ഇന്ത്യയുടെ കല്‍ക്കരി ഉല്‍പ്പാദനം ഒരു ബില്യണ്‍ ടണ്ണിലെത്തി
- ആഭ്യന്തര ഉല്‍പ്പാദനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടിയുടെ ഭാഗമാണിത്
- ഇന്ത്യയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ് കല്‍ക്കരിയാണ്
;

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദനം എന്ന റെക്കോര്‍ഡിലെത്തി. ഊര്‍ജ്ജ സുരക്ഷയ്ക്കും സ്വാശ്രയത്വത്തിനുമുള്ള പ്രതിബദ്ധത പ്രകടമാക്കുന്ന ഒരു നാഴികക്കല്ലാണ് ഇതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിശേഷിപ്പിച്ചു.
നിരവധി വ്യവസായങ്ങളില്‍ വൈദ്യുതിയും ഇന്ധനവും ഉല്‍പ്പാദിപ്പിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്നത് കല്‍ക്കരിയാണ്. ഇതാണ് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയുടെ പ്രധാന ഊര്‍ജ്ജ സ്രോതസ്.
2023-24 ല്‍ (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) ഇന്ത്യ 997.83 ദശലക്ഷം ടണ്‍ കല്‍ക്കരി ഉത്പാദിപ്പിച്ചു.
എക്സിലെ ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍, ഈ സാമ്പത്തിക വര്‍ഷത്തിലെ 1 ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദനത്തെ 'ഇന്ത്യയ്ക്ക് അഭിമാനകരമായ നിമിഷം!' എന്ന് മോദി വിശേഷിപ്പിച്ചു.
'ഒരു ബില്യണ്‍ ടണ്‍ കല്‍ക്കരി ഉല്‍പ്പാദനം എന്ന മഹത്തായ നാഴികക്കല്ല് പിന്നിടാന്‍ കഴിഞ്ഞത് ശ്രദ്ധേയമായ നേട്ടമാണ്. ഊര്‍ജ്ജ സുരക്ഷ, സാമ്പത്തിക വളര്‍ച്ച, സ്വാശ്രയത്വം എന്നിവയോടുള്ള നമ്മുടെ പ്രതിബദ്ധത ഇത് എടുത്തുകാണിക്കുന്നു,' അദ്ദേഹം പറഞ്ഞു.
ഈ മേഖലയുമായി ബന്ധപ്പെട്ട എല്ലാവരുടെയും സമര്‍പ്പണവും കഠിനാധ്വാനവുമാണ് ഈ നേട്ടം പ്രതിഫലിപ്പിക്കുന്നതെന്ന് മോദി പറഞ്ഞു.
നൂതന സാങ്കേതികവിദ്യകളും കാര്യക്ഷമമായ രീതികളും ഉപയോഗിച്ച്, ഇന്ത്യ ഉല്‍പ്പാദനം വര്‍ധിപ്പിക്കുക മാത്രമല്ല, സുസ്ഥിരവും ഉത്തരവാദിത്തമുള്ളതുമായ ഖനനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര കല്‍ക്കരി, ഖനി മന്ത്രി ജി കിഷന്‍ റെഡ്ഡി പറഞ്ഞു.
ഈ നേട്ടം നമ്മുടെ വര്‍ധിച്ചുവരുന്ന വൈദ്യുതി ആവശ്യകതകള്‍ നിറവേറ്റും.-റെഡ്ഡി പറഞ്ഞു.
2024-25 സാമ്പത്തിക വര്‍ഷത്തെ കല്‍ക്കരി മന്ത്രാലയത്തിന്റെ കര്‍മ്മ പദ്ധതി പ്രകാരം, നടപ്പ് സാമ്പത്തിക വര്‍ഷത്തെ കല്‍ക്കരി ഉല്‍പാദന /വിതരണ ലക്ഷ്യം 1,080 ദശലക്ഷം ടണ്‍ ആണ്.