ഇസാഫിന് ആര്‍ബിഐ നടപടി നേരിടേണ്ടി വരുമോ ? ഓഹരി ലിസ്റ്റിംഗ് വൈകുന്നു
- മൂന്ന് പ്രമോട്ടര്‍മാര്‍ ഓഹരി വിഹിതം കുറയ്ക്കും
- ഇനിഷ്യല്‍ ഓഫറിംഗ്, ഓഫര്‍ ഫോര്‍ സെയില്‍ (OFS) എന്ന തരത്തിലാണ് ഇപ്രാവിശ്യവും ഐപിഒ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്
;
കൊച്ചി/ജുലൈ 18-2023: തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് ഇസാഫ് 629 കോടി രൂപയുടെ ഐപിഒയ്ക്കായി മാര്‍ക്കറ്റ് റെഗുലേറ്ററായ സെബിയെ സമീപിച്ചു.
ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (DRHP) രണ്ട് തവണ ഫയല്‍ ചെയ്തിട്ടും ഓഹരി വിപണിയിലെത്തിയില്ല.
ഇനിഷ്യല്‍ ഓഫറിംഗ്, ഓഫര്‍ ഫോര്‍ സെയില്‍ (OFS) എന്ന തരത്തിലാണ് ഇപ്രാവിശ്യവും ഐപിഒ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.
നിശ്ചിത സമയപരിധിക്കുള്ളില്‍ ഓഹരികള്‍ ലിസ്റ്റ് ചെയ്യുന്നതില്‍ പരാജയപ്പെട്ടതിന് ആര്‍ബിഐയുടെ (റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ) റെഗുലേറ്ററി നടപടിക്കു ഇസാഫ് വിധേയമാകുമോ എന്നതാണ് ഇപ്പോള്‍ ഉയരുന്നു ചോദ്യം.
'2021 ജൂലൈ 31-ന് മുമ്പ് ഇന്ത്യയിലെ ഒരു സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഇക്വിറ്റി ഷെയറുകള്‍ ലിസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പാലിക്കുന്നതില്‍ പരാജയപ്പെട്ടതിനു ഞങ്ങള്‍ ആര്‍ബിഐയുടെ വിവിധ ഉപരോധങ്ങള്‍ക്കും പിഴകള്‍ക്കും വിധേയരായേക്കാം''
ഐപിഒയുമായി ബന്ധപ്പെട്ടു സമര്‍പ്പിച്ച രേഖയിലാണു ബാങ്ക് തങ്ങളുടെ ' റിസ്‌ക് ഫാക്ടറു ' കളെ കുറിച്ച് വിശദീകരിച്ചത്.
സ്‌മോള്‍ ഫിനാന്‍സ് ബാങ്കിന്റെ (SFB) ലൈസന്‍സിംഗ് മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ബാങ്ക് 500 കോടി രൂപ (5 ബില്യന്‍ രൂപ) അറ്റമൂല്യം ആയി കഴിഞ്ഞാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ബാങ്കിന്റെ ഇക്വിറ്റി ഷെയറുകള്‍ നിര്‍ബന്ധമായും ഇന്ത്യയിലെ ഒരു സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യേണ്ടതാണ്.
' ഇസാഫ് ബാങ്ക് 2018 ജുലൈ 31ന് 500 കോടി രൂപയുടെ അറ്റമൂല്യം കൈവരിച്ചിരുന്നു. ഇതുപ്രകാരം 2021 ജുലൈ 31ന് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യണ്ടേതായിരുന്നു. എന്നാല്‍ ആ നിബന്ധന പാലിച്ചിട്ടില്ലെന്നും ' ബാങ്ക് പറഞ്ഞു.
2020 മാര്‍ച്ചില്‍ കോവിഡ്19 മഹാമാരി പടരുന്നതിനു മുമ്പ് ഇസാഫിന് 976 കോടി രൂപ സമാഹരിക്കുന്നതിന് സെബിയുടെ അംഗീകാരം ലഭിച്ചിരുന്നു. 976 കോടി രൂപയില്‍ പ്രാഥമിക ഇഷ്യു വഴി 800 കോടി രൂപ സമാഹരിക്കാനുള്ള അംഗീകാരമാണ് ലഭിച്ചത്.
2021 ജുലൈയില്‍ ഐപിഒയ്ക്കായി രണ്ടാം തവണ പേപ്പറുകള്‍ ഫയല്‍ ചെയ്യുകയും അതേ വര്‍ഷം ഒക്ടോബറില്‍ അംഗീകാരം നേടുകയും ചെയ്തു. എന്നാല്‍ 2022 ഒക്ടോബര്‍ ആയപ്പോഴേക്കും അത് ഒരിക്കല്‍ കൂടി കാലഹരണപ്പെട്ടു.
മൂന്ന് പ്രമോട്ടര്‍മാര്‍ ഓഹരി വിഹിതം കുറയ്ക്കും
ഓഫര്‍ ഫോര്‍ സെയിലിന്റെ ഭാഗമായി ഇസാഫ് ഫിനാന്‍സ് ഹോള്‍ഡിംഗ്‌സ് പ്രൈവറ്റ് ലിമിറ്റഡ് 119.26 കോടി രൂപ വരെയുള്ള ഓഹരികള്‍ വില്‍ക്കാന്‍ സമ്മതിച്ചിട്ടുണ്ട്.
പിഎന്‍ബി മെറ്റ് ലൈഫ് ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനി 12.67 കോടി രൂപയുടെ ഓഹരികള്‍ വില്‍ക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ബജാജ് അലൈന്‍സ് ലൈഫ് ഇന്‍ഷുറന്‍സ് 10.37 കോടി രൂപയുടെ ഓഹരികളും വില്‍ക്കാന്‍ ഒരുങ്ങുകയാണ്.
പ്രമോട്ടര്‍മാര്‍ അവരുടെ ഓഹരി വിഹിതത്തിന്റെ അളവ് കുറയ്ക്കുന്നതിന്റെ കൃത്യമായ കണക്ക് സംബന്ധിച്ച അന്തിമമായി എണ്ണം അറിയുന്നത് ബുക്ക് ബില്‍ഡിംഗ് പ്രോസസ്സിലൂടെയായിരിക്കും.
ഇസാഫിന്റെ ലിസ്റ്റിംഗ് സംബന്ധിച്ച സമയപരിധി ലംഘിച്ചിരിക്കുന്നതായി 2023 ജൂണ്‍ 9-തീയതിയിലെ കത്തില്‍ ആര്‍ബിഐ നിരീക്ഷിച്ചു.
ഇസാഫ് ബാങ്കിന്റെ ഐപിഒയ്ക്കായുള്ള ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് ഉറപ്പാക്കാനും ഈ വര്‍ഷം നവംബര്‍ 30നകം ലിസ്റ്റിംഗ് നടത്താനും നിര്‍ദേശം നല്‍കി.