ടെലികോം കമ്പനികള്‍ 15-20 ശതമാനം താരിഫ് വര്‍ധിപ്പിക്കുന്നു
- ഇന്ത്യന്‍ വിപണിയില്‍ ജിയോയ്ക്കും എയര്‍ടെല്ലിനും കൂടിയുള്ള വിപണി പങ്കാളിത്തം 82 ശതമാനത്തോളമാണ്
- 2024 മാര്‍ച്ച് 23 മുതല്‍ ഐപിഎല്‍ ആരംഭിച്ചതോടെ ഡാറ്റ ഉപഭോഗം ഉയരുമെന്ന പ്രതീക്ഷയിലാണ് ജിയോ
- ലോകത്തില്‍ ഏറ്റവും കുറഞ്ഞ ടെലികോം നിരക്കുള്ളത് ഇന്ത്യയിലാണ്
ടെലികോം കമ്പനികള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനു ശേഷം താരിഫ് വര്‍ധിപ്പിക്കുമെന്നു സൂചന. രാജ്യത്തെ പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍ നിരക്ക് വര്‍ധിപ്പിക്കുമെന്ന് ദേശീയ മാധ്യമമായ ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ജിയോ നിരക്ക് വര്‍ധിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. പകരം, ഇളവുകളും മറ്റും നല്‍കി ഡാറ്റ ഉപഭോഗം (data consumption) പ്രോത്സാഹിപ്പിക്കുന്ന നടപടികളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സൂചനയുണ്ട്.
ഇതിലൂടെ ഒരു യൂസര്‍ ഉയര്‍ന്ന ഡാറ്റാ പാക്കേജുകള്‍ തേടി പോകാനുള്ള സാധ്യത വര്‍ധിക്കുകയും എആര്‍പിയുവില്‍ (ആവറേജ് റവന്യു പെര്‍ യൂസര്‍) പുരോഗതി കൈവരിക്കാന്‍ ഇടയാക്കുകയും ചെയ്യുമെന്നാണു ജിയോ കണക്കുകൂട്ടുന്നത്.
ഒക്ടോബര്‍-ഡിസംബര്‍ പാദത്തില്‍ ജിയോയുടെ എആര്‍പിയുവില്‍ ഇടിവ് നേരിട്ടിരുന്നു.
2024 മാര്‍ച്ച് 23 മുതല്‍ ഐപിഎല്‍ ആരംഭിച്ചതോടെ ഡാറ്റ ഉപഭോഗം ഉയരുമെന്ന പ്രതീക്ഷയിലാണ് ജിയോ.
ലോകത്തില്‍ ഏറ്റവും കുറഞ്ഞ ടെലികോം നിരക്കുള്ളത് ഇന്ത്യയിലാണ്. 2016 സെപ്റ്റംബറില്‍ റിലയന്‍സ് ജിയോ വിപണിയിലെത്തിയപ്പോള്‍ നല്‍കിയ വന്‍ ഓഫറാണ് ടെലികോം നിരക്ക് കുറയ്ക്കാന്‍ ഭൂരിഭാഗം ടെലികോം കമ്പനികളെ നിര്‍ബന്ധിതരാക്കിയത്.
വരിക്കാരെ നിലനിര്‍ത്താനും ആകര്‍ഷിക്കാനും ഇന്ത്യയിലെ മുന്‍നിര ടെലികോം കമ്പനികള്‍ മത്സരിക്കുന്നതിന്റെ ഭാഗമായിട്ടാണ് നിരക്ക് കുറച്ചത്. ഇതാകട്ടെ, ഭൂരിഭാഗം കമ്പനികളുടെയും മാര്‍ജിനുകളെ വരെ സാരമായി ബാധിക്കാനും കാരണമായി.
കഴിഞ്ഞ വര്‍ഷം 5ജി നെറ്റ് വര്‍ക്ക് സ്ഥാപിക്കാന്‍ വന്‍ തുകയാണ് ടെലികോം കമ്പനികള്‍ക്ക് ചെലവഴിക്കേണ്ടി വന്നത്. ഈ പശ്ചാത്തലത്തില്‍ താരിഫ് വര്‍ധനയിലൂടെ വരുമാനം കണ്ടെത്താതെ മറ്റു വഴികളില്ലെന്നും കമ്പനികള്‍ക്ക് ബോധ്യപ്പെട്ടിരിക്കുന്നു.
ഇന്ത്യന്‍ വിപണിയില്‍ ജിയോയ്ക്കും എയര്‍ടെല്ലിനും കൂടിയുള്ള വിപണി പങ്കാളിത്തം 82 ശതമാനത്തോളമാണ്.
വൊഡാഫോണ്‍ ഐഡിയയ്ക്ക് 18,5 ശതമാനവും വരും.