എല്‍ ഐ സി ഈ സാമ്പത്തിക വര്‍ഷം ഐ പി ഓ പുറത്തിറക്കിയേക്കില്ല

ന്യൂഡല്‍ഹി: മൂല്യനിര്‍ണയം പ്രതീക്ഷിച്ചതിലും അധികം സമയമെടുക്കുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ ഐ സി) ഐ പി ഒ ഉണ്ടാവില്ല. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കാൻ തക്കവണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭീമന്‍ കമ്പനി അതിനുള്ള തയ്യാറെടുപ്പ് ജോലികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല. എല്‍ ഐ സിയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് മര്‍ച്ചന്റ് ബാങ്കര്‍മാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൂല്യനിര്‍ണ്ണയത്തിന് ശേഷവും, നിരവധി നിയന്ത്രണ പ്രക്രിയകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് […]

Update: 2022-01-08 05:59 GMT

ന്യൂഡല്‍ഹി: മൂല്യനിര്‍ണയം പ്രതീക്ഷിച്ചതിലും അധികം സമയമെടുക്കുന്നതിനാല്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ (എല്‍ ഐ സി) ഐ പി ഒ ഉണ്ടാവില്ല. 2022 മാര്‍ച്ചില്‍ അവസാനിക്കുന്ന നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ പുറത്തിറക്കാൻ തക്കവണ്ണം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഭീമന്‍ കമ്പനി അതിനുള്ള തയ്യാറെടുപ്പ് ജോലികള്‍ ഇപ്പോഴും പൂര്‍ത്തിയാക്കിയിട്ടില്ല.

എല്‍ ഐ സിയുടെ മൂല്യനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഇനിയും ചില പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ടെന്ന് മര്‍ച്ചന്റ് ബാങ്കര്‍മാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ അറിയിച്ചു. മൂല്യനിര്‍ണ്ണയത്തിന് ശേഷവും, നിരവധി നിയന്ത്രണ പ്രക്രിയകള്‍ അവസാനിപ്പിക്കേണ്ടതുണ്ടെന്ന് ഉദ്യോഗസ്ഥര്‍.

എന്നാല്‍, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഇന്‍വെസ്റ്റ്മെന്റ് ആന്റ് പബ്ലിക് അസറ്റ് മാനേജ്മെന്റ് സെക്രട്ടറി തുഹിന്‍ കാന്ത പാണ്ഡെ എല്‍ ഐ സിയുടെ ഐ പി ഓ പ്ലാനുകള്‍ നടക്കുകയാണെന്നും 2021-22 ജനുവരി-മാര്‍ച്ച് പാദത്തില്‍ ഇത് സംഭവിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ ഐ പി ഒ പരസ്യപ്പെടുത്താന്‍ പദ്ധതിയുണ്ടെന്ന് പാണ്ഡെ ട്വീറ്റ് ചെയ്തു.

സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) മാത്രമല്ല, ഇന്‍ഷുറന്‍സ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയും (ഐആര്‍ഡിഎഐ) ഐ പി ഒ പരിശോധിക്കേണ്ടതുണ്ടെന്ന് മര്‍ച്ചന്റ് ബാങ്കര്‍ കൂട്ടിച്ചേര്‍ത്തു. വലിപ്പം, റിയല്‍ എസ്റ്റേറ്റ് ആസ്തികള്‍, അനുബന്ധ സ്ഥാപനങ്ങള്‍, ലാഭക്ഷമത പങ്കിടല്‍, ഘടന എന്നിവ എല്‍ഐസിയുടെ മൂല്യനിര്‍ണ്ണയത്തെ സങ്കീര്‍ണ്ണമാക്കുന്നു. കൂടാതെ ഓഹരി വില്‍പ്പനയുടെ മൂല്യം നിശ്ചയിക്കപ്പെടാത്തതും ഐ പി ഒ പ്രസിദ്ധപ്പെടുത്താന്‍ കാലതാമസം നേരിടുന്നതിന് പ്രധാന കാരണമാണ്. പാലിക്കേണ്ട നിയന്ത്രണ നടപടിക്രമങ്ങളുടെ എണ്ണം കണക്കിലെടുക്കുമ്പോള്‍, ഏത് വിധത്തിലും നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തിലെ സമയപരിധി പാലിക്കുന്നത് ബുദ്ധിമുട്ടാണെന്ന് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ ഐ സി ഐ പി ഒ, ബിപിസിഎല്‍ സ്ട്രാറ്റജിക് സെയില്‍ എന്നിവയുടെ 1.75 ലക്ഷം കോടി രൂപയുടെ ഓഹരി വിറ്റഴിക്കല്‍ ലക്ഷ്യം കൈവരിക്കുന്നതിനുള്ള ലിസ്റ്റിങിലാണ് കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ, നിക്ഷേപം വിറ്റഴിക്കുന്നതിനെക്കുറിച്ച് സംസാരിച്ച ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മികച്ച രീതിയില്‍ മുന്നേറുന്നുവെന്ന് പ്രസ്ഥാവിച്ചിരുന്നു.

