ഡിടിഎച്ച് നിരക്ക് കൂട്ടാന്‍ ട്രായ്, ഒടിടിയിലേക്ക് വരിക്കാര്‍ കൂടുമാറുമെന്ന് ആശങ്ക
കേബിള്‍ ടെലിവിഷന്‍ വ്യവസായം പ്രതിമാസം 2.5 ശതമാനത്തോളം വരിക്കാരുടെ കുറവ് നേരിടുന്നുണ്ട്.
ഡിടിഎച്ച് നിരക്ക് കൂട്ടാന്‍ ട്രായ്, ഒടിടിയിലേക്ക് വരിക്കാര്‍ കൂടുമാറുമെന്ന് ആശങ്ക
ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്) ടിവി ചാനലുകളുടെ നിരക്കുയര്‍ത്തുന്നു. ടിവി ചാനലുകളുടെ നിരക്കുയര്‍ത്തിയതുമായി ബന്ധപ്പെട്ട് ട്രായ് പുറത്തിറക്കിയ താരിഫ് ഫെബ്രുവരി ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. 30 ശതമാനത്തോളം നിരക്ക് ഉയര്‍ത്തുമെന്നാണ് സൂചന. ജനശ്രദ്ധ നേടുന്ന ഒടിടി പ്ലാറ്റ്‌ഫോമുകളുടെ വളര്‍ച്ചയ്‌ക്കൊപ്പം, താരിഫ് വര്‍ധനയും കൂടി വന്നാല്‍ നിലവിലുള്ള വരിക്കാരുടെ എണ്ണം കുറയുന്നതിന് കാരണമാകുമോ എന്ന ആശങ്ക ഡിടിഎച്ച്, കേബിള്‍ ഓപ്പറേറ്റര്‍മാരിലുണ്ട്. താരിഫ് വര്‍ധന ഉത്തരവ് നടപ്പാക്കുന്നത് നിര്‍ത്തിവക്കാന്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ ട്രായിയെ സമീപിച്ചതായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട കേസിന്റെ അന്തിമ വാദം ഫെബ്രുവരി 8ന് കേരള ഹൈക്കോടതി കേള്‍ക്കാനിരിക്കുകയാണ്.
നവംബറില്‍, ട്രായ് പുതിയ താരിഫ് ഓര്‍ഡറില്‍ ഭേദഗതി വരുത്തി 12 രൂപയില്‍ നിന്ന് 19 രൂപയായി ഉയര്‍ത്തിയിരുന്നു. ഇത്തരത്തില്‍ താരിഫ് വര്‍ധിപ്പിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമുകളിലേക്ക് വരിക്കാര്‍ മാറുന്നതിന് കാരണമാകുമെന്നും, നിലവില്‍ സോണി, സീ പോലുള്ള പല ചാനലുകളും സ്വന്തമായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ നടത്തുന്നതിനാല്‍ സാധാരണ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരെ ബാധിക്കുമെന്നും ഓപ്പറേറ്ററര്‍മാര്‍ ആശങ്കപ്പെടുന്നു.
കേബിള്‍ ടെലിവിഷന്‍ വ്യവസായം പ്രതിമാസം 2.5 ശതമാനത്തോളം വരിക്കാരുടെ കുറവ് നേരിടുണ്ടെന്നും ബിസിനസ്സില്‍ നഷ്ടം തുടരുന്നതിനാല്‍ ഏകദേശം 1,50,000 ആളുകള്‍ക്ക് ജോലി നഷ്ടപ്പെടുമെന്ന സാഹചര്യമാണെന്നും, നിലവിലെ താരിഫ് വര്‍ധന ഈ ആശങ്കയെ കൂടുതല്‍ ബലപ്പെടുത്തുന്നതാണെന്നും ഓള്‍ ഇന്ത്യ ഡിജിറ്റല്‍ കേബിള്‍ ഫെഡറേഷന്‍ (എഐഡിസിഎഫ്) അഭിപ്രായപ്പെട്ടു.
എന്നാല്‍ ഉപഭോക്താക്കള്‍ക്ക് നെറ്റ്വര്‍ക്ക് കപ്പാസിറ്റി ഫീസില്‍ (എന്‍സിഎഫ്) 40-50 രൂപ വരെ ലാഭിക്കാമെന്ന് ട്രായ് വ്യക്തമാക്കി. ഇപ്പോള്‍ 100 ചാനലുകള്‍ക്ക് പകരമായി 228 ടി വി ചാനലുകള്‍ ലഭിക്കുന്നതിനാല്‍ എന്‍സിഎഫിന് പരമാവധി 130 രൂപയെ ആവുകയുള്ളുവെന്നും ട്രായ് ഉത്തരവില്‍ പറയുന്നു. കൂടാതെ മള്‍ട്ടി-ടിവി ഹോമുകള്‍ക്കായുള്ള ഭേദഗതി വരുത്തിയ എന്‍സിഎഫ് രണ്ടാമത്തെ ടെലിവിഷന്‍ സെറ്റുകളില്‍ 60 ശതമാനം വരെ ലഭിക്കാന്‍ കഴിയുമെന്നും ഉത്തരവില്‍ ട്രായ് പ്രസ്താവിച്ചു.
ഓവര്‍-ദി-ടോപ്പ് പ്ലാറ്റ്ഫോമുകളും സൗജന്യ ഡിഷ് സേവനങ്ങളും നിയന്ത്രിക്കണമെന്ന് കഴിഞ്ഞ വര്‍ഷം പ്രാദേശിക കേബിള്‍ ഓപ്പറേറ്റര്‍മാര്‍ ടെലികോം റെഗുലേറ്ററോട് ആവശ്യപ്പെട്ടിരുന്നു. സൗജന്യമായി ലഭിക്കുന്ന ചാനലുകള്‍ ഉപഭോക്താക്കള്‍ക്ക് വില്‍ക്കാന്‍ ബ്രോഡ്കാസ്റ്റര്‍മാര്‍ തങ്ങളെ നിര്‍ബന്ധിക്കുന്നതായും അവര്‍ എടുത്തുപറഞ്ഞിരുന്നു.