കലിംഗനഗര്‍ ഉത്പാദനം 50 ലക്ഷം ടണ്‍ വർധിപ്പിക്കാൻ ടാറ്റ സ്റ്റീൽ
- 2018 ലാണ് വിപുലീകരണ പദ്ധതിക്ക് തുടക്കം കുറിച്ചത്.
- മൂന്ന് ദശലക്ഷം ടണ്‍ ശേഷിയായിരുന്നു മുന്‍പ് പ്ലാന്റിനുണ്ടായിരുന്നത്.
- ലോകത്തിലെ ഏറ്റവും ചെലവ് കുറഞ്ഞ സ്റ്റീല്‍ ഉത്പാദന കേന്ദ്രം ഒഡീഷയില്‍.
അടുത്ത വര്‍ഷം ഡിസംബറോടെ ഒഡീഷയിലെ കലിംഗനഗര്‍ പ്ലാന്റ് വിപുലീകരണം പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ട് ടാറ്റ സ്റ്റീല്‍. കമ്പനിയുടെ രണ്ടാം ഘട്ട വിപുലീകരണ പദ്ധതിയാണിത്. 23,500 കോടി രൂപ മുതല്‍ മുടക്കില്‍ പ്രതിവര്‍ഷം എട്ട് മില്യണ്‍ ടണ്‍ ഉല്‍പ്പാദന ശേഷി കൈവരിക്കുകയാണ് ലക്ഷ്യം. 2018 ലാണ് വിപൂലീകരണ പദ്ധതികള്‍ ആവിഷ്‌കരിച്ചത്. മൂന്ന് മില്യണ്‍ ടണ്ണായിരുന്നു കലിംഗനഗര്‍ പ്ലാന്റിന്റെ മുന്‍പുണ്ടായിരുന്ന ശേഷി.
അടുത്ത വര്‍ഷം ഡിസംബര്‍ അവസാനത്തോടെ പദ്ധതി പൂര്‍ത്തിയാക്കി പ്രവര്‍ത്തനക്ഷമമാക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്ന് ടാറ്റ സ്റ്റീല്‍ കലിംഗനഗര്‍ (ടിഎസ്‌കെ) ഓപ്പറേഷന്‍ വൈസ് പ്രസിഡന്റ് രാജീവ് കുമാര്‍ പറഞ്ഞു.
പദ്ധതിയില്‍ അസംസ്‌കൃത വസ്തുക്കളുടെ ശേഷി വിപുലീകരണം, അപ്സ്ട്രീം, മിഡ് സ്ട്രീം സൗകര്യങ്ങള്‍, ഇന്‍ഫ്രാസ്ട്രക്ചര്‍, കോള്‍ഡ് റോളിംഗ് മില്‍ കോംപ്ലക്സ് ഉള്‍പ്പെടെയുള്ള ഡൗണ്‍സ്ട്രീം സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ബ്ലാസ്റ്റ് ഫര്‍നസാണ് ഇവിടെ സജ്ജമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. 80 ശതമാനം ജോലികളും പൂര്‍ത്തിയായിട്ടുണ്ടെന്നും ബാക്കി 20 ശതമാനം നല്ല രീതിയില്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എഞ്ചിനീയറിംഗ്, ഓയില്‍ ആന്‍ഡ് ഗ്യാസ്, ലിഫ്റ്റിംഗ്, എക്സ്വേഷന്‍, മറ്റ് മൂല്യവര്‍ധിത സെഗ്മെന്റുകള്‍ എന്നിവയുടെ വര്‍ധിച്ചുവരുന്ന ആവശ്യകതകള്‍ നിറവേറ്റുന്നതിനായാണ് രണ്ടാം ഘട്ട വിപുലീകരണം യാഥാര്‍ത്ഥ്യമാക്കുന്നത്.
കലിംഗനഗറിലെ ഉല്‍പ്പാദന ശേഷി 8 മെട്രിക് ടണ്‍ ഉയര്‍ത്തിയതോടെ ടാറ്റ സ്റ്റീലിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ മൊത്തം ഉല്‍പ്പാദന ശേഷി പ്രതിവര്‍ഷം 26.6 മില്യണ്‍ ടണ്‍ എത്തും. നൂതന സാങ്കേതികവിദ്യകള്‍ സ്ഥാപിക്കുന്നതോടെ കലിംഗനഗര്‍ പ്ലാന്റ് ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവില്‍ സ്റ്റീല്‍ ഉത്പാദിപ്പിക്കുന്ന ഒന്നായി മാറുമെന്ന് കുമാര്‍ പറഞ്ഞു.
ടാറ്റ സ്റ്റീൽ ഓഹരികൾ ഇന്ന് 3.30 മണിക്ക് എൻഎസ്ഇ-യിൽ 136.60 രൂപയ്ക്കാണ് വ്യാപാരം അവസാനിച്ചത്.,