ധനകമ്മിയിലെ കുറവ് വിപണിക്ക് ആശ്വാസം പകർന്നേക്കാം

മൂന്നു ദിവസത്തെ വിജയക്കുതിപ്പിനു ശേഷം ലോക വിപണിയെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും ഇന്നലെ താഴ്ചയിൽ അവസാനിച്ചത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുക്രൈൻ മുട്ടുമടക്കുന്നതുവരെ യുദ്ധം തുടരുമെന്ന റഷ്യയുടെ വാശിയിൽ ക്രൂഡ് ഓയിലിന്റെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം വില പടവുകൾ ചവിട്ടിക്കയറുമ്പോൾ വിപണിയിൽ നിന്നും നിക്ഷേപകർ മാറി നിൽക്കുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 123 ഡോളർ എത്തി. യുദ്ധത്തെയും വിലക്കുകളെയും കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഇടയിൽ തന്നെ മുറുമുറുക്കലുകൾ ഉയർന്നു കഴിഞ്ഞു. റഷ്യൻ എണ്ണയും ഗ്യാസുമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ പല […]

Update: 2022-05-31 22:15 GMT

മൂന്നു ദിവസത്തെ വിജയക്കുതിപ്പിനു ശേഷം ലോക വിപണിയെ പിന്തുടർന്ന് ഇന്ത്യൻ വിപണിയും ഇന്നലെ താഴ്ചയിൽ അവസാനിച്ചത് നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. യുക്രൈൻ മുട്ടുമടക്കുന്നതുവരെ യുദ്ധം തുടരുമെന്ന റഷ്യയുടെ വാശിയിൽ ക്രൂഡ് ഓയിലിന്റെയും ഭക്ഷ്യവസ്തുക്കളുടെയുമെല്ലാം വില പടവുകൾ ചവിട്ടിക്കയറുമ്പോൾ വിപണിയിൽ നിന്നും നിക്ഷേപകർ മാറി നിൽക്കുകയാണ്. ഇന്നലെ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് 123 ഡോളർ എത്തി. യുദ്ധത്തെയും വിലക്കുകളെയും കുറിച്ച് യൂറോപ്യൻ രാജ്യങ്ങളുടെ ഇടയിൽ തന്നെ മുറുമുറുക്കലുകൾ ഉയർന്നു കഴിഞ്ഞു. റഷ്യൻ എണ്ണയും ഗ്യാസുമില്ലാതെ ജീവിക്കാനാവാത്ത അവസ്ഥ പല രാജ്യങ്ങൾക്കുമുണ്ട്. യുദ്ധം നീണ്ടു നിന്നാൽ യൂറോപ്പ് തണുപ്പിൽ വിറങ്ങലിച്ചു നിൽക്കുമെന്ന യാഥാർത്ഥ്യം പല രാജ്യങ്ങളും മനസിലാക്കിത്തുടങ്ങി.

ഇതിന്റെയൊക്കെ പ്രതിഫലനമെന്നോണം യൂറോപ്യൻ വിപണി ചൊവ്വാഴ്ചയും പൊതുവെ തകർച്ചയിലായിരുന്നു.

അന്താരാഷ്ട്ര വിപണി
പണപ്പെരുപ്പം എങ്ങനെയും പിടിച്ചു കെട്ടണമെന്ന് ഇന്നലെ യു എസ് പ്രസിഡന്റ് ജോ ബിഡൻ ഫെഡ് റിസർവ് ചെയർമാൻ ജെറോം പവ്വലുമായുള്ള കൂടിക്കാഴ്ചയിൽ തീരുമാനമെടുത്തിട്ടുണ്ട്. എങ്കിലും വലിയ പ്രതികരണമൊന്നും വിപണിയിൽ കണ്ടില്ല. യുഎസിൽ നാസ്ഡെക്കും (-49.74) ഡോവും (- 222.84) എസ് ആന്റ്പി 500 (-26.09) മെല്ലാം താഴ്ന്നു തന്നെ അവസാനിച്ചു.

ഏഷ്യൻ വിപണിയിൽ സമ്മിശ്ര പ്രതികരണമാണ് രാവിലെ കാണുന്നത്. സിംഗപ്പൂർ എസ് ജി എക്സ് നിഫ്റ്റി രാവിലെ 8 മണിക്ക് 31 പോയിന്റ് താഴ്ചയിലാണ് വ്യാപാരം നടക്കുന്നത്. ഹാങ്‌സെങ്ങും തായ്വാനും താഴെ തന്നെ. എന്നാൽ ജപ്പാൻ നിക്കെയും ഷാങ്ഹെയും ബുള്ളിഷ് പ്രവണത കാണിക്കുന്നത്.

ആഗോളതലത്തില്‍ വിപണി പ്രവണതയെ നിര്‍ണ്ണയിക്കുന്ന പ്രധാന ഘടകം പണപ്പെരുപ്പവും, പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര ബാങ്കുകള്‍, പ്രത്യേകിച്ച് യുഎസ് ഫെഡ്, എത്രത്തോളം നിരക്കുകള്‍ ഉയര്‍ത്തും എന്നതാണ്, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറയുന്നു,

ഇന്ത്യൻ സമ്പദ് ഘടന
ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 2021-22 നാലാം പാദത്തില്‍ 4.1 ശതമാനം വളര്‍ച്ച നേടികൊണ്ട് വാര്‍ഷിക വളര്‍ച്ചാ നിരക്ക് 8.7 ശതമാനമായി ഉയര്‍ത്തിയതായി ഔദ്യോഗിക കണക്കുകള്‍ ചൂണ്ടിക്കാണിച്ചു. എന്നിരുന്നാലും 2021-22 ലെ ഒക്ടോബര്‍-ഡിസംബര്‍ പാദത്തിലെ 5.4 ശതമാനം വളര്‍ച്ചയേക്കാള്‍ മന്ദഗതിയിലായിരുന്നു ജനുവരി-മാര്‍ച്ച് കാലയളവിലെ വളര്‍ച്ച.

എന്നാൽ ആശ്വാസം പകരുന്ന മറ്റൊരു കണക്ക് 2021-22 ലെ ധനക്കമ്മി മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 6.71 ശതമാനമായി കുറഞ്ഞു എന്നതാണ്. കേന്ദ്ര ധനമന്ത്രാലയം നേരത്തെ പ്രവചിച്ചത് 6.90 ശതമാനമെന്നായിരുന്നു.

വർധിച്ചു വരുന്ന പണപ്പെരുപ്പത്തിനും ക്രൂഡ് ഓയിൽ വിലക്കുമിടയിൽ വിപണിയെ താങ്ങി നിർത്താൻ ഈ കണക്കുകൾക്കു ആവുമോയെന്നതാണ് നിക്ഷേപകരുടെ ആശങ്ക. എണ്ണയെ ആശ്രയിക്കുന്ന വ്യവസായങ്ങളെയും മേഖലകളെയുമെല്ലാം വിലക്കയറ്റം സാരമായി ബാധിക്കുന്നുണ്ട്. കമ്പനികളുടെ രണ്ടാം പാദ ഫലത്തിൽ ഇതിന്റെ പ്രതിഫലനം നിഴലിക്കാൻ വളരെ സാധ്യതയുണ്ട്.

വി കെ വിജയകുമാര്‍ പറയുന്നു: 'സമീപകാലത്ത് വിപണിയല്‍ വ്യക്തമായ ഒരു ട്രെന്‍ഡ് ഉയർന്നുവരാൻ സാധ്യതയില്ല. താഴ്ന്ന നിലയില്‍ ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളും, റീട്ടെയില്‍ നിക്ഷേപകരും ഓഹരികള്‍ വാങ്ങുന്നവരാണ്, ഇത് വിപണിയെ മുകളിലേക്ക് ഉയര്‍ത്തുന്നു. വിദേശ നിക്ഷേപ സ്ഥാപനങ്ങളാകട്ടെ കൂടുതൽ വില്‍പ്പന നടത്തുന്നവരാണ്, ഇത് വിപണിയെ താഴേയ്ക്ക് വലിക്കുന്നു.

2022 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 8.7 ശതമാനമാണ്, 2023 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ചാ നിരക്ക് ഏകദേശം 7.2 ശതമാനം ആയിരിക്കുമെന്നാണ് ആര്‍ബിഐ അനുമാനം. ഇത് തുടര്‍ച്ചയായി രണ്ട് വര്‍ഷത്തേക്ക് ഇന്ത്യയെ ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന വലിയ സമ്പദ്വ്യവസ്ഥയാക്കി മാറ്റും. ഈ വളര്‍ച്ചയുടെ ആക്കം ഇനിയും വര്‍ഷങ്ങളോളം നിലനിര്‍ത്താനുള്ള കഴിവ് ഇന്ത്യക്കുണ്ട്, ഇത് ശ്രദ്ധേയമായ വരുമാന വളര്‍ച്ചയിലേക്ക് മാറ്റപ്പെടും. ഇതാണ് ഇന്ത്യയിലെ പ്രീമിയം സ്റ്റോക്കുകളുടെ മൂല്യത്തെ ഭാഗികമായി നിർണയിക്കുന്നത്.

ഈ അനിശ്ചിത സാഹചര്യത്തില്‍ നിക്ഷേപകര്‍ക്ക് ജാഗ്രതയോടെയുള്ള നിക്ഷേപ തന്ത്രം പിന്തുടരാനാകും, വളര്‍ച്ചാ വീണ്ടെടുക്കലില്‍ നിന്ന് പ്രയോജനം ലഭിക്കുന്ന ഉയര്‍ന്ന നിലവാരമുള്ള ഓഹരികള്‍ വാങ്ങുക. മുന്‍നിര ധനകാര്യ ഓഹരികള്‍, ഐടി, സിമന്റ്, ടെലികോം, ഓട്ടോ മേഖലകള്‍ എന്നിവ മികച്ച നിക്ഷേപ സാധ്യതകളാണ്.'

വിദേശ നിക്ഷേപം
എന്‍എസ്ഇ പ്രൊവിഷണല്‍ ഡേറ്റ അനുസരിച്ച്, വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ 1003.56 കോടി രൂപയുടെ അധിക വിൽപന നടത്തിയിട്ടുണ്ട്. അതേസമയം ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളാകട്ടെ 1,845.15 കോടി രൂപ വിലയുള്ള ഓഹരികള്‍ അധികമായി വാങ്ങി.

ഇന്നലെ രൂപയുടെ മൂല്യം മുന്‍ സെഷനേക്കാള്‍ 12 പൈസ ഇടിഞ്ഞ് 77.59ല്‍ എത്തി. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 264 പൈസയാണ് (3.61 %) ഇടിഞ്ഞതെന്ന് കണക്കുകൾ പറയുന്നു.

കൊച്ചിയില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 4,775 രൂപ (ജൂണ്‍ 01)

ബ്രെന്റ് ക്രൂഡ് ബാരലിന് 116.20 ഡോളര്‍ (8.23 am)

ഒരു ബിറ്റ് കോയിന്റെ വില 25,68,375 രൂപ (8.23 am)

Tags:    

Similar News