കാട് കയറാം, വെള്ളച്ചാട്ടത്തിനടുത്ത് രാവുറങ്ങാം..പോകാം ചിന്നാറിലേയ്ക്ക്

വന്യതയ്ക്കു നടുവില്‍ ശാന്തമായുറങ്ങി മഞ്ഞ ബുള്‍ബുള്‍ പക്ഷികളുടെ ചിലമ്പല്‍ കേട്ടുണരുക, കാട്ടുപോത്തുകളും ആനക്കൂട്ടങ്ങളും കണ്‍മുമ്പിലൂടെ നീങ്ങുന്നത് കണ്‍നിറയെ കാണാം. നഗര ജീവിതത്തിന്റെ പിരിമുറുക്കം ഉണ്ടാക്കിയ ആന്തരീകമായ മുറിവുകളുക്കാന്‍ നല്ലൊരു ഔഷധമാണ് ഈ പറഞ്ഞതെല്ലാം. ഇതെല്ലാം ഒരുമിച്ച് അനുഭവിക്കാന്‍ എവിടെ സാധിക്കും എന്നതിനുള്ള ഉത്തരമാണ് ചിന്നാര്‍. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാര്‍. ജൈവവൈവിധ്യത്തിന്റെ കലവറയാണിവിടം. പുല്‍മേടുകളും മുള്‍ക്കാടുകളും ചോലവനങ്ങളും നിറഞ്ഞ ചിന്നാര്‍ വംശനാശ ഭീഷണി നേരിടുന്ന ചാമ്പല്‍ മലയണ്ണാന്റെയും നക്ഷത്ര […]

Update: 2022-05-09 06:35 GMT
വന്യതയ്ക്കു നടുവില്‍ ശാന്തമായുറങ്ങി മഞ്ഞ ബുള്‍ബുള്‍ പക്ഷികളുടെ ചിലമ്പല്‍ കേട്ടുണരുക, കാട്ടുപോത്തുകളും ആനക്കൂട്ടങ്ങളും കണ്‍മുമ്പിലൂടെ നീങ്ങുന്നത് കണ്‍നിറയെ കാണാം. നഗര ജീവിതത്തിന്റെ പിരിമുറുക്കം ഉണ്ടാക്കിയ ആന്തരീകമായ മുറിവുകളുക്കാന്‍ നല്ലൊരു ഔഷധമാണ് ഈ പറഞ്ഞതെല്ലാം. ഇതെല്ലാം ഒരുമിച്ച് അനുഭവിക്കാന്‍ എവിടെ സാധിക്കും എന്നതിനുള്ള ഉത്തരമാണ് ചിന്നാര്‍. പശ്ചിമഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന കേരളത്തിലെ ഏക വന്യജീവി സങ്കേതമാണ് ചിന്നാര്‍. ജൈവവൈവിധ്യത്തിന്റെ കലവറയാണിവിടം. പുല്‍മേടുകളും മുള്‍ക്കാടുകളും ചോലവനങ്ങളും നിറഞ്ഞ ചിന്നാര്‍ വംശനാശ ഭീഷണി നേരിടുന്ന ചാമ്പല്‍ മലയണ്ണാന്റെയും നക്ഷത്ര ആമകളുടെയും വാസസ്ഥലം കൂടിയാണ്. നിറക്കൂട്ടിനകത്തുപെട്ടതുപോലെയാണ് ചിന്നാറില്‍ ചെന്നാല്‍. മുന്നാര്‍ മലനിരകള്‍ കടന്ന് മറയൂരിലെത്തുമ്പോള്‍ തന്നെ മഴ നമുക്ക് അന്യമാകും. എന്നുവച്ച് ചിന്നാര്‍ ഒരിക്കലും നമ്മെ നിരാശരാക്കില്ല. സാഹസികരെയും സഞ്ചാരികളെയും സകുടുംബയാത്രികരെയും തുടങ്ങി ഏത് തരം യാത്രികര്‍ക്കും ഒരു പോലെ ഇഷ്ടപ്പെടുന്ന പ്രകൃതിയുടെ വിസ്മയമാണ് ചിന്നാര്‍.
