യുകെയിലെ ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ അനിശ്ചിതകാല സമരത്തിലേക്ക്
- 40 വര്‍ഷത്തിനിടെ ബ്രിട്ടീഷ് സ്റ്റീല്‍ തൊഴിലാളികള്‍ നടത്തുന്ന ആദ്യത്തെ പണിമുടക്ക് എന്ന് യൂണിയന്‍
- യുകെ ബിസിനസിനെ ലാഭകരമാക്കാനുള്ള ഇന്ത്യന്‍ കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ജോലി വെട്ടിക്കുറക്കല്‍
- 1500 തൊഴിലാളികള്‍ ജൂലൈ 8 മുതല്‍ സമരത്തിലേക്കിറങ്ങും
യുകെയിലെ ടാറ്റ സ്റ്റീല്‍ തൊഴിലാളികള്‍ അടുത്ത മാസം അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കും. രണ്ട് ബ്ലാസ്റ്റ് ഫര്‍ണസുകള്‍ അടച്ചു പൂട്ടാനും 2,800 വരെ ജോലികള്‍ വെട്ടിക്കുറയ്ക്കാനുമുള്ള കമ്പനിയുടെ തീരുമാനത്തിനെതിരെയാണ് സമരം പ്രഖ്യാപിച്ചത്.
കമ്പനിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഏകദേശം 1500 തൊഴിലാളികള്‍ ജൂലൈ 8 മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുമെന്ന് ട്രേഡ് യൂണിയന്‍ യൂണിറ്റ് അറിയിച്ചു.
40 വര്‍ഷത്തിനിടെ ബ്രിട്ടീഷ് സ്റ്റീല്‍ തൊഴിലാളികള്‍ നടത്തുന്ന ആദ്യത്തെ പണിമുടക്ക് എന്ന് വിശേഷിപ്പിക്കുന്ന സമരം ടാറ്റയുടെ വെയില്‍സിലെ പോര്‍ട്ട് ടാല്‍ബോട്ട്, ലാന്‍വേണ്‍ സൈറ്റുകളില്‍ നടക്കും.
നഷ്ടത്തിലായ യുകെ ബിസിനസിനെ മാറ്റാനുള്ള ഇന്ത്യന്‍ കമ്പനിയുടെ പദ്ധതിയുടെ ഭാഗമായാണ് ജനുവരിയില്‍ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ചത്. കമ്പനി ലോവര്‍ കാര്‍ബണ്‍ ഇലക്ട്രിക് ആര്‍ക്ക് ഫര്‍ണസുകളിലേക്ക് മാറുകയാണ്. ഈ തീരുമാനം 500 മില്യണ്‍ പൗണ്ട് (632 മില്യണ്‍ ഡോളര്‍) സര്‍ക്കാര്‍ പണത്തിന്റെ പിന്തുണയോടെയാണ്. നഷ്ടത്തിലായ യുകെ ബിസിനസിനെ ലാഭകരമാക്കാനുള്ള ഇന്ത്യന്‍ കമ്പനിയുടെ ശ്രമത്തിന്റെ ഭാഗമാണ് ടാറ്റാ സ്റ്റീലിന്റെ നടപടി.
'ടാറ്റയുടെ തൊഴിലാളികള്‍ അവരുടെ ജോലിക്ക് വേണ്ടി മാത്രമല്ല പോരാടുന്നത് - അവര്‍ തങ്ങളുടെ കമ്മ്യൂണിറ്റികളുടെ ഭാവിക്കും വെയില്‍സിലെ ഉരുക്കിന്റെ ഭാവിക്കും വേണ്ടി പോരാടുകയാണ്,' യൂണിറ്റ് ജനറല്‍ സെക്രട്ടറി ഷാരോണ്‍ ഗ്രഹാം പറഞ്ഞു.
ടാറ്റ സ്റ്റീല്‍ യുകെയില്‍ 8,000-ത്തിലധികം ആളുകള്‍ക്ക് ജോലി നല്‍കുന്നു. ഏകദേശം 2,500 ജോലികളാണ് അടുത്ത 18 മാസത്തിനുള്ളില്‍ ഇല്ലാതാകുന്നതെന്ന് ജനുവരിയില്‍ കമ്പനി പറഞ്ഞിരുന്നു.