നിരക്കു വര്‍ദ്ധന പ്രതീക്ഷിച്ച് വിപണികള്‍

ഇന്നലത്തെ നേരിയ നഷ്ടത്തിനുശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ എല്ലാവരും ആര്‍ബിഐയുടെ നിരക്കു വര്‍ദ്ധന എത്രയാകും എന്നതിനെ സംബന്ധിച്ച ആശങ്കയിലാണ്. നിരക്കു വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അതിന്റെ തോത് എത്രയാകും എന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ മാത്രമേ വിപണിയില്‍ നിലനില്‍ക്കുന്നുള്ളു. ഈ അനിശ്ചിതാവസ്ഥ കാരണം കൃത്യമായ ഒരു ദിശയിലേക്ക് വിപണി പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല. ഇന്നലെയും നഷ്ടത്തില്‍ ആരംഭിച്ച ശേഷം സൂചികകള്‍ ഉച്ചകഴിഞ്ഞ് നേരിയ ലാഭത്തിലേക്ക് വന്നു. എന്നാല്‍, ആ നിലയില്‍ തുടരാന്‍ കഴിയാതെ വീണ്ടും നഷ്ടത്തിലേക്ക് […]

;

Update: 2022-06-06 22:24 GMT

ഇന്നലത്തെ നേരിയ നഷ്ടത്തിനുശേഷം ഇന്ന് വിപണി തുറക്കുമ്പോള്‍ എല്ലാവരും ആര്‍ബിഐയുടെ നിരക്കു വര്‍ദ്ധന എത്രയാകും എന്നതിനെ സംബന്ധിച്ച ആശങ്കയിലാണ്. നിരക്കു വര്‍ദ്ധനവ് ഉണ്ടാകുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. എന്നാല്‍, അതിന്റെ തോത് എത്രയാകും എന്നതിനെ ചൊല്ലിയുള്ള അഭ്യൂഹങ്ങള്‍ മാത്രമേ വിപണിയില്‍ നിലനില്‍ക്കുന്നുള്ളു. ഈ അനിശ്ചിതാവസ്ഥ കാരണം കൃത്യമായ ഒരു ദിശയിലേക്ക് വിപണി പോകുമെന്ന് പ്രതീക്ഷിക്കാനാവില്ല.

ഇന്നലെയും നഷ്ടത്തില്‍ ആരംഭിച്ച ശേഷം സൂചികകള്‍ ഉച്ചകഴിഞ്ഞ് നേരിയ ലാഭത്തിലേക്ക് വന്നു. എന്നാല്‍, ആ നിലയില്‍ തുടരാന്‍ കഴിയാതെ വീണ്ടും നഷ്ടത്തിലേക്ക് വീഴുകയായിരുന്നു. അതേ സാഹചര്യം തന്നെ ഇന്നും തുടരാനാണിട. ആഗോള തലത്തില്‍ തന്നെ കേന്ദ്ര ബാങ്കുകളുടെ നയ തീരുമാനങ്ങള്‍ക്കായി വിപണികള്‍ കാത്തിരിക്കുന്ന സ്ഥിതിയാണുള്ളത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് മീറ്റിംഗ് വ്യാഴാഴ്ച്ച തുടങ്ങും. യുഎസ് ഫെഡ് മീറ്റിംഗ് അടുത്തയാഴ്ച്ചയുണ്ടാകും. ആര്‍ബിഐ തീരുമാനങ്ങള്‍ ഗവര്‍ണര്‍ ശക്തികാന്ത ദാസ് നാളെ പ്രഖ്യാപിക്കും.

ഏഷ്യ-യുഎസ് വിപണികള്‍
രാവിലെ ഏഷ്യന്‍ വിപണികള്‍ സമ്മിശ്ര പ്രതികരണമാണ് നല്‍കുന്നത്. സിംഗപ്പൂര്‍ എസ്ജിഎക്‌സ് നിഫ്റ്റി 8.14 ന് 0.19 ശതമാനം നഷ്ടത്തിലാണ്. ഏഷ്യയിലെ മറ്റു പ്രമുഖ വിപണികളായ ജപ്പാനിലെ നിക്കി, ഷാങ്ഹായ് സൂചിക, ഷാങ്ഹായിലെ ചൈന എ50 എന്നവ ലാഭത്തിലാണ്. എന്നാല്‍, ഹോംകോംഗിലെ ഹാങ്‌സെങ് സൂചിക തായ് വാന്‍ വെയിറ്റഡ്, ദക്ഷിണ കൊറിയയിലെ കോസ്പി എന്നിവ നഷ്ടത്തിലുമാണ്.

