വലിയ തുകയുടെ ഇന്‍ഷുറന്‍സുകള്‍ വാങ്ങാന്‍ മാര്‍ച്ച് തന്നെ അനുയോജ്യം
- ഏപ്രില്‍ 1 മുതല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ മാറ്റങ്ങള്‍
പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഇന്‍ഷുറന്‍സ് മേഖലയില്‍ വലിയ മാറ്റങ്ങള്‍ വരാനിരിക്കുകയാണ്. 2023-24 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റില്‍ പ്രഖ്യാപിച്ച മാറ്റങ്ങള്‍ ഏപ്രില്‍ ഒന്നു മുതല്‍ പ്രാവര്‍ത്തികമാക്കുന്നതോടെ ഇന്‍ഷുറന്‍സ് മേഖലയില്‍ നികുതി വരാന്‍ പോവുകയാണ്.
ഈ ഏപ്രില്‍ ഒന്നിന് ശേഷം വാങ്ങുന്ന, വാര്‍ഷിക പ്രീമിയം അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ വരുന്ന ഇന്‍ഷുറന്‍സ് പ്ലാനുകള്‍ക്ക് സര്‍ക്കാര്‍ നികുതി ചുമത്തുമെന്ന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റില്‍ വ്യക്തമാക്കിയിരുന്നു. പോളിസികളില്‍ നിന്ന് കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് ഇനി മുതല്‍ നികുതി ഉണ്ടാകും.
നികുതി ബാധകമാകുന്നത് എവിടെ
2024 സാമ്പത്തിക വര്‍ഷത്തില്‍ ഒരു സേവിംഗ്സ് കം ലൈഫ് പോളിസി വാങ്ങുന്ന വ്യക്തിയുടെ വാര്‍ഷിക പ്രീമിയം അഞ്ച് ലക്ഷം രൂപയില്‍ കൂടുകയാണെങ്കില്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസിയില്‍ നിന്നുള്ള വരുമാനത്തിന് നികുതി ചുമത്തപ്പെടും. ഒരു വ്യക്തിഗത നിക്ഷേപകന്റെ ഒന്നിലധികം പോളിസികള്‍ക്ക് ഇത് ബാധകമാണ്.
പുതിയ നിര്‍ദേശ പ്രകാരം, ഇന്‍ഷുര്‍ ചെയ്ത വ്യക്തിയുടെ മരണത്തിന് ലഭിക്കുന്ന തുകയ്ക്ക് നല്‍കുന്ന നികുതി ഇളവ് തുടരും. ഉയര്‍ന്ന ആസ്തിയുള്ള വ്യക്തികള്‍ ഇന്‍ഷൂറന്‍സ് പോളിസി ഉപയോഗിച്ച് നികുതി ഇളവ് സൗകര്യം ദുരുപയോഗം ചെയ്യുന്നതിനാലാണ് കേന്ദ്ര സര്‍ക്കാര്‍ ഇളവിന് പരിധി കൊണ്ടുവന്നത്. നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ നികുതി രഹിത ആനുകൂല്യം ലഭിക്കുന്നവയാണ്.
യുഎല്‍ഐപി
യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷൂറന്‍സ് പ്ലാന്‍ (യുഎല്‍ഐപി) ഒഴികെയുള്ള ലൈഫ് ഇന്‍ഷുറന്‍സ് പോളിസികള്‍ക്കാണ് പുതിയ നിയമം ബാധകമാകുന്നത്. മാര്‍ച്ച് 31ന് മുന്‍പ് വാങ്ങുന്ന പോളിസികള്‍ക്ക് ഈ നിയമം ബാധകമാകില്ല. ഇതിനാല്‍ ഉയര്‍ന്ന പ്രീമിയമുള്ള പോളിസികള്‍ വാങ്ങുന്നവര്‍ക്ക് മുന്നില്‍ ഇനി വിരലില്‍ എണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കി.
ഒന്നിലധികം പോളിസികള്‍ക്കും ബാധകം
ഒരു ഇന്‍ഷുറന്‍സ് പോളിസിയില്‍ നിന്നോ ഒന്നിലധികം പോളിസികളില്‍ നിന്നോ ഉള്ള മൊത്തം പ്രീമിയം ഒരു വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപ കവിഞ്ഞാലും തുക നികുതി വിധേയമാകും. നിലവില്‍ വാങ്ങിയ പോളിസി കാലാവധിയെത്തുമ്പോള്‍ നിയമം ബാധകമാകില്ല.
വാര്‍ഷിക പ്രീമിയം 250,000 രൂപയില്‍ കൂടുതലുള്ള യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകളില്‍ നിന്ന് കാലാവധിയില്‍ ലഭിക്കുന്ന തുകയ്ക്ക് നിലവില്‍ നികുതി ഇളവൊന്നും ലഭിക്കുന്നില്ല. 2022-23 സാമ്പത്തിക വര്‍ഷത്തിലെ ബജറ്റിലാണ് ഈ ഇളവ് ഒഴിവാക്കിയത്.
80സി നികുതി ഇളവ്
ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 80സി പ്രകാരം ലൈഫ് ഇന്‍ഷുറന്‍സ് പോളിസി പ്രീമിയമായി അടയ്ക്കുന്ന തുകയ്ക്ക് 1.50 ലക്ഷം രൂപ നികുതി ഇളവ് ലഭിക്കുന്നുണ്ട്. ഇത് തുടരും.
ഇന്‍ഷൂറന്‍സ് കമ്പനികളെ ബാധിക്കും
നികുതി ഇളവ് നഷ്ടമാകുന്നതോടെ ഇന്‍ഷുറന്‍സ് മേഖലയ്ക്ക് തിരിച്ചടിയാകും. എച്ച്ഡിഎഫ്സി ലൈഫ്, എസ്ബിഐ ലൈഫ് ഇന്‍ഷുറന്‍സ്, ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് കോ, ലൈഫ് ഇന്‍ഷുറന്‍സ് ഓഫ് ഇന്ത്യ, ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, മാക്സ് ഫിനാന്‍ഷ്യല്‍ തുടങ്ങിയ ഇന്‍ഷുറന്‍സ് കമ്പനികളെ ഇവ ബാധിക്കും.