വേനല്‍ കനത്തതോടെ പ്രതിരോധത്തിനൊരുങ്ങി കേന്ദ്ര ഊര്‍ജ്ജ മന്ത്രാലയം
- കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു
