ബലാബലം പരീക്ഷിച്ച് ടാറ്റയും റിലയന്‍സും; ലക്ഷ്യം മുംബൈ റീട്ടെയ്ല്‍ റിയല്‍റ്റി
- മുംബൈ ക്രേന്ദ്രീകരിച്ച് കൂടുതല്‍ വിപുലീകരണം
- ഇന്ത്യയില്‍ റീട്ടെയ്ല്‍ റിയല്‍റ്റി ആവശ്യകത 22 % വരെയാണെങ്കില്‍ മുംബൈയില്‍ മാത്രം 18 % ആണ്.
- സ്‌ക്വയര്‍ഫീറ്റിന് 800 രൂപവരെ റീട്ടെയ്ല്‍ റിയല്‍റ്റിക്ക് ഈടാക്കുന്നു
മുംബൈയിലെ പ്രീമിയം റീട്ടെയ്ല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ മത്സരം കടുപ്പിച്ച് ടാറ്റാ ഗ്രൂപ്പും റിലയന്‍സ് ഇന്‍ഡസ്ട്രീസും. സാറ, സ്റ്റാര്‍ബക്‌സ്, വെസ്റ്റ് സൈഡ്, ടൈറ്റന്‍ എന്നീ ബ്രാന്‍ഡുകള്‍ക്കായി 25 ദശലക്ഷം ചതുരശ്ര അടി റീട്ടെയ്ല്‍ ഏരിയ ടാറ്റാ ഗ്രൂപ്പിനുണ്ട്. അതേസമയം 100 ലധികം വരുന്ന പ്രാദേശിക- ആഗോള ബ്രാന്‍ഡുകള്‍ക്കായി 73 ദശലക്ഷം ചതുരശ്ര അടിയിലധികം റീട്ടെയ്ല്‍ ഏരിയ റിലയന്‍സ് ഇന്‍ഡസ്ട്രീസിനുണ്ട്. എന്നാല്‍ മുംബൈ നഗരത്തില്‍ ഇരു വിഭാഗങ്ങള്‍ക്കും ഏതാണ്ട് തുല്യ അളവിലാണ് റീട്ടെയല്‍ റിയല്‍ട്ടിയുള്ളത്. മൂന്ന് ദശലക്ഷം ചതുരശ്ര അടി റീട്ടെയ്ല്‍ സ്ഥലം ടാറ്റയും റിലയന്‍സും മുംബൈയില്‍ കൈവശം വച്ചിട്ടുണ്ട്.
ആധുനിക റീട്ടെയ്ല്‍ സാഹചര്യങ്ങളില്‍ മിക്ക പ്രദേശങ്ങളിലേയും വലുതോ കൂടുതല്‍ ലാഭകരമോ ആയ ബ്രാന്‍ഡുകള്‍ ടാറ്റയുടേയോ റിലയന്‍സിന്റേയോ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡുകളുടേതാണെന്നാണ് സ്ട്രാറ്റജി കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ തേര്‍ഡ് ഐസൈറ്റിന്റെ സ്ഥാപകന്‍ ദേവാഗ്ഷു ദത്ത പറഞ്ഞു. വിതരണം നടക്കുന്നതിനേക്കാള്‍ കൂടുതല്‍ ഡിമാന്റുള്ള വിപണിയാണ് മുംബൈ റിയല്‍ എസ്റ്റേറ്റ് മേഖല. മാളുകള്‍, വാണിജ്യകമ്പനികള്‍, റീട്ടെയ്ല്‍ വിഭാഗങ്ങള്‍ എന്നീ വിഭാഗങ്ങളില്‍ എപ്പോഴും കനത്ത മത്സരമാണ് ഇവിടെ നടക്കുന്നത്. നിലവില്‍ ഇന്ത്യന്‍ റീട്ടെയ്ല്‍ മേഖലയില്‍ 45 ശതമാനത്തിലധികം വിപണി വിഹിത മുള്ളവരാണ് ഇരു കമ്പനികളും അതിനാല്‍ ഏത് മാളിലും എളുപ്പത്തില്‍ വാണിജ്യ ഇടം കണ്ടെത്താനുമെന്നാണ് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
1980 കളുടെ അവസാനത്തിലാണ് ടൈറ്റന്‍ വാച്ച് സ്റ്റോറുകള്‍ തുറന്നുകൊണ്ട് ടാറ്റാ ഗ്രൂപ്പ് റീട്ടെയ്ല്‍ മേഖലയിലേക്ക് പ്രവേശിക്കുന്നത്. അതേസമയം 2006 റിലയന്‍സ് രീട്ടെയില്‍ ആരംഭിക്കുന്നത്. സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഇലക്ട്രോണിക്‌സ്, ആഭരണങ്ങള്‍ വസ്ത്രങ്ങള്‍ തുടങ്ങി 18,774 സ്‌റ്റോറുകളാണ് കമ്പനി ആരംഭിച്ചത്. 80ലധികം ആഗോള ബ്രാന്‍ഡുകളും ഇത് പങ്കാളികളാക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടുണ്ട്.