പുതുവര്‍ഷത്തില്‍ പ്രതീക്ഷയോടെ ഭവന മേഖല

2020 ലെ വീഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി. ഭവന വില്‍പ്പന 50 ശതമാനത്തിലധികം വര്‍ധിച്ചു. 2030 ഓടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് മുന്‍പുള്ള വര്‍ഷം ഇത് 200 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാറുന്ന ട്രെന്‍ഡുകള്‍ ഇതിനൊരു ശുഭസൂചനയാണ്. ഡവലപ്പര്‍മാര്‍ക്കുള്ള ഡിമാന്‍ഡ് ഏകീകരണവും, പുതിയ വീടുകളുടെ അവതരണവും, വീടുകളെക്കാള്‍ ഫ്‌ളാറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നതും, ബില്‍ഡര്‍മാര്‍ ഡിജിറ്റല്‍ സാങ്കേതിക […]

Update: 2022-01-18 05:21 GMT

2020 ലെ വീഴ്ചയിൽ നിന്നും ശക്തമായ തിരിച്ചുവരവ് നടത്താനൊരുങ്ങി ഇന്ത്യന്‍ റിയല്‍ എസ്റ്റേറ്റ് വിപണി. ഭവന വില്‍പ്പന 50 ശതമാനത്തിലധികം വര്‍ധിച്ചു. 2030 ഓടെ ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി ഒരു ട്രില്യണ്‍ ഡോളറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കോവിഡിന് മുന്‍പുള്ള വര്‍ഷം ഇത് 200 ബില്യണ്‍ ഡോളറായിരുന്നു. ഇന്ത്യന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ മാറുന്ന ട്രെന്‍ഡുകള്‍ ഇതിനൊരു ശുഭസൂചനയാണ്. ഡവലപ്പര്‍മാര്‍ക്കുള്ള ഡിമാന്‍ഡ് ഏകീകരണവും, പുതിയ വീടുകളുടെ അവതരണവും, വീടുകളെക്കാള്‍ ഫ്‌ളാറ്റുകള്‍ക്ക് ഉപഭോക്താക്കള്‍ മുന്‍ഗണന നല്‍കുന്നതും, ബില്‍ഡര്‍മാര്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യകള്‍ വേഗത്തിലാക്കുന്നതുമെല്ലാം ഈ വര്‍ഷം വളര്‍ച്ചയ്ക്ക് നല്ല സൂചനകളാണ്.

ഭവനവായ്പകളുടെ കുറഞ്ഞ പലിശ നിരക്ക്, ചില സംസ്ഥാനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന കുറഞ്ഞ സ്റ്റാമ്പ് ഡ്യൂട്ടി, ഡെവലപ്പര്‍മാരില്‍ നിന്നുള്ള കിഴിവ് എന്നിവയാല്‍ ഈ വര്‍ഷം ആരംഭിച്ചത് റസിഡന്‍ഷ്യല്‍ മാര്‍ക്കറ്റിന് അനുകൂലമായാണ്. 2021-ന്റെ രണ്ടാം പകുതിയില്‍, ആദ്യ പകുതിയെക്കാള്‍ ഭവന വില്‍പ്പന ശക്തമായി. റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്കുള്ള ഡിമാന്‍ഡ് കുറ്റമറ്റ ട്രാക്ക് റെക്കോര്‍ഡ് ഉള്ള ഡെവലപ്പര്‍മാരിലേക്ക് മാറി. ലിസ്റ്റ് ചെയ്ത എല്ലാ ഡെവലപ്പര്‍മാര്‍ക്കും ബുക്കിംഗ് കണക്കുകളിൽ സെപ്റ്റംബര്‍ പാദത്തില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഇത് റിയല്‍ എസ്‌റ്റേറ്റ് ഓഹരികളിലും ഉയർച്ചയുണ്ടാക്കി.

പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് അനറോക്കിന്റെ കണക്ക് പ്രകാരം ഏഴ് പ്രധാന നഗരങ്ങളിലെ ഭവന വില്‍പ്പന കഴിഞ്ഞ വര്‍ഷം 47% കുറഞ്ഞ് 1.38 ലക്ഷം യൂണിറ്റുകളായി. ഡിസംബറോടുകൂടി ഇത് 56% ആയി ഉയര്‍ന്നു. ഹൗസിംഗ് ബ്രോക്കറേജ് സ്ഥാപനമായ PropTiger ഈ വര്‍ഷത്തെ ഭവന വില്‍പ്പനയില്‍ കുറഞ്ഞത് 15-20% വളര്‍ച്ച പ്രതീക്ഷിക്കുന്നു. ഭവന നിർമ്മാണത്തിനുപയോഗിക്കുന്ന സ്ഥലങ്ങളുടെ വില 2021 ല്‍ സ്ഥിരതയുള്ളതായിരുന്നു. ഇന്‍പുട്ട് ചെലവ് കുത്തനെ ഉയരുന്നതിനാല്‍ പുതുവര്‍ഷത്തില്‍ 5 മുതല്‍ 10 ശതമാനം വരെ വില ഉയരാന്‍ സാധ്യതയുണ്ട്.

