ഇറക്കുമതിയിലെ വര്‍ധന; സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനം തീരുവ ചുമത്തിയേക്കും
- വര്‍ധിച്ച ഇറക്കുമതിയില്‍നിന്ന് ആഭ്യന്തര കമ്പനികളെ സംരക്ഷിക്കുക ലക്ഷ്യം
- ഇറക്കുമതിയില്‍ ഉണ്ടായ പെട്ടെന്നുള്ള വര്‍ധനവിനെക്കുറിച്ച് ഡിജിടിആര്‍ അന്വേഷണം
;
ചില സ്റ്റീല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 200 ദിവസത്തേക്ക് 12 ശതമാനം താല്‍ക്കാലിക സുരക്ഷാ തീരുവ ചുമത്താന്‍ വാണിജ്യ മന്ത്രാലയത്തിന്റെ അന്വേഷണ വിഭാഗമായ ഡിജിടിആര്‍ ശുപാര്‍ശ ചെയ്തു. വര്‍ധിച്ച ഇറക്കുമതിയില്‍നിന്ന് ആഭ്യന്തര കമ്പനികളെ സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം.
വിവിധ വ്യവസായങ്ങളില്‍ ഉപയോഗിക്കുന്ന 'നോണ്‍-അലോയ് ആന്‍ഡ് അലോയ് സ്റ്റീല്‍ ഫ്‌ലാറ്റ് ഉല്‍പ്പന്നങ്ങളുടെ' ഇറക്കുമതിയില്‍ ഉണ്ടായ പെട്ടെന്നുള്ള വര്‍ധനവിനെക്കുറിച്ച് ട്രേഡ് റെമഡീസ് ഡയറക്ടറേറ്റ് ജനറല്‍ (ഡിജിടിആര്‍) അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്റെ പരാതിയെ തുടര്‍ന്നാണ് അന്വേഷണം.
ഇന്ത്യയിലേക്കുള്ള ഈ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയില്‍ അടുത്തിടെ വന്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്ന് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. ഇത് ആഭ്യന്തര വ്യവസായത്തിനും ഉല്‍പ്പാദകര്‍ക്കും ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്നു. ഇവിടെ താല്‍ക്കാലിക സുരക്ഷാ നടപടികള്‍ ഉടനടി നടപ്പില്‍ വരുത്തേണ്ടത് അനിവാര്യമാണ്.
തീരുവ ചുമത്തുന്നതിനുള്ള അന്തിമ തീരുമാനം ധനമന്ത്രാലയം എടുക്കും.
ഇങ്ങനെയുള്ള സുരക്ഷാ നടപടികള്‍ ലോക വ്യാപാര സംഘടന അംഗരാജ്യങ്ങള്‍ക്ക് ലഭ്യമായ വ്യാപാര പരിഹാരങ്ങളാണ്. ഒരു ഉല്‍പ്പന്നത്തിന്റെ ഇറക്കുമതിയില്‍ പെട്ടെന്നുള്ളതും ഗണ്യമായതുമായ വര്‍ധനവ് ഉണ്ടായാല്‍ ആഭ്യന്തര പങ്കാളികള്‍ക്ക് ഒരു തുല്യതാപരമായ അവസരം നല്‍കുന്നതിനാണ് അവ ഏര്‍പ്പെടുത്തുന്നത്.
ചില വലിയ ആഭ്യന്തര സ്റ്റീല്‍ നിര്‍മ്മാതാക്കള്‍ തീരുവ ചുമത്തണമെന്ന് വാദിക്കുന്നുണ്ടെങ്കിലും, ഉപയോക്തൃ വ്യവസായം അതിനെ ശക്തമായി എതിര്‍ക്കുന്നു. കാരണം തീരുവ അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ത്തുകയും അവരുടെ മത്സരശേഷിയെ ബാധിക്കുകയും ചെയ്യും.
ചൈന പോലുള്ള രാജ്യങ്ങളില്‍ നിന്നുള്ള സ്റ്റീല്‍ ഇറക്കുമതി വര്‍ധിക്കുന്നതില്‍ ആഭ്യന്തര സ്റ്റീല്‍ കമ്പനികളുടെ ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.
സ്റ്റീല്‍ ഇറക്കുമതിക്ക് അധിക തീരുവ ചുമത്താനുള്ള ഏതൊരു നീക്കവും ആഭ്യന്തര ഉല്‍പ്പന്നങ്ങളെ മത്സരക്ഷമത കുറഞ്ഞതാക്കുമെന്നും ഈ മേഖലയില്‍ നിന്നുള്ള രാജ്യത്തിന്റെ പുറത്തേക്കുള്ള കയറ്റുമതിയെ ബാധിക്കുമെന്നും എഞ്ചിനീയറിംഗ് മേഖലയിലെ എംഎസ്എംഇ കയറ്റുമതിക്കാരും പറയുന്നു.