സൗരോര്‍ജ്ജ പദ്ധതികള്‍ ഗതി ശക്തിക്ക് കീഴിലാക്കാന്‍ കേന്ദ്രം
- സോളാര്‍ ഇനി പ്രധാന്‍മന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജന, ഗതിശക്തിയോജന പദ്ധതികള്‍ക്ക് കീഴില്‍
- ലക്ഷ്യം 10 ദശലക്ഷം കുടുംബങ്ങളെ സൗരോര്‍ജ്ജവത്കരിക്കുക
- നെറ്റ് ബില്ലിംഗ് രീതി മാറ്റുന്നതില്‍ കേരളത്തിന് ആശങ്ക.
പുതിയ റൂഫ് ടോപ്പ് സോളാര്‍ പദ്ധതികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ഗതിശക്തിക്ക് കീഴില്‍ കൊണ്ട് വരാന്‍ പദ്ധതിയിട്ട് കേന്ദ്ര പുനരുപയോഗ ഊര്‍ജ്ജ മന്ത്രാലയം. 10 ദശലക്ഷം കുടുംബങ്ങളെ സൗരോര്‍ജ്ജത്തിന് കീഴിലാക്കാന്‍ ലക്ഷ്യമിടുന്ന പ്രധാന്‍മന്ത്രി സൂര്യ ഘര്‍ മുഫ്ത് ബിജ്‌ലി യോജന, ഗതിശക്തിയോജന എന്നീ പരിപാടികളുടെ പരിധിയിലാക്കാനുള്ള ശ്രമം നടന്ന് വരികയാണ്.
വേഗത്തിലുള്ള അടിസ്ഥാന സൗകര്യ പദ്ധതികള്‍ക്കായി ഏകീകൃതവും സംയോജിതവുമായ സമീപനം പ്രോത്സാഹിപ്പിക്കാനാണ് ഗതി ശക്തി പദ്ധതി ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയില്‍ ഭാരത്മാല, സാഗര്‍മാല, ഉള്‍നാടന്‍ ജലപാതകള്‍, ഡ്രൈ ആന്‍ഡ് ലാന്‍ഡ് തുറമുഖങ്ങള്‍ തുടങ്ങി വിവിധ മന്ത്രാലയങ്ങളുടെയും സംസ്ഥാന സര്‍ക്കാരുകളുടെയും അടിസ്ഥാന സൗകര്യ പദ്ധതികള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗതി ശക്തി പദ്ധതിക്ക് കീഴില്‍ അടിസ്ഥാന സൗകര്യ വികസനത്തിനും ശേഷി കൂട്ടലിനും പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനികള്‍ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍
അതേസമയം നിലവില്‍ സൗരോര്‍ജ്ജ വൈദ്യുതി ഉല്‍പ്പാദകര്‍ക്ക് ഏറ്റവും ലാഭകരമായ നെറ്റ് മീറ്ററിംഗ് എന്ന ബില്ലിംഗ് സമ്പ്രദായം ആണ് കേരളത്തില്‍ അവലംബിച്ച് വരുന്നത്. എന്നാല്‍ മറ്റ് പല സംസ്ഥാനങ്ങളും ഉപഭോക്താക്കള്‍ ഉപയോഗിക്കുന്ന വൈദ്യുതിയ്ക്ക് കൂടുതല്‍ നിരക്ക് ഈടാക്കാന്‍ കഴിയുന്ന തരത്തിലുള്ള നെറ്റ് ബില്ലിംഗ്, ഗ്രോസ് മീറ്ററിംഗ് സംവിധാനങ്ങളിലേക്ക് മാറിയിട്ടുണ്ട്. ഉപഭോക്താക്കള്‍ക്ക് ഇത് സംബന്ധിച്ച് ആശങ്ക നില്‍ക്കുന്നതായി അടുത്തിടെ സംസ്ഥാന വൈദ്യുത മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നു.