എവിടെയാണ് ചിന്നാര്‍
മൂന്നാറില്‍ നിന്ന് തമിഴ്നാട്ടിലേക്ക് പോകുന്ന സംസ്ഥാന പാത 17ല്‍ മറയൂറില്‍ നിന്ന് 18 കിലോമീറ്റര്‍ അകലെയായാണ് ചിന്നാര്‍ വന്യജീവി സങ്കേതം. ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിലെ മറയൂര്‍ കാന്തല്ലൂര്‍ എന്നീ പഞ്ചായത്തുകളിലാണ് ഈ വന്യജീവി സങ്കേതം വ്യാപിച്ച് കിടക്കുന്നത്. കേരളത്തിലെ 12 സംരക്ഷിത വനമേഖലകളില്‍ ഒന്നുകൂടിയാണ് ചിന്നാര്‍ വന്യജീവി സങ്കേതം. ഈ പ്രദേശം പശ്ചിമ ഘട്ടത്തിലെ മഴനിഴല്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്നതിനാല്‍ ഹരിത വൈവിധ്യത്തിന്റെ കലവറയാണ്. ചിന്നാറിന്റെ എടുത്തുപറയേണ്ട പ്രത്യേകതകളിലൊന്ന് അവിടെ അതിവസിക്കുന്ന ജീവജാലങ്ങളുടെ വൈവിധ്യമാണ്. നക്ഷത്രയാമ, വംശനാശ ഭീഷണി നേരിടുന്ന മലയണ്ണാന്‍, സാമ്പാള്‍ മാനുകള്‍ തുടങ്ങിയ അത്യപൂര്‍വ്വ ജീവികളെ നമുക്കിവിടെ കാണാം.
ചിന്നയാറിന്റെ സുന്ദരി
പേര് പോലെ തന്നെ ഒരു ചിന്നയാറാണ് ചിന്നാര്‍. മഴ അധികം ലഭിക്കാത്ത പ്രദേശമായതിനാല്‍ പുഴയിലെ വെള്ളം ഒരിക്കലും നമ്മുടെ മുട്ടിന് മുകളിലെത്തില്ല.അതുകൊണ്ട് പുഴയില്‍ വളരെ സുരക്ഷിതമായി ഇറങ്ങിക്കുളിക്കാം. പിന്നെ കാടിനുള്ളില്‍ ചിന്നാറിന്റെ ഓരത്ത് സജീകരിച്ചിരിക്കുന്ന മരവീടുകളില്‍ താമസിക്കാം. കാടിന്റെ മര്‍മരങ്ങള്‍ക്കൊപ്പം കളിച്ചുല്ലസിച്ചൊഴുകുന്ന ചിന്നാറിന്റെ കളകളാരവും കേട്ട് ഒരു രാത്രി ചെലവഴിക്കണോ? നേരേ ചിന്നാറിലേയ്ക്ക് വിട്ടാല്‍ മതി. സഞ്ചാരികള്‍ക്ക് വര്‍ഷം മുഴുവനും പ്രവേശനാനുമതിയുണ്ട് ഇവിടെ. പക്ഷിനിരീക്ഷകരുടെ ഇഷ്ടസ്ഥലം കൂടിയാണ് ചിന്നാര്‍. പ്രാദേശിക ജനവിഭാഗങ്ങളുടെ നേതൃത്വത്തിലുള്ള ഇക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ സഹകരണത്തോടെ വനം വകുപ്പാണ് ചിന്നാറിലെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ട്രെക്കിംഗ്
പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് ചിന്നാര്‍ നദിയുടെ തീരത്തുകൂടെ ട്രെക്കിംഗ് നടത്തുക എന്നതാണ് ചിന്നാറിലെത്തിയാല്‍ നിങ്ങള്‍ ആദ്യം ചെയ്യേണ്ട കാര്യം. ഇവിടെയെത്തുന്ന സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്ന് മലയണ്ണാന്‍മാരുടെ മരംചാട്ടമാണ്. ചിന്നാറില്‍ നിന്ന് ചുള്ളിപ്പെട്ടിയിലേക്കും കൂറ്റാറിലേക്കും ട്രെക്കിംഗ് നടക്കുന്നുണ്ട്. മഹാശിലായുഗ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് പറയപ്പെടുന്ന മുനിയറകള്‍ കാണാനും ചിന്നാറില്‍ നിന്ന് ട്രെക്കിംഗ് നടത്തപ്പെടുന്നുണ്ട്. നദീതീര ട്രെക്കിങ്ങ്, തൂവാനം വെള്ളച്ചാട്ടത്തിലേക്കുള്ള ട്രെക്കിങ്ങ്, ഗോത്രവര്‍ഗ ഊരുകളിലേക്കുള്ള ട്രെക്കിങ്ങ്, എന്നിവയ്ക്കും അനുയോജ്യമാണ്. മാത്രമല്ല ചിന്നാര്‍ വന്യജീവി സങ്കേതത്തിന്റെ പനോരമിക് വ്യൂ കാണാന്‍ ഇവിടെ ഒരു വാച്ച് ടവറും നിര്‍മ്മിച്ചിട്ടുണ്ട്. ദേശീയ പാത 17ൽ ഉള്ള ചിന്നാര്‍ ചെക്ക് പോസ്റ്റില്‍ നിന്ന് 20 മിനിറ്റ് നടന്നാല്‍ വാച്ച് ടവറില്‍ എത്താം. വാച്ച് ടവറില്‍ കയറി കാഴ്ചകള്‍ കാണുന്നതിന് 15 രൂപയാണ് ഫീസ്.
