മസ്‌ക്കിന്റെ സ്റ്റാര്‍ലിങ്കിന് ടെലികോം അനുമതി ; അംബാനിയുടെ ജിയോ വീഴുമോ ?
- സ്റ്റാര്‍ലിങ്കിനു ലൈസന്‍സ് ലഭിച്ചു കഴിഞ്ഞാലും പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ പിന്നെയും കടമ്പകള്‍ ബാക്കിയുണ്ട്
- ജിയോയ്ക്ക് ഇപ്പോള്‍ 439 ദശലക്ഷം ടെലികോം ഉപയോക്താക്കളുണ്ട്
ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്റ്റാര്‍ലിങ്കിന് ഇന്ത്യയില്‍ സേവനങ്ങള്‍ ആരംഭിക്കാന്‍ ടെലികോം മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്.
ഈ മാസാവസാനം ചേരുന്ന ഉന്നതതല യോഗത്തില്‍ സാറ്റലൈറ്റ് വഴിയുള്ള ഗ്ലോബല്‍ മൊബൈല്‍ പേഴ്‌സണല്‍ കമ്മ്യൂണിക്കേഷനുള്ള (ജിഎംപിസിഎസ്) സര്‍വീസ് ലൈസന്‍സിനുള്ള സ്റ്റാര്‍ലിങ്കിന്റെ നിര്‍ദ്ദേശം യോഗത്തില്‍ പരിഗണിക്കുമെന്ന് ' ടൈംസ് ഓഫ് ഇന്ത്യ ' റിപ്പോര്‍ട്ട് ചെയ്തു.
സുരക്ഷാ പ്രശ്‌നം ചൂണ്ടിക്കാട്ടി ഏകദേശം ഒരു വര്‍ഷത്തോളമായി ആഭ്യന്തര മന്ത്രാലയം സ്റ്റാര്‍ലിങ്കിന് സേവനം ആരംഭിക്കാനുള്ള അനുമതി തടഞ്ഞു വച്ചിരിക്കുകയായിരുന്നു.
ഇന്ത്യയില്‍ ഇപ്പോള്‍ ജിഎംപിസിഎസ് ലൈസന്‍സ് റിലയന്‍സ് ജിയോ, സുനില്‍ മിട്ടലിന്റെ വണ്‍ വെബ് എന്നിവര്‍ക്കുണ്ട്.
ലൈസന്‍സ് ലഭിച്ചാല്‍
സ്റ്റാര്‍ലിങ്കിനു ജിഎംപിസിഎസ് ലൈസന്‍സ് ലഭിച്ചു കഴിഞ്ഞാലും പ്രവര്‍ത്തനം ആരംഭിക്കണമെങ്കില്‍ പിന്നെയും കടമ്പകള്‍ ബാക്കിയുണ്ട്.
വിവിധ സര്‍ക്കാര്‍ വിഭാഗങ്ങളില്‍ നിന്നും ബഹിരാകാശ വകുപ്പില്‍ നിന്നും അനുമതി നേടണം.
2021- മുതല്‍ സ്റ്റാര്‍ലിങ്ക് വരിസംഖ്യ ഈടാക്കി
ടെലികോം മന്ത്രാലയത്തില്‍ നിന്നും ജിഎംപിസിഎസ് ലൈസന്‍സ് ലഭിക്കുന്നതിനു മുമ്പ് 2021-ല്‍ തന്നെ സ്റ്റാര്‍ലിങ്ക് സബ്‌സ്‌ക്രൈബേഴ്‌സില്‍ നിന്നും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് മുന്‍കൂറായി പണം ഈടാക്കി. ഓരോ വ്യക്തിയില്‍ നിന്നും 99 ഡോളര്‍ വീതമാണ് ഈടാക്കിയത്.
ഏകദേശം 5000-ത്തോളം പേരില്‍ നിന്നാണ് വരിസംഖ്യ വാങ്ങിയത്. ഇത് മടക്കി നല്‍കണമെന്നു ടെലികോം മന്ത്രാലയം ഉത്തരവിടുകയും ചെയ്തു.
ഇന്ത്യയില്‍ സ്റ്റാര്‍ലിങ്കിന്റെ പ്രസക്തി
ഇന്റര്‍നെറ്റ് ഇല്ലാത്ത അല്ലെങ്കില്‍ അതിവേഗ സേവനങ്ങളില്ലാത്ത രാജ്യത്തെ വിദൂര ഗ്രാമങ്ങളില്‍ സ്റ്റാര്‍ലിങ്കിന് വലിയ പങ്ക് വഹിക്കാനാകുമെന്നു മസ്‌ക് അവകാശപ്പെടുന്നു.
സ്റ്റാര്‍ലിങ്കിന്റെ സേവനം എല്ലാവര്‍ക്കും ലഭ്യമാക്കുന്നതിനു വേണ്ടി സ്‌പെക്ട്രം ലേലം ചെയ്യുന്ന രീതി ഒഴിവാക്കണമെന്നു മസ്‌ക്ക് ഇന്ത്യന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു. കാരണം, സ്‌പെക്ട്രം എന്നത് ഒരു പ്രകൃതി വിഭവമാണെന്നും അത് ലേലത്തിലൂടെ അനുവദിക്കുമ്പോള്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് ചെലവേറുമെന്നും മസ്‌ക്ക് പറയുന്നു.
സ്റ്റാര്‍ലിങ്ക്
ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന ഉപഗ്രഹങ്ങളുടെ കൂട്ടമാണ് സ്റ്റാര്‍ലിങ്ക്. ഇലോണ്‍ മസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സാണ് ഇത് നിര്‍മിക്കുന്നത്. കുറഞ്ഞ ചെലവില്‍ അതിവേഗ ഇന്റര്‍നെറ്റ് ലോകമെമ്പാടും എത്തിക്കുക എന്നതാണ് ഈ ഉദ്യമത്തിന്റെ ലക്ഷ്യം.
2021-ലാണ് ഇന്ത്യന്‍ വിപണിയില്‍ സ്റ്റാര്‍ലിങ്ക് പ്രവേശിച്ചത്. ഇന്ന് 50-ലേറെ രാജ്യങ്ങള്‍ക്ക് സാറ്റ്‌ലൈറ്റ് ഇന്റര്‍നെറ്റ് ആക്‌സസ്സ് കവറേജ് നല്‍കുന്ന കമ്പനി കൂടിയാണ് സ്റ്റാര്‍ലിങ്ക്.
2023-നു ശേഷം ആഗോളതലത്തില്‍ മൊബൈല്‍ ഫോണ്‍ സേവനവും സ്റ്റാര്‍ലിങ്ക് ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.
റിലയന്‍സ് ജിയോയും സ്റ്റാര്‍ലിങ്കും
2016 ല്‍ മുകേഷ് അംബാനി റിലയന്‍സ് ജിയോ സേവനം ആരംഭിച്ചപ്പോള്‍ അത് ഒരു ഗെയിം ചേഞ്ചറായിരുന്നു. വലിയൊരു വിപ്ലവമാണ് ജിയോയിലൂടെ നടന്നത്.
സൗജന്യ വോയ്സ് കോളുകള്‍ക്കൊപ്പം അതിവേഗ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്ന താരിഫിലൂടെ റിലയന്‍സ് ജിയോ നടത്തിയ നീക്കം, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍-ഐഡിയ തുടങ്ങിയ ടെലികോം കമ്പനികളെ ഞെട്ടിച്ചു.
റിലയന്‍സ് ജിയോയ്ക്ക് ഇപ്പോള്‍ 439 ദശലക്ഷം ടെലികോം ഉപയോക്താക്കളുണ്ട്. വിപണിയിലെ ഒന്നാമനാണ്. 8 ദശലക്ഷം വയേര്‍ഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകളുമുണ്ട്.
വയേര്‍ഡ് ഇന്‍ഫ്രാസ്ട്രക്ചറോ സെല്‍ഫോണ്‍ ടവറുകളോ ആവശ്യമില്ലാതെ ലോകത്തെവിടെയും അതിവേഗ ഇന്റര്‍നെറ്റ് നല്‍കുന്ന സ്റ്റാര്‍ലിങ്കിന്റെ സേവനം റിലയന്‍സ് ജിയോയുടേതു പോലെ കുറഞ്ഞ നിരക്കില്‍ ലഭ്യമാകില്ലെന്നത് ഉറപ്പാണ്.
വന്‍കാര്യങ്ങള്‍ക്ക് എപ്പോഴും വലിയ വില തന്നെ നല്‍കേണ്ടി വരും.
എന്ത് കൊണ്ടാണ് ഏറ്റവുമധികം വരിക്കാരെ ജിയോയ്ക്ക് സ്വന്തമാക്കാനായത് എന്ന് ചോദിച്ചാല്‍ അവര്‍ നല്‍കുന്ന സേവനങ്ങള്‍ക്ക് കുറഞ്ഞ നിരക്ക് ഈടാക്കുന്നത് കൊണ്ടാണെന്നായിരിക്കും ഉത്തരം.
ചുരുക്കിപ്പറഞ്ഞാല്‍ സ്റ്റാര്‍ലിങ്ക് റിലയന്‍സ് ജിയോയ്ക്ക് ഭീഷണിയാകുമോ എന്ന ചോദ്യത്തിനു പ്രസക്തിയില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.