2021-ൽ വ്യവസായങ്ങള്‍ രേഖപ്പെടുത്തിയ സുസ്ഥിര വളര്‍ച്ചയും, മഹാമാരിക്കാലത്തെ സാമ്പത്തിക തിരിച്ചുവരവി​ന്റെ സംഭാവനയും കണക്കിലെടുക്കുമ്പോള്‍ 2022 റിയല്‍ എസ്‌റ്റേറ്റിന്റെ വര്‍ഷമാകുമെന്ന് വിശ്വസിക്കുന്നതായി CREDAI പ്രസിഡന്റ് ഹര്‍ഷവര്‍ദ്ധന്‍ പട്ടോഡിയ പറഞ്ഞു.

“കാവിഡ് കേസുകളുടെ എണ്ണം കുറയുന്നതും, വീട് വാങ്ങുന്നവരുടെ എണ്ണം വര്‍ധിക്കുന്നതും, സുസ്ഥിരമായ തിരിച്ചു വരവി​ന് വഴിയൊരുക്കിയതായി” 2021 നെ വീണ്ടെടുപ്പിന്റെ വര്‍ഷം എന്നു വിശേഷിപ്പിച്ചുകൊണ്ട് നരെഡ്‌കോ (NAREDCO) പ്രസിഡന്റ് രാജന്‍ ബന്ദേല്‍ക്കര്‍ പറഞ്ഞു.

റിയല്‍ എസ്റ്റേറ്റ് മേഖലയിലെ വീണ്ടെടുക്കല്‍ സുഗമമാക്കുന്നതിന് ഭവനവായ്പയുടെ പലിശയില്‍ 1.5 ലക്ഷം രൂപയുടെ അധിക നികുതിയിളവ് 2022 മാര്‍ച്ച് 31 വരെ നീട്ടിയതായി ബജറ്റില്‍ പ്രഖ്യാപിച്ചു. 2019 ലെ ബജറ്റില്‍ 45 ലക്ഷം രൂപ വരെയുള്ള വീടുകള്‍ ആദ്യമായി വാങ്ങുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപ കിഴിവിന് പുറമെ 1.5 ലക്ഷം രൂപയുടെ അധിക കിഴിവ് അനുവദിച്ചു.

റിയല്‍ എസ്റ്റേറ്റ്, ഷോപ്പിംഗ് മാള്‍ എന്നിവയില്‍ ഭവനമേഖല പോലെ പുരോഗതി ഉണ്ടായില്ല. എന്നാല്‍ വെയര്‍ഹൗസിനും, വ്യാവസായിക ഇടങ്ങള്‍ക്കുമുള്ള ആവശ്യം മികച്ച എട്ട് നഗരങ്ങളിലായി 36 ദശലക്ഷം ചതുരശ്ര അടിയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ വ്യാപകമായി ഉപയോഗിക്കുന്നതോടെ റിയല്‍ എസ്‌റ്റേറ്റ് മേഖലയില്‍ പുതിയ അവസരങ്ങളായി ഡാറ്റാ സെന്റര്‍ പ്രൊജക്ടുകള്‍ വന്നു. എന്നാല്‍ ‘വര്‍ക്ക് ഫ്രം ഹോം’ വന്നത് ഇതിനൊരു തടസ്സമായി.

ഏഴ് പ്രധാന നഗരങ്ങളിലായി ഈ വര്‍ഷം ഏകദേശം 25 ദശലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഓഫീസ് സ്ഥലത്തിന്റെ നെറ്റ് ലീസിംഗ് നിലനില്‍ക്കുമെന്ന് ഗ്ലോബല്‍ പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് ആയ ജെ എല്‍ എല്‍ (JLL) പ്രതീക്ഷിക്കുന്നു. 47.8 ദശലക്ഷം ചതുരശ്ര അടിയില്‍ ഓഫീസ് സ്ഥലം വാടകയ്‌ക്കെടുത്ത 2019-ലെ റെക്കോര്‍ഡ് നിലയിലെത്താന്‍ രണ്ട് വര്‍ഷമെങ്കിലും എടുക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി.

