില്‍ നിന്ന് ഈ മാസം ഇതുവരെ 14,000 കോടി രൂപ പിന്‍വലിച്ചു. ഇതോടെ, 2022 ല്‍ ഇതുവരെ 1.81 ലക്ഷം കോടി രൂപ വിദേശ നിക്ഷേപകര്‍ (എഫ്പിഐ) പിന്‍വലിച്ചിട്ടുണ്ട്. "എഫ്പിഐകളുടെ വില്‍പ്പന അടുത്ത കാലയളവിലും തുടര്‍ന്നേക്കാം. എന്നിരുന്നാലും, ഹ്രസ്വ-മധ്യ കാലയളവില്‍ വില്‍പ്പനയില്‍ ഒരു മിതത്വം പ്രതീക്ഷിക്കുന്നു," ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ഗവേഷണ വിഭാഗം മേധാവി വിനോദ് നായര്‍ പറഞ്ഞു.
അമേരിക്കന്‍ വിപണി
അമേരിക്കന്‍ വിപണികളെല്ലാം വെള്ളിയാഴ്ച്ച കനത്ത നഷ്ടത്തിലായിരുന്നു. ഡൗജോണ്‍സ് 2.73 ശതമാനവും, എസ്ആന്‍ഡ്പി 500 2.91 ശതമാനവും, നാസ്ഡാക്ക് 3.52 ശതമാനവും നഷ്ടം രേഖപ്പെടുത്തി. ടെക്ക് ഓഹരികള്‍ക്ക് മുന്‍തൂക്കമുള്ള നാസ്ഡാക്കിലെ കനത്ത നഷ്ടം ഇന്ത്യന്‍ ഐടി കമ്പനികള്‍ക്ക് നിരാശ സൃഷ്ടിച്ചേക്കും. രൂപയുടെ മൂല്യ തകര്‍ച്ചയില്‍ നേട്ടമുണ്ടാക്കാമെന്നുള്ള പ്രതീക്ഷ പ്രമുഖ ഐടി സേവന ദാതാക്കള്‍ക്കുണ്ടായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ ഐടി ഓഹരികള്‍ വാങ്ങാവുന്നതാണെന്ന് പ്രമുഖ വിപണി വിദഗ്ധര്‍ നിര്‍ദ്ദേശിച്ചിരുന്നു.
വിദഗ്ധാഭിപ്രായം
ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു: "വിപണിയുടെ ഹ്രസ്വകാല ട്രെന്‍ഡ് ദുര്‍ബലമാണ്. മേയ് മാസത്തിലെ അമേരിക്കന്‍ പണപ്പെരുപ്പ നിരക്ക് 8.6 ശതമാനത്തിലെത്തിയത് കൂടുതല്‍ കടുത്ത നടപടികള്‍ എടുക്കാന്‍ ഫെഡിനെ പ്രേരിപ്പിക്കും. തുടര്‍ച്ചയായി റേറ്റ് വര്‍ധനവുണ്ടാകാനുള്ള സാധ്യതകളാണ് കാണുന്നത്. ഇത് 2023 മധ്യത്തോടെ ഫെഡ് നിരക്ക് 3.5 ശതമാനത്തില്‍ എത്തിച്ചേരാന്‍ ഇടയാക്കും. ആഗോള വളര്‍ച്ച കുറയുന്ന സാഹചര്യത്തില്‍, ഈ വര്‍ധന ഓഹരികള്‍ ഉള്‍പ്പെടെയുള്ള റിസ്‌ക് കൂടിയ ആസ്തികള്‍ക്ക് തിരിച്ചടിയാണ്. അമേരിക്കന്‍ വിപണി സ്ഥിരത കൈവരിക്കുമ്പോള്‍ മാത്രമേ ഇന്ത്യന്‍ വിപണിയും ശാന്തമാവൂ. അതിനാല്‍ നിക്ഷേപകര്‍ കൃത്യമായ സൂചനകള്‍ക്കായി കാത്തിരിക്കുക. പ്രതീക്ഷ നല്‍കുന്ന ഏകഘടകം 7.1 ശതമാനം ഐഐപി വളര്‍ച്ചയാണ്. ഇത് സൂചിപ്പിക്കുന്നത് ഇന്ത്യന്‍ സമ്പദ് ഘടന ശരിയായ പാതയിലാണെന്നാണ്. അതിനാല്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് സമ്പദ് ഘടനയിലെ വളര്‍ച്ച മുതലാക്കുന്ന നല്ല ഓഹരികള്‍ — കാപിറ്റല്‍ ഗുഡ്‌സ്, ബാങ്കിംഗ്, ടെലികോം, കയറ്റുമതി എന്നിവ — തിരഞ്ഞെടുക്കുവാനുള്ള അവസരമാണിത്."
ഇന്ത്യന്‍ കറന്‍സി
രൂപ അതിന്റെ എക്കാലത്തേയും വലിയ തകര്‍ച്ചയിലൂടെയാണ് കടന്നു പോകുന്നത്. ഇന്നും ഈ സ്ഥിതിയ്ക്ക് മാറ്റമുണ്ടാകാനുള്ള സാഹചര്യമില്ല. ഏഷ്യന്‍ വിപണിയിലെ ആദ്യ സൂചനകള്‍ അനുസരിച്ച് ക്രൂഡ് ഓയില്‍ വിലകളില്‍ നേരിയ കുറവ് അനുഭവപ്പെടുന്നുണ്ട്. ചൈനയുടെ വ്യവസായ വളര്‍ച്ചയ്ക്ക് ഭീഷണി ഉയര്‍ത്തും വിധം കോവിഡ് നിയന്ത്രണങ്ങള്‍ വര്‍ധിക്കുന്നത് അവിടെ നിന്നുള്ള എണ്ണ ഡിമാന്റിനെ കുറയ്ക്കുമെന്നുള്ള ഭിതിയാണ് ഇതിന് പിന്നില്‍. എണ്ണ വിലയില്‍ കാര്യമായ കുറവ് സംഭവിക്കാത്തിടത്തോളം രൂപയുടെ മൂല്യത്തകര്‍ച്ച തുടരും. വിദേശ നിക്ഷേപ സ്ഥാപനങ്ങളുടെ തുടര്‍ച്ചയായ ഓഹരി വില്‍പ്പനയും ഈ സ്ഥിതി വഷളാക്കും.
കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണ്ണം ഗ്രാമിന് 4,775 രൂപ (ജൂണ്‍ 12)
ഒരു ഡോളറിന് 77.82 രൂപ (ജൂണ്‍ 12)
ബ്രെന്റ് ക്രൂഡ് ബാരലിന് 120.03 ഡോളര്‍ (ജൂണ്‍ 13, 8.29 am)
ഒരു ബിറ്റ് കൊയ്‌ന്റെ വില 21,24,391രൂപ (ജൂണ്‍ 13 11, 8.29 am, വസീര്‍എക്‌സ്)