ലിസ്റ്റിംഗിന് തയാറെടുത്ത് ഐടിസി ഹോട്ടല്‍സ്; ബോര്‍ഡ് യോഗം 14ന്

  • ഓഹരി വിഭജനം സംബന്ധിച്ച ക്രമീകരണങ്ങളിലും 14ന് തീരുമാനമെടുക്കും
  • ഹോട്ടല്‍ ബിസിനസിനെ വിഭജിച്ചതിനോട് നിക്ഷേപകര്‍ പ്രതികരിച്ചത് നെഗറ്റിവായി

Update: 2023-08-06 06:48 GMT

തങ്ങളുടെ ഹോട്ടല്‍ ബിസിനസ് ഐടിസി ഹോട്ടല്‍സിനെ ഒമ്പത് മാസങ്ങള്‍ക്കുള്ളില്‍ ഓഹരി വിപണിയില്‍ അവതരിപ്പിക്കാന്‍ ഐടിസി തയാറെടുക്കുന്നു. ഓഗസ്റ്റ് 14ന് ചേരുന്ന ബോര്‍ഡ് യോഗം ഇതു സംബന്ധിച്ച തീരുമാനമെടുക്കുമെന്ന് ഇക്ണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐടിസി ഹോട്ടല്‍സിനെ ഒരു പ്രത്യേക കമ്പനിയായി വിഭജിച്ചതുമായി ബന്ധപ്പെട്ട ക്രമീകരണങ്ങളും ഈ ബോര്‍ഡ് യോഗത്തില്‍ തീരുമാനിക്കുമെന്നാണ് ജൂലൈ 24 ന് കമ്പനി ഓഹരി വിപണികളെ അറിയിച്ചിട്ടുള്ളത്. 

"കൃത്യമായ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഹോട്ടൽ ബിസിനസിന്റെ വിഭജനത്തിന് ബോർഡ് തത്വത്തിൽ അംഗീകാരം നൽകി. പുതിയ സ്ഥാപനത്തിന്‍റെ ഏകദേശം 40% ഓഹരിയും കമ്പനിയുടെ കൈവശമായിരിക്കും. ബാക്കിയുള്ള 60% ഓഹരികള്‍ ഐടിസി ഓഹരി ഉടമകൾ അവരുടെ ഓഹരി ഉടമസ്ഥതയ്ക്ക് ആനുപാതികമായി നേരിട്ട് കൈവശം വെക്കുന്ന തരത്തിലായിരിക്കും," റെഗുലേറ്ററി ഫയലിംഗില്‍ ഐടിസി വ്യക്തമാക്കി.

ഐടിസി ഹോട്ടൽസ് ഗ്രൂപ്പിനു കീഴില്‍ നിലവില്‍ 120-ലധികം ഹോട്ടലുകളും 11,600 റൂമുകളും എഴുപതില്‍ അധികം ലൊക്കേഷനുകളിലായി ഉണ്ട്. വിഭജനം കമ്പനിയുടെ ഓഹരിയുടമകൾക്ക് ഹോട്ടൽ ബിസിനസിന്റെ മൂല്യം വ്യക്തമാക്കുന്നതാകും എന്നാണ് ഐടിസി പ്രതീക്ഷിക്കുന്നത്. ഐടിസിയുടെ ഓഹരി വില ഈ വർഷം കുത്തനെയുള്ള ഉയർച്ചയാണ് പ്രകടമാക്കുന്നത്. ഐടിസി ഓഹരി വില 2023ൽ ഇതുവരെ 42 ശതമാനത്തിലധികം ഉയർന്നു.

ഹോട്ടല്‍ ബിസിനസിന്‍റെ വിഭജന തീരുമാനത്തോട് നെഗറ്റിവായാണ് ഐടിസി ഓഹരിയുടമകള്‍ വിപണിയില്‍ പ്രതികരിച്ചത്. പ്രഖ്യാപനതതിനു പിന്നാലെയുള്ള സെഷനുകളില്‍ ഐടിസി ഓഹരികളുടെ മൂല്യം ഇടിഞ്ഞിരുന്നു.. 

Tags:    

Similar News