മഹാമാരിക്കാലം ആയിരുന്നിട്ടും മൂലധന വിപണിയില്‍ മാന്യമായ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷം കണ്ടു. ഇന്ത്യയിലെ മൂന്നാമത്തെ റിയല്‍ എസ്റ്റേറ്റ് ഇന്‍വെസ്റ്റ്‌മെന്റ് ട്രസ്റ്റ് (REIT) ആയ ബ്രൂക്ക്ഫീല്‍ഡ് ഇന്ത്യ 3,800 കോടി രൂപയുടെ ഐ പി ഒ യ്ക്കു ശേഷം ഫെബ്രുവരിയില്‍ ലിസ്റ്റ് ചെയ്തു. ഏപ്രിലില്‍ മാക്രോടെക് ഡെവലപ്പേഴ്‌സ് ഐ പി ഒ യിലൂടെ 2,500 കോടി രൂപ സമാഹരിച്ചപ്പോള്‍, ശ്രീറാം പ്രോപ്പര്‍ട്ടീസ് ഡിസംബറില്‍ ഐ പി ഒ യിലൂടെ 600 കോടി രൂപ സമാഹരിച്ചു. ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ പ്ലേസ്‌മെന്റിലൂടെ (QIP) മാക്രോടെക് ഡെവലപ്പേഴ്‌സും, ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസും സ്ഥാപന നിക്ഷേപകര്‍ക്ക് ഓഹരികള്‍ വിറ്റ് യഥാക്രമം 4,000 കോടി രൂപയും 3,750 കോടി രൂപയും സമാഹരിച്ചു. ക്യൂ ഐ പി-യിലൂടെ ഫണ്ട് സമാഹരിച്ചതിന് ശേഷം, പുതിയ പ്രൊജക്ടുകള്‍ ഏറ്റെടുക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി അടുത്ത രണ്ട് വര്‍ഷങ്ങളില്‍ ഒരു ബില്യണ്‍ ഡോളറിലധികം നിക്ഷേപിക്കാനുള്ള പദ്ധതികള്‍ ഗോദ്‌റെജ് പ്രോപ്പര്‍ട്ടീസ് പ്രഖ്യാപിച്ചു.

റിയല്‍ എസ്റ്റേറ്റ് പ്ലാറ്റഫോമായ NoBroker.com, പ്രോപ്‌ടെക് മേഖലയിലെ ആദ്യത്തെ യൂണികോണ്‍ ആകുന്നതിന് നിക്ഷേപകരില്‍ നിന്ന് 210 മില്യണ്‍ ഡോളര്‍ (1,575 കോടി രൂപ) സമാഹരിച്ചു. ആഗോള നിക്ഷേപ സ്ഥാപനമായ ബ്ലാക്ക്‌സ്റ്റോണ്‍ 5,250 കോടി രൂപയുടെ ബിഗ് ടിക്കറ്റ് ഇടപാടില്‍ വാര്‍ബര്‍ഗ് പിന്‍കസില്‍ നിന്നും, എംബസി ഗ്രൂപ്പില്‍ നിന്നും എംബസി ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകള്‍ ഏറ്റെടുത്തു.

ജെ എല്‍ എല്‍ ഡാറ്റ പ്രകാരം, റിയല്‍ എസ്റ്റേറ്റിലെ സ്ഥാപന നിക്ഷേപം ഈ വര്‍ഷം 20 ശതമാനം ഇടിഞ്ഞ് 4 ബില്യണ്‍ യു എസ് ഡോളറായി കുറയാന്‍ സാധ്യതയുണ്ട്. കടക്കെണിയിലായ ലവാസ കോര്‍പ്പറേഷനെ ഏറ്റെടുക്കാനുള്ള മുംബൈ ആസ്ഥാനമായുള്ള ഡാര്‍വിന്‍ പ്ലാറ്റ്‌ഫോം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ശ്രമം ബാങ്ക് അംഗീകരിച്ചു.

ഇന്ത്യന്‍ റെസിഡന്‍ഷ്യല്‍ റിയല്‍ എസ്റ്റേറ്റ് വിപണി ഒരു ദീര്‍ഘകാല മുന്നേറ്റത്തിന് തുടക്കമിട്ടതായും, 2021 നെക്കാള്‍ 2022 മെച്ചമാകാന്‍ സാധ്യതയുണ്ടെന്നും അനറോക്ക് ചെയര്‍മാന്‍ അനുജ് പുരി പറഞ്ഞു.

Tags:    

Similar News