ബംഗ്ലാദേശിലേക്ക് നേപ്പാളിന്റെ പവര്‍ എക്സ്പോര്‍ട്ട് അരങ്ങേറ്റം
- 40 മെഗാവാട്ട് വൈദ്യുതിയാണ് നല്‍കിയത്
- കരാര്‍ പ്രകാരം 2025 ജൂണ്‍ 15 മുതല്‍ തുടര്‍ച്ചയായി കയറ്റുമതി ചെയ്യും
വെള്ളിയാഴ്ച നേപ്പാള്‍ ആദ്യമായി 40 മെഗാവാട്ട് വൈദ്യുതി ബംഗ്ലാദേശിശിന് നല്‍കി. ഇന്ത്യന്‍ ട്രാന്‍സ്മിഷന്‍ ലൈനിലൂടെയാണ് വൈദ്യുതി കടത്തിവിട്ടത്. പ്രാദേശിക സമയം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് ഇന്ത്യന്‍ ട്രാന്‍സ്മിഷന്‍ ലൈന്‍ വഴി ബംഗ്ലാദേശിലേക്ക് വൈദ്യുതി എത്തിച്ചതെന്ന് നേപ്പാള്‍ ഇലക്ട്രിസിറ്റി അതോറിറ്റി (എന്‍ഇഎ) വക്താവ് ചന്ദന്‍ ഘോഷ് പറഞ്ഞു.
നേരത്തെ അദാനി പവര്‍ കുടിശിക വര്‍ധിച്ചതിനെത്തുടര്‍ന്ന് ബംഗ്ലാദേശിനുള്ള വൈദ്യുതി വെട്ടിക്കുറച്ചിരുന്നു.
എന്നിരുന്നാലും, വെള്ളിയാഴ്ച ഒരു ദിവസത്തേക്ക് മാത്രമാണ് നേപ്പാള്‍ ബംഗ്ലാദേശിലേക്ക് 40 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്തത്, കരാര്‍ പ്രകാരം 2025 ജൂണ്‍ 15 മുതല്‍ തുടര്‍ച്ചയായി കയറ്റുമതി ചെയ്യും.
ഇന്ത്യയുടെ കേന്ദ്ര ഊര്‍ജ മന്ത്രി മനോഹര്‍ ലാല്‍, ബംഗ്ലദേശ് ഊര്‍ജ, ധാതു വിഭവ മന്ത്രാലയത്തിന്റെ ഉപദേഷ്ടാവ് എം.ഡി ഫൗസുല്‍ കബീര്‍ ഖാനും നേപ്പാളിലെ ഊര്‍ജ, ജലവിഭവ, ജലസേചന മന്ത്രി ദീപക് ഖഡ്കയും ചേര്‍ന്ന് നേപ്പാളില്‍ നിന്ന് ബംഗ്ലാദേശിലേക്കുള്ള വൈദ്യുതി പ്രവാഹം ഒരു വെര്‍ച്വല്‍ ഇവന്റിലൂടെ സംയുക്തമായി ഉദ്ഘാടനം ചെയ്തു.
ഇന്ത്യന്‍ ട്രാന്‍സ്മിഷന്‍ ലൈനുകള്‍ വഴി അടുത്ത അഞ്ച് വര്‍ഷത്തേക്ക് മഴക്കാലത്ത് ജൂണ്‍ 15 മുതല്‍ നവംബര്‍ 15 വരെ നേപ്പാളില്‍ നിന്ന് ബംഗ്ലാദേശിലേക്ക് 40 മെഗാവാട്ട് വൈദ്യുതി കയറ്റുമതി ചെയ്യുന്നതിനുള്ള കരാറില്‍ നേപ്പാളും ഇന്ത്യയും ബംഗ്ലാദേശും ഈ വര്‍ഷം ഒക്ടോബര്‍ 3 ന് കാഠ്മണ്ഡുവില്‍ ഒപ്പുവച്ചു.
കരാറില്‍ എന്‍ഇഎ, എന്‍ടിപിസി വിദ്യുത് വ്യാപാര നിഗം ലിമിറ്റഡ് ഓഫ് ഇന്ത്യ, ബംഗ്ലാദേശ് പവര്‍ ഡെവലപ്മെന്റ് ബോര്‍ഡ് (ബിപിഡിബി) എന്നിവ ഉള്‍പ്പെടുന്നു.