മൊബൈൽ വ്യാജന്മാർ കൂടുതൽ എയർടെല്ലിനും ജിയോയ്ക്കും
- ഒറ്റ ഐഡിയിൽ ഒമ്പതിലധികം സിം കാർഡുകളെടുത്ത ഉപയോക്താക്കൾ കൂടുതൽ വൊഡാഫോൺ ഐഡിയയ്ക്ക്
- വ്യാജരേഖ ചമച്ച് സിം കാർഡെടുത്തവരിൽ കേരളവും മുന്നിൽ
- 1.14 ബില്യൺ മൊബൈൽ കണക്ഷനുകളിൽ, 2.1 ദശലക്ഷത്തിലധികം വ്യാജന്മാർ
ടെലികോം ഓപ്പറേറ്റർമാരായ ഭാരതി എയർടെലിനും റിലയൻസ് ജോയോയ്ക്കുമാണ് ഏറ്റവുമധികം സംശയാസ്പദ ഉപയോക്താക്കൾ ഉള്ളതെന്ന് കണ്ടെത്തൽ. ടെലികമ്യൂണിക്കേഷൻസ് ഡിപ്പാർട്ട്‌മെന്റ് (ഡോട്ട്) നടത്തിയ വിശകലനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. വ്യാജരേഖകൾ നൽകി രാജ്യത്തുടനീളം അനേകം പേർ സിം കാർഡുകൾ എടുത്തിട്ടുണ്ടെന്ന് ഇതിൽ നിന്ന് വ്യക്തമായി. നിശ്ചിത പരിധിയായ ഒമ്പത് എണ്ണത്തിലധിം സിം കാർഡുകൾ ഒറ്റ ഐഡി ഉപയോഗിച്ച് നേടിയെടുത്ത ഏറ്റവും കൂടുതൽ ഉപയോക്താക്കൾ വൊഡാഫോൺ ഐഡിയയ്ക്കാണ് ഉള്ളതെന്നും കണ്ടെത്തി.
1.14 ബില്യൺ മൊബൈൽ കണക്ഷനുകളിൽ, ജിയോ,എയർടെൽ,വൊഡാഫോൺ ഐഡിയ,ബിസ്എൻഎൽ,എംറ്റിഎൻഎൽ എന്നിവയുൾപ്പെയെടുള്ള ടെലികോം കമ്പനികളികളിലെ 2.1 ദശലക്ഷത്തിലധികം കേസുകളിൽ സിം സബ്‌സ്‌ക്രിപ്ക്ഷന് ഉപയോഗിക്കുന്ന ഐഡന്റിറ്റിയോ വിലാസമോ വ്യാജമാണെന്ന് ഡോട്ട് ഡേറ്റ വ്യക്തമാക്കുന്നു. പുറത്തുവന്ന ഡേറ്റ പ്രകാരം സർക്കാർ നിർദേശിച്ച വ്യക്തിഗത മൊബൈൽ കണക്ഷനുകളുടെ പരിധിയേക്കാൾ കൂടുതൽ ഒരാൾ വരിക്കാരായ 19.2 ദശലക്ഷം കേസുകൾ കണ്ടെത്തിയിട്ടുണ്ട്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
ടെലികോം കമ്പനികൾക്ക് സിം കാർഡ് വിൽപ്പനക്കാരെ രജിസ്റ്റർ ചെയ്യാനും സിസ്റ്റത്തിലേക്ക് അവരെ ഉൾപ്പെടുത്തുന്നതിന് മുമ്പ് അവരുടെ കെവൈസി നടത്താനും ആവശ്യപ്പെടുന്ന നിയമങ്ങൾ സർക്കാർ അടുത്തിടെ പുറപ്പെടുവിച്ചിരുന്നു. എല്ലാ ടെലികോം ഓപ്പറേറ്റർമാരോടും റീ-വെരിഫിക്കേഷൻ നടത്താനും പരിധിക്കപ്പുറം കണക്ഷനുകളുള്ള ഉപയോക്താക്കളുടെ കണക്ഷനുകൾ വിച്ഛേദിക്കാനും ഡോട്ട് ആവശ്യപ്പെട്ടിരുന്നു. ഉപയോഗിച്ച രേഖയുടെ സത്യസന്ധത സംശയാസ്പദമാണ്, കൂടാതെ സിം സബ്‌സ്‌ക്രിപ്ക്ഷനായി വ്യാജരേഖ ഉപയോഗിച്ചതായും സംശയമുണ്ടെന്ന് പറയുന്നു. ഇന്ത്യയിലുടനീളമുള്ള പഠനത്തെ തുടർന്നാണ് നടപടി.