അമേരിക്കന്‍ വിപണികള്‍ ഇന്നലെ നേരിയ നേട്ടത്തിലാണ് അവസാനിച്ചത്. ഡൗ ജോണ്‍സ് 0.05 ശതമാനം, എസ് ആന്‍ഡ് പി 500 0.31 ശതമാനം, നാസ്ഡാക് 0.40 ശതമാനം നേട്ടമുണ്ടാക്കി. കഴിഞ്ഞ ദിവസം പുറത്തുവന്ന, പ്രതീക്ഷിച്ചതിനേക്കാള്‍ മെച്ചപ്പെട്ട തൊഴില്‍ കണക്കുകള്‍ ഫെഡിന് നിരക്ക് വര്‍ദ്ധനയുമായി മുന്നോട്ടുപോകാന്‍ ഊര്‍ജ്ജം പകരുന്നുണ്ട്. ഇനി വരാനിരിക്കുന്ന ഉപഭോക്തൃ വില സൂചിക വിവരങ്ങള്‍ക്കായി വിപണിയും കാത്തിരിക്കുകയാണ്. ആഗോള തലത്തില്‍, ഉയരുന്ന പണപ്പെരുപ്പവും, ക്രൂഡ് വിലകളും, കേന്ദ്ര ബാങ്കുകളുടെ നിരക്കുയര്‍ത്തലും വിപണികളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ഈ സാഹചര്യത്തിന് ഉടനടി ഒരു മാറ്റമുണ്ടാകാനുള്ള സാധ്യതയുമില്ല.

ക്രൂഡോയില്‍
ഏഷ്യന്‍ വിപണിയില്‍ ക്രൂഡോയില്‍ വില ഇന്ന് രാവിലെ ഉയരുകയാണ്. ചൈന ഏര്‍പ്പെടുത്തിയിരുന്ന കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് അയവു വന്നിരിക്കുകയാണ്. യാത്ര വിലക്കുകള്‍ എടുത്തു മാറ്റിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ചൈനയില്‍ നിന്നുള്ള എണ്ണ ആവശ്യം വര്‍ദ്ധിക്കുമെന്ന് കരുതപ്പെടുന്നു. കൂടാതെ, ആഗോള വിതരണം ഇപ്പോഴും സാധാരണ നിലയിലായിട്ടില്ല. എണ്ണ ഉത്പാദനം വര്‍ദ്ധിപ്പിക്കാമെന്നു സമ്മതിച്ച ഒപെക് അംഗരാജ്യങ്ങളില്‍ പ്രമുഖരായ സൗദി വില വര്‍ദ്ധിപ്പിക്കുക കൂടി ചെയ്തതോടെ ക്രൂഡ് വിലയില്‍ അടുത്തകാലത്തെങ്ങും കുറവുണ്ടാകാന്‍ സാധ്യതയില്ല. ഈ ഘടകങ്ങളാണ് വില വര്‍ദ്ധനവിലേക്ക് നയിക്കുന്നത്.

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 2,397.65 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വിറ്റു. എന്നാല്‍, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങള്‍ 1,940 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി. വിദേശ സ്ഥാപനങ്ങളുടെ വില്‍പ്പനയ്ക്ക് ഇനിയും കുറവു വന്നിട്ടില്ലാത്തത് ആഭ്യന്തര വിപണിയില്‍ ചാഞ്ചാട്ടത്തിന് കാരണമാകുന്നുണ്ട്. യുഎസ് ഫെഡ് നിരക്കു വര്‍ദ്ധനവ് എത്രയാകും എന്നതില്‍ തീരുമാനം വരുന്നതുവരെ ഈ വില്‍പ്പന തുടര്‍ന്നുകൊണ്ടിരിക്കുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,785 രൂപ (ജൂണ്‍ 07)
ഒരു ഡോളറിന് 77.46 രൂപ (ജൂണ്‍ 07)
ബ്രെന്റ് ക്രൂഡ് ബാരലിന് 120.38 ഡോളര്‍ (8.30 am)
ഒരു ബിറ്റ് കോയിന്റെ വില 24,12,775 രൂപ (8.30 am)

Tags:    

Similar News