എല്‍ഐസി ഐപിഒ-യില്‍ പങ്കെടുക്കാൻ പോളിസി ഉടമകള്‍ പാന്‍ അപ്ഡേറ്റ് ചെയ്യണം
നിലവില്‍ എല്‍ ഐ സിയുടെ വെബ്സൈറ്റില്‍ നേരിട്ടോ ഏജന്റുമാരുടെ സഹായത്തോടെയോ പാന്‍ അപ്ഡേറ്റ് ചെയ്യാം.
മുംബൈ: വരാനിരിക്കുന്ന പബ്ലിക് ഇഷ്യൂവില്‍ പങ്കെടുക്കുന്നതിന് ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എല്‍ ഐ സി) എല്ലാ പോളിസി ഉടമകളോടും അവരുടെ സ്ഥിരം അക്കൗണ്ട് നമ്പര്‍ (പാന്‍) വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) ലാണ് ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ നല്‍കിയിരിക്കുന്നത്.
ഫെബ്രുവരി 13 ന്, സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള 5 ശതമാനം ഓഹരികള്‍ വിറ്റ് 63,000 കോടി രൂപ സമാഹരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിക്ക് കരട് സമര്‍പ്പിച്ചു. ആകെയുള്ള ഓഹരികളില്‍ 31.6 കോടിയിലധികം വരുന്ന ഓഹരികള്‍ (5 ശതമാനം) സര്‍ക്കാര്‍ ഓഹരികളോ പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐ പി ഒ) മാര്‍ച്ചിലാണ് വിപണിയിലെത്തിക്കാനൊരുങ്ങുന്നത്. എല്‍ ഐ സി ജിവനക്കാര്‍ക്ക് ചില അനൂകൂല്യങ്ങളുണ്ട്.
സെബിയില്‍ ഡി ആര്‍ എച്ച് പി ഫയല്‍ ചെയ്ത തീയതി മുതല്‍ (2022 ഫെബ്രുവരി 28 നകം) രണ്ടാഴ്ച്ചയ്ക്കകം കോര്‍പ്പറേഷനുമായി വ്യക്തികളുടെ പാന്‍ വിശദാംശങ്ങള്‍ അപ്ഡേറ്റ് ചെയ്യാത്ത പോളിസി ഉടമയെ ഐ പി ഒ യില്‍ പരിഗണിക്കില്ല. എല്‍ ഐ സി പോളിസി ഹോള്‍ഡര്‍മാര്‍ പാന്‍ വിശദാംശങ്ങള്‍ കോര്‍പ്പറേഷന്റെ പോളിസി രേഖകളില്‍ എത്രയും വേഗം അപ്‌ഡേറ്റ് ചെയ്യാനാണ് നിര്‍ദ്ദേശം.
നിലവില്‍ എല്‍ ഐ സിയുടെ വെബ്സൈറ്റില്‍ നേരിട്ടോ ഏജന്റുമാരുടെ സഹായത്തോടെയോ പാന്‍ അപ്ഡേറ്റ് ചെയ്യാം.
ഡി ആര്‍ എച്ച് പി വന്ന തീയതിയിലും ബിഡ്/ഓഫര്‍ തുടങ്ങുന്ന തീയതിയിലും എല്‍ ഐ സിയുടെ ഒന്നോ അതിലധികമോ പോളിസികള്‍ കൈവശമുള്ളവര്‍ക്കും ഇന്ത്യയില്‍ താമസിക്കുന്നവര്‍ക്കും പോളിസി ഹോള്‍ഡര്‍ റിസര്‍വേഷന്‍ വിഭാഗത്തിന് കീഴിലുള്ള ഈ ഓഫറില്‍ അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്.
യോഗ്യരായ പോളിസി ഉടമകള്‍ക്കുള്ള സംവരണം മൊത്തം ഓഫറിന്റെ 10% ത്തില്‍ കൂടരുത്. 2021 സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 21 ദശലക്ഷം വ്യക്തിഗത പോളിസികളാണ് എല്‍ ഐ സി ഇഷ്യൂ ചെയ്തത്. ഇത് പുതിയ വ്യക്തിഗത പോളിസികളുടെ 75 ശതമാനത്തോളമാണ്.
ഐ പി ഒ ഇന്ത്യാ ഗവണ്‍മെന്റിന്റെ ഓഫര്‍ ഫോര്‍ സെയിലില്‍ (OFS) ആണ്. എല്‍ഐസിയുടെ പുതിയ ഓഹരികള്‍ ഇഷ്യൂ ചെയ്തിട്ടില്ല. എല്‍ഐസിയില്‍ സര്‍ക്കാരിന് 100 ശതമാനം ഓഹരികളോ 632.49 കോടിയിലധികം ഓഹരികളോ ഉണ്ട്. ഓഹരികളുടെ മുഖവില 10 രൂപയാണ്.