യുഎസ് താരിഫ്; ആഭ്യന്തര സ്റ്റീല്‍ വ്യവസായം ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
- യുഎസിലേക്ക് സ്റ്റീല്‍ കയറ്റുമതി നടത്തുന്ന രാജ്യങ്ങള്‍ ഇനി ഇന്ത്യയിലേക്ക് അത് എത്തിക്കാനുള്ള സാധ്യത കൂടുതലാണ്
- ഇത് ആഭ്യന്തര സ്റ്റീല്‍ വ്യവസായത്തിന് ദോഷം ചെയ്യുമെന്ന് വിദഗ്ധര്‍
യുഎസ് താരിഫ് കാരണം ആഭ്യന്തര സ്റ്റീല്‍ വ്യവസായം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് മുന്നറിയിപ്പ്. യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയിലേക്ക് ചരക്കുകള്‍ തിരിച്ചുവിട്ടേക്കാമെന്ന സാധ്യത നിലനില്‍ക്കുന്നതിനലാണിതെന്ന് ജിന്‍ഡാല്‍ സ്റ്റീല്‍ ആന്‍ഡ് പവര്‍ ലിമിറ്റഡ് (ജെഎസ്പിഎല്‍) ചെയര്‍മാന്‍ നവീന്‍ ജിന്‍ഡാല്‍ പറഞ്ഞു. ഗ്ലോബല്‍ ബിസിനസ് സമ്മിറ്റില്‍ (ജിബിഎസ്) സംസാസാരിക്കുകയായിരുന്നു അദ്ദേഹം.
സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്ക് യുഎസ് താരിഫ് പ്രഖ്യാപിച്ചതോടെ, ആഭ്യന്തര ആവശ്യകത കൂടുതലായതിനാല്‍ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യങ്ങള്‍ ഇന്ത്യയില്‍ ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള സാധ്യതയാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.
എല്ലാ സ്റ്റീല്‍, അലുമിനിയം ഇറക്കുമതികള്‍ക്കും 25 ശതമാനം തീരുവ ചുമത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതാണ് ഇന്ത്യക്ക് ഭീഷണിയാകുന്നത്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സ്റ്റീല്‍ അസോസിയേഷന്‍ ഡിജിടിആറിന് അപേക്ഷ സമര്‍പ്പിച്ചിട്ടുണ്ടെന്നും അത് പുനഃപരിശോധിക്കുകയാണെന്നും ജിന്‍ഡാല്‍ പറഞ്ഞു.
തിരഞ്ഞെടുത്ത രാജ്യങ്ങളില്‍ നിന്നുള്ള ഉരുക്ക് ഇന്ത്യന്‍ വിപണിയിലേക്ക് തള്ളിവിടുന്നത് സംബന്ധിച്ച പ്രശ്‌നം ഇന്ത്യന്‍ ഉരുക്ക് നിര്‍മ്മാതാക്കള്‍ നിരന്തരം ഉന്നയിച്ചുവരികയാണ്, ഇത് അവരുടെ മത്സരശേഷിയെ ബാധിച്ചിട്ടുണ്ട്. ഉടന്‍ തന്നെ ഒരു നല്ല തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി വ്യവസായ എക്‌സിക്യൂട്ടീവ് പറഞ്ഞു.
ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2025 സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യയുടെ കയറ്റുമതി 28.9 ശതമാനം ഇടിഞ്ഞ് 3.99 ദശലക്ഷം ടണ്ണായി. മുന്‍ സാമ്പത്തിക വര്‍ഷത്തെ ഇതേ കാലയളവില്‍ ഇത് 5.61 ദശലക്ഷം ടണ്ണായിരുന്നു.
നടപ്പു സാമ്പത്തിക വര്‍ഷം ഏപ്രില്‍-ജനുവരി കാലയളവില്‍ ഇന്ത്യ സ്റ്റീലിന്റെ അറ്റ ഇറക്കുമതിക്കാരനായി തുടര്‍ന്നു: രാജ്യം കയറ്റുമതി ചെയ്തതിനേക്കാള്‍ കൂടുതല്‍ സ്റ്റീല്‍ ഇറക്കുമതി ചെയ്തു.