സംശയാസ്പദമായ 2.1 ദശലക്ഷം മൊബൈൽ ഉപയോക്താക്കളുടെ പട്ടികയിൽ എയർടെല്ലിന്റെ പരമാവധി 745,929 ഉപയോക്താക്കളും ഉൾപ്പെടുന്നു. ഇവർ വ്യാജരേഖ നൽകിയാണ് കണക്ഷനുകൾ എടുത്തിട്ടുള്ളതെന്നും സംശയിക്കുന്നു. ജിയോയുടെ 534,053 ഉപയോക്താക്കളും വൊഡാഫോൺ ഐഡിയയുടെ 527,922 ഉം ബിസ്എൻഎല്ലിന്റെ 299,412 എംടിഎൻഎല്ലിന്റെ 1,076 ഉപയോക്താക്കളും വ്യാജരേഖ നൽകി കണക്ഷനെടുത്തതായി ഡോട്ട് ഡേറ്റ പറയുന്നു. ഈ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും മികച്ച അഞ്ച് സർക്കിളുകൾ ഉത്തർപ്രദേശ്(ഈസ്റ്റ്),അസം,ഉത്തർപ്രദേശം(വെസ്റ്റ്),തമിഴ്‌നാട്,കേരളം എന്നിവയാണ്. വ്യക്തിഗത ഐഡികളുമായി ലിങ്ക് ചെയ്തിരിക്കുന്ന ഒമ്പതിലധികം സിം കാർഡുകളുടെ കാര്യത്തിൽ വൊഡാഫോൺ ഐഡിയയ്ക്ക് ഇത്തരത്തിലുള്ള ഏറ്റവും ഉയർന്ന 8.4 ദശലക്ഷം കണക്ഷനുകളാണുള്ളത്. എയർടെല്ലിന് 4.5 ദശലക്ഷം ഉപയോക്താക്കളും ജിയോയ്ക്ക് 4.2 ദശലക്ഷം ഉപയോക്താക്കളും ബിസ്എൻഎല്ലിന് 2.1 ദശലക്ഷം ഉപയോക്താക്കളുമാണ് ഇത്തരത്തിലുള്ളതെന്ന് ഡോട്ട് ഡേറ്റ വ്യക്തമാക്കുന്നു.
ടെലികോം സേവനദാതാക്കൾ,നിയമനിർവ്വഹണ ഏജൻസികൾ,ബാങ്കുകൾ,ധനകാര്യ സ്ഥാപനങ്ങൾ,സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ,തിരിച്ചറിയൽ രേഖ നൽകുന്ന അധികാരികൾ എന്നിവർക്കായി ഡിജിറ്റൽ ഇന്റലിജൻസ് പ്ലാറ്റ്‌ഫോം(ഡിഐപി) ഈ മാസം ആദ്യം ആരംഭിച്ചിരുന്നു. ഇന്റലിജൻസ് ഷെയറിംഗ്,വിവരകൈമാറ്റം,ഏകോപനം എന്നിവയ്ക്കായാണ് ഈ പ്ലാറ്റ്‌ഫോം. ടെലികോം ഉറവിടങ്ങൾ ദുരുപയോഗം ചെയ്തതായി കണ്ടെത്തിയ കേസുകളും വിവരങ്ങളും പോർട്ടലിൽ അടങ്ങിയിരിക്കുന്നു. അതത് ഡൊമെയ്‌നുകളിലെ ഓഹരി ഉടമകൾക്ക് ഇത് ഉപയോഗപ്രദമാകുമെന്നും സർക്കാർ പറഞ്ഞു.
ടെലികോം സബ്‌സ്‌ക്രൈബർമാർ സമർപ്പിച്ച പ്രൂഫുകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ അവ്യക്തമായ ഡേറ്റയും ഡേറ്റാ എൻട്രി പിശകുകളും ഉൾപ്പെടുന്ന ഡേറ്റ ക്ലിയർ ചെയ്യുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ടെലികോം കമ്പനികളോട് ഡോട്ട് ആവശ്യപ്പെട്ടു.