വെള്ളച്ചാട്ടം കണ്ട് അതിനടുത്ത് താമസിക്കാം
ചിന്നാറിനോട് ഏറ്റവും അടുത്തുസ്ഥിതിചെയ്യുന്ന പ്രശസ്തമായൊരു വെളളച്ചാട്ടമാണ് തൂവാനം. പോകുംവഴിയില്‍ അങ്ങ് ദൂരെയായി കനത്തകാടുകള്‍ക്കിടയിലൂടെ പാലരുവി ഒഴുകി താഴേയ്ക്ക് പതിക്കുന്ന കാഴ്ച്ച വാക്കുകള്‍കൊണ്ട് വര്‍ണ്ണിക്കാനാവില്ല. പേര് പോലെ തന്നെ അതിമനോഹരമായൊരു വെള്ളച്ചാട്ടം. തൂവിത്തെറിക്കുന്ന വെള്ളത്തുള്ളികള്‍ക്ക് പാല്‍നിറമാണെന്ന് തോന്നിപ്പിക്കുന്ന പ്രകൃതിയുടെ വിരുന്ന്. ട്രെക്കിംഗിലൂടെ മാത്രമേ നമുക്ക് തൂവാനം വെള്ളച്ചാട്ടത്തിനടുത്തെത്താന്‍ സാധിക്കു. മൂന്നാറിലെ ഏറ്റവും പ്രശസ്തമായ ട്രെക്കിംഗാണ് ചിന്നാര്‍ വന്യജീവി സങ്കേതത്തിലൂടെയുള്ള തൂവാനം ട്രെക്കിംഗ്.
84 അടി മുകളില്‍ നിന്നും താഴേയ്ക്ക് പതിയ്ക്കുന്ന തൂവാനം, ഇടുക്കി ജില്ലയിലെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടമാണെന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ചിന്നാര്‍ വന്യജീവി സങ്കേതത്തിനുള്ളില്‍ പാമ്പാര്‍ എന്ന സ്ഥലത്താണിത്. ആലാംപട്ടി ചെക്ക് പോസ്റ്റില്‍ നിന്നുമാണ് ഇവിടേക്കുള്ള ട്രക്കിങ്ങ് ആരംഭിക്കുന്നത്. വനത്തിലൂടെ ഏകദേശം മൂന്നു മണിക്കൂറോളം നീളുന്ന ട്രക്കിങ്ങിലൂടെ മാത്രമേ കാടിനുള്ളിലെ വെള്ളച്ചാട്ടത്തിലെത്താനാവൂ. വെള്ളച്ചാട്ടം അടുത്തു നിന്നുകാണാം എന്നതു മാത്രമല്ല, അതിലിറങ്ങുവാനും കുളിക്കുവാനും ഒക്കെ സൗകര്യമുണ്ട്. ഇനി വെള്ളച്ചാട്ടത്തിനുത്ത് താമസിക്കണോ. അതിനുള്ള സൗകര്യവും വനം വകുപ്പ് ഒരുക്കിയിട്ടുണ്ട്. ചിന്നാറിലും തൂവാനം വെള്ളച്ചാട്ടത്തിനടുത്തുമായി ലോഗ് ഹൗസുകള്‍ തെരഞ്ഞെടുക്കാം. സുഹൃത്തുക്കളെയോ,പങ്കാളിയേയോ, കുടുംബത്തേയോ ഒപ്പം കൂട്ടി ഒരു വനയാത്രയങ്ങ് പോകാം. വന്യജീവികള്‍ക്കൊപ്പം ഒരു രാത്രി ചെലവഴിക്കാം.
Tags:    

Similar News