കേരളത്തിന് കുറഞ്ഞ ചെലവില്‍ ഒഡിഷയിൽ നിന്നും വൈദ്യുതി
- തമിഴ്‌നാട്, ഒഡീഷ, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്കും ലഭിക്കും
- ജാര്‍സുഗുഡ ജില്ലയിലാണ് പദ്ധതി വരുന്നത്
- താപവൈദ്യുത പദ്ധതി കരാര്‍ സ്വന്തമാക്കിയത് ഭേല്‍
അള്‍ട്രാ സൂപ്പര്‍ ക്രിട്ടിക്കല്‍ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഒഡീഷയിലെ ജാര്‍സുഗുഡ ജില്ലയില്‍ നടപ്പിലാക്കുന്ന പദ്ധതിയിൽ നിന്നും കേരളത്തിന് കുറഞ്ഞ ചെലവിൽ വൈദ്യുതി ലഭിക്കും.
2,400 മെഗാവാട്ട് ശേഷിയുള്ള (ആദ്യ ഘട്ടത്തില്‍ 800 മെഗാവാട്ടിന്റെ 3 പദ്ധതികള്‍) പിറ്റ് ഹെഡ് ഗ്രീന്‍ ഫീല്‍ഡ് തെര്‍മല്‍ പവര്‍ പ്രോജക്ട് സ്ഥാപിക്കുന്നതിനുള്ള ഇപിസി കരാർ ഭാരത് ഹെവി എലെക്ട്രിക്കൽസ് (ഭെല്‍; BHEL) ആണ് നേടിയത്. കല്‍ക്കരി മന്ത്രാലയത്തിന് കീഴിലുള്ള നവരത്ന കമ്പനിയായ എന്‍എല്‍സി ഇന്ത്യ ലിമിറ്റഡാണ് ഇപിസി കരാര്‍ ഭെല്ലിന് നല്‍കിയത്.
ഇവിടെ ഉല്പാദിപ്പിക്കുന്ന 2400 മെഗാവാട്ടിന്റെ മുഴുവന്‍ വൈദ്യുതിയും തമിഴ്നാട്, ഒഡീഷ, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങൾക്ക് നൽകാനുള്ള കരാറും പൂർണമായിട്ടുണ്ട്.
കരാര്‍ പരിധിയില്‍ ബോയിലറുകള്‍, ടര്‍ബൈന്‍, ജനറേറ്ററുകള്‍, തുടങ്ങിയ ഉപകരണങ്ങളുടെ എന്‍ജിനീയറിങ്, നിര്‍മ്മാണം, വിതരണം, സ്ഥാപിക്കല്‍, കമ്മീഷന്‍ ചെയ്യല്‍ എന്നിവ ഉള്‍പ്പെടുന്നു. പദ്ധതിക്കാവശ്യമായ വെള്ളം ഹിരാക്കുഡ് റിസര്‍വോയറില്‍ നിന്നാണ് ഉപയോഗിക്കുന്നത്. ഈ താപ പദ്ധതിക്ക്, പ്രതിവര്‍ഷം 20 ദശലക്ഷം ടണ്‍ കല്‍ക്കരി ആവശ്യമാണ്.
മലിനീകരണവുമായി ബന്ധപ്പെട്ട മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിനായി എഫ്ജിഡി,എസ്സിആര്‍ പോലുള്ള ആധുനിക മലിനീകരണ നിയന്ത്രണ ഉപാധികള്‍ പ്രയോജനപ്പെടുത്തും. പദ്ധതിയുടെ ആദ്യ യൂണിറ്റ് 2028- 29 സാമ്പത്തിക വര്‍ഷത്തില്‍ കമ്മീഷന്‍ ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.