റിയല്‍ എസ്റ്റേറ്റ് രംഗത്ത് ശുഭസൂചന; കൊച്ചിയില്‍ ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് വന്‍ ഡിമാന്‍ഡ്

  • പ്രീമിയം വിഭാഗത്തിലുള്ള വീടുകള്‍ വാങ്ങാനാണു പലരും താല്‍പര്യം കാണിക്കുന്നത്
  • പ്രീമിയം ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ മിക്കവാറും പേരും താമസിക്കാനല്ല, പകരം നിക്ഷേപമായിട്ടാണു കണക്കാക്കുന്നത്

Update: 2023-09-23 10:19 GMT

കൊച്ചി നഗരത്തില്‍ ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുന്നതായി കേരള റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റിയുടെ (കെ-റെറ) കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഹൗസിംഗ് പ്രോപ്പര്‍ട്ടികളില്‍ പ്രീമിയം വിഭാഗത്തിനാണ് ഡിമാന്‍ഡ് അനുഭവപ്പെടുന്നത്. നിര്‍മാണം പുരോഗമിക്കുന്ന പ്രീമിയം പ്രോജകറ്റുകളിലെ 60 ശതമാനം റെസിഡന്‍ഷ്യല്‍ യൂണിറ്റുകളും ഇതിനകം വിറ്റുതീര്‍ന്നു.

നഗരത്തില്‍ നിര്‍മാണം പുരോഗമിക്കുന്ന മൊത്തം റെസിഡന്‍ഷ്യല്‍ (4 ബിഎച്ച് കെ) പദ്ധതികള്‍ 2,994 യൂണിറ്റുകള്‍ ആണ്. ഇതില്‍ 1,766 യൂണിറ്റുകളും വിറ്റു തീര്‍ന്നതായി കെ-റെറയുടെ കണക്കുകള്‍ പറയുന്നു.

ഈ പദ്ധതികളില്‍ പലതും അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

പ്രീമിയം വിഭാഗത്തിലുള്ള വീടുകള്‍ വാങ്ങാനാണു പലരും താല്‍പര്യം കാണിക്കുന്നത്. കാരണം അത്തരം വീടുകള്‍ക്ക് ഉയര്‍ന്ന റീ സെയില്‍ വാല്യു ഉണ്ട്. കൊച്ചി നഗരത്തിനൊപ്പം തിരുവനന്തപുരത്തും ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍ഡ് അനുഭവപ്പെടുന്നുണ്ടെന്നു എസ്‌ഐ പ്രോപ്പര്‍ട്ടി (കേരള) എംഡി എസ്.എന്‍. രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.

കൊച്ചി നഗരമധ്യത്തില്‍ പ്രീമിയം വിഭാഗത്തിലുള്ള ഫ്‌ളാറ്റുകളും വില്ലകളും സ്വന്തമാക്കാന്‍ 1.5 കോടി മുതല്‍ 2.75 കോടി രൂപ വരെയാണ് ചെലവഴിക്കേണ്ടി വരിക.

പ്രീമിയം ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നവര്‍ മിക്കവാറും പേരും താമസിക്കാനല്ല, പകരം നിക്ഷേപമായിട്ടാണു കണക്കാക്കുന്നത്. കൊച്ചി നഗരത്തിലെ ക്വീന്‍സ് വാക്ക് വേയ്ക്ക് സമീപമുള്ള  പ്രധാന വാട്ടര്‍ഫ്രണ്ട് ഏരിയയിലുള്ള ശോഭ ഡെവലപ്പേഴ്‌സിന്റെ മറീന ഫേസ്-111 റെസിഡന്‍ഷ്യല്‍ പ്രോജക്റ്റില്‍, 181 യൂണിറ്റുകളില്‍ 66 റെസിഡന്‍ഷ്യല്‍ യൂണിറ്റുകള്‍ മാത്രമാണ് ഇനി അവശേഷിക്കുന്നത്. ബാക്കിയുള്ള യൂണിറ്റുകളെല്ലാം വിറ്റഴിച്ചു. ഈ പദ്ധതി 2027 ജൂണില്‍ പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.

പാലാരിവട്ടത്ത് നാഷണല്‍ കിംഗ്ഡം പദ്ധതിയില്‍ 80 യൂണിറ്റുകളില്‍ 17 യൂണിറ്റുകള്‍ മാത്രമേ ലഭ്യമായിട്ടുള്ളൂ. 2025-ല്‍ പദ്ധതി പൂര്‍ത്തീകരിക്കും.

നഗരമധ്യത്തില്‍ മാത്രമല്ല, നഗരത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ കാക്കനാടും, പ്രാന്ത പ്രദേശങ്ങളായ തൃപ്പൂണിത്തുറ, തൃക്കാക്കര, കളമശ്ശേരി മേഖലകളിലും ഹൗസിംഗ് പ്രോപ്പര്‍ട്ടികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിക്കുകയാണ്.

2026-ഓടെ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന വാഴക്കാലയിലെ പ്രൊവിഡന്റ് വിന്‍വര്‍ത്ത് പ്രോജക്റ്റിന്റെ 515 (3 ബിഎച്ച്കെ, 4 ബിഎച്ച് കെ ) റെസിഡന്‍ഷ്യല്‍ യൂണിറ്റുകളില്‍ 121 എണ്ണം മാത്രമാണ് അവശേഷിക്കുന്നത്. ബാക്കിയുള്ളവയെല്ലാം വിറ്റഴിച്ചതായി കെ-റെറയുടെ വെബ്സൈറ്റിലെ കണക്കുകള്‍ പറയുന്നു.

തൃപ്പൂണിത്തുറയിലെ ശോഭ അറ്റ്ലാന്റിസിന്റെ 192 യൂണിറ്റുകളില്‍ 97 യൂണിറ്റുകളാണ് ശേഷിച്ചിട്ടുള്ളത്.  ഈ പദ്ധതി 2026-ല്‍ പൂര്‍ത്തീയാക്കും.

Tags:    

Similar News