സാമ്പത്തിക കാര്യ കാബിനറ്റ് കമ്മിറ്റി (സി സി ഇ എ) ജൂലൈയില്‍ എല്‍ ഐ സിയുടെ ലിസ്റ്റിങിന് തത്വത്തില്‍ അനുമതി നല്‍കിയിരുന്നു. ഇടപാടിനായി 10 മര്‍ച്ചന്റ് ബാങ്കര്‍മാരെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. എല്‍ ഐ സിയുടെ ലിസ്റ്റിങ് സുഗമമാക്കുന്നതിന്, 1956 ലെ ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ നിയമത്തില്‍ ഈ വര്‍ഷം ആദ്യം സര്‍ക്കാര്‍ 27 ഭേദഗതികള്‍ വരുത്തിയിരുന്നു.

ഭേദഗതി പ്രകാരം, ഐ പി ഒയ്ക്ക് ശേഷമുള്ള ആദ്യ അഞ്ച് വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ എല്‍ ഐ സിയില്‍ കുറഞ്ഞത് 75 ശതമാനമെങ്കിലും കൈവശം വയ്ക്കും. തുടര്‍ന്ന് ലിസ്റ്റിങിന്റെ അഞ്ച് വര്‍ഷത്തിന് ശേഷം 51 ശതമാനവും കൈവശം വയ്ക്കുന്നു.എല്‍ ഐ സിയുടെ അംഗീകൃത ഓഹരി മൂലധനം 25,000 കോടി രൂപയായിരിക്കും. ഭേദഗതി വരുത്തിയ നിയമനിര്‍മ്മാണം അനുസരിച്ച് 10 രൂപ വീതമുള്ള 2,500 കോടി ഓഹരികളായി തിരിച്ചിരിക്കുന്നു. എല്‍ഐസി ഐപിഒയുടെ 10 ശതമാനം വരെ പോളിസി ഉടമകള്‍ക്കായി നീക്കിവച്ചിരിക്കും. 2021 ലെ ബജറ്റ് പ്രസംഗത്തില്‍, എല്‍ഐസിയുടെ ഐപിഒ ഏപ്രില്‍ 1 മുതലുള്ള സാമ്പത്തിക വര്‍ഷത്തില്‍ ആരംഭിക്കുമെന്ന് സീതാരാമന്‍ പറഞ്ഞിരുന്നു. നിലവില്‍, എല്‍ഐസിയില്‍ സര്‍ക്കാരിന് 100 ശതമാനം ഓഹരിയുണ്ട്. ലിസ്റ്റ് ചെയ്തുകഴിഞ്ഞാല്‍, 8-10 ലക്ഷം കോടി രൂപ മൂല്യമുള്ള വിപണി മൂലധന പ്രകാരം എല്‍ഐസി ഏറ്റവും വലിയ ആഭ്യന്തര കമ്പനികളിലൊന്നായി മാറും.

Tags:    

Similar News