കണക്റ്റിംഗ് ഭാരത്; 4ജി വിന്യാസം അതിവേഗം
- ബിഎസ്എന്‍എല്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തത് 50,708 4ജി ടവറുകള്‍
- ഈ ടവറുകളിലെ ഡിവൈസുകള്‍ 5ജി അപ്‌ഗ്രേഡബിള്‍ ആണ്
- 1,211 ടവറുകള്‍ ബിഎസ്എന്‍എല്‍ പാട്ടത്തിനു നല്‍കി
ബിഎസ്എന്‍എല്ലിന്റെ 4ജി ഇന്‍സ്റ്റാലേഷന്‍ അതിവേഗം പുരോഗമിക്കുന്നു. 50,708 4ജി ടവറുകള്‍ ഇതുവരെ ഇന്‍സ്റ്റാള്‍ ചെയ്തതായും എല്ലാം 5ജി അപ്ഗ്രേഡബിള്‍ ആണെന്നും കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ഷം ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കുകള്‍ പ്രകാരം 50,708 4ജി സൈറ്റുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തതില്‍ 41,957 സൈറ്റുകള്‍ ഓണ്‍-എയറിലാണെന്ന് ടെലി കമ്മ്യൂണിക്കേഷന്‍ വകുപ്പ് അറിയിച്ചു. ഇപ്പോള്‍ സ്ഥാപിച്ചുകൊണ്ടിരിക്കുന്ന 4ജി ടവറുകളിലെ ഡിവൈസുകള്‍ 5ജി അപ്‌ഗ്രേഡബിള്‍ ആണ്. ആത്മനിര്‍ഭര്‍ ഭാരത് പ്രോജക്ടിന് കീഴില്‍, ഇന്ത്യയില്‍ എല്ലായിടത്തും തദ്ദേശീയമായി വികസിപ്പിച്ച 4ജി എത്തിക്കുന്നതിനായി പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കി.
2024 മാര്‍ച്ച് 31 വരെ കേരളത്തില്‍ ആകെ 4,360 ബിഎസ്എന്‍എല്‍ ടവറുകളാണ് ഉള്ളത്. ഇതില്‍ 1,211എണ്ണം പാട്ടത്തിന് നല്‍കിയിട്ടുണ്ട്. ഈ ടവറുകളില്‍ നിന്ന് 116.43 കോടി രൂപ വരുമാനം ലഭിച്ചതായും കണക്കുകള്‍ വെളിപ്പെടുത്തുന്നു. ടവറുകളില്‍ നിന്നുള്ള വരുമാനത്തില്‍ രാജ്യത്ത് ബിഎസ്എന്‍എല്‍ കേരള സര്‍ക്കിള്‍ രണ്ടാം സ്ഥാനത്താണ്. ആന്ധ്രപ്രദേശും തെലങ്കാനയുമാണ് ടവറുകളില്‍ നിന്നുള്ള വരുമാനത്തില്‍ ഒന്നാം സ്ഥാനത്തുള്ളത്.