12,000 കോടി രൂപ വരുമാനം ലക്ഷ്യമിട്ട് നിയോലിവ്
- ഫണ്ട് മാനേജ്മെന്റ് ബിസിനസും വികസന വിഭാഗവുമുള്ള ഒരു സംയോജിത റസിഡന്‍ഷ്യല്‍ പ്ലാറ്റ്ഫോമാണ് നിയോലിവ്.
റെസിഡന്‍ഷ്യല്‍ ഇന്‍വെസ്റ്റ്മെന്റ് ആന്‍ഡ് ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ നിയോലിവ് അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 12,000 കോടി വരുമാനം ലക്ഷ്യമിടുന്നു. ഇതിനായി ആദ്യഘട്ട ഫണ്ട് ഉപയോഗിച്ച് ഡെല്‍ഹിയിലും മുംബൈയിലുമായി വരുമാന സാധ്യതയുള്ള 10 പദ്ധതികള്‍ നടപ്പിലാക്കാനാണ് പദ്ധതിയിടുന്നത്.
ഗോദ്റെജ് പ്രോപ്പര്‍ട്ടീസിന്റെ മുന്‍ എംഡിയും സിഇഒയുമായ മോഹിത് മല്‍ഹോത്രയാണ് നിയോലിവ് സ്ഥാപിച്ചത്. ഡെല്‍ഹി-എന്‍സിആര്‍, മുംബൈ എന്നിവിടങ്ങളില്‍ 13 പ്രോജക്ടുകൾക്ക് തുടങ്ങാൻ പദ്ധതിയുണ്ട്. 2-3 മാസത്തിനുള്ളില്‍ ആദ്യ പ്രോജക്റ്റ് പ്രഖ്യാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മല്‍ഹോത്ര വ്യക്തമാക്കി.
60 മില്യണ്‍ ഡോളറിന്റെ ഗ്രീന്‍-ഷൂ ഓപ്ഷന്‍ ഉള്‍പ്പെടെ 150 മില്യണ്‍ ഡോളര്‍ സമാഹരിക്കാനാണ് പദ്ധതി. (ഒരു കമ്പനി 1 ദശലക്ഷം ഓഹരികള്‍ പരസ്യമായി വില്‍ക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍, അണ്ടര്‍റൈറ്റര്‍മാര്‍ക്ക് അവരുടെ ഗ്രീന്‍ഷൂ ഓപ്ഷന്‍ ഉപയോഗിക്കാനും 1.15 ദശലക്ഷം ഓഹരികള്‍ വില്‍ക്കാനും കഴിയും).
'റിയല്‍ എസ്റ്റേറ്റ് മേഖലയില്‍, ധനകാര്യ സ്ഥാപനങ്ങളും ഡെവലപ്പറും രണ്ട് വ്യത്യസ്ത സ്ഥാപനങ്ങളാണ്. പക്ഷേ ഞങ്ങള്‍ അത് ഒരുമിച്ച് കൊണ്ടുവന്നു. ഈ വര്‍ഷം ഡിസംബറോടെ ധനസമാഹരണം പൂര്‍ത്തിയാകും. പദ്ധതി പൂര്‍ത്തീകരിക്കുന്നതിന് മറ്റേതെങ്കിലും ഘടകത്തെ ആശ്രയിക്കില്ല, ''മല്‍ഹോത്ര പറഞ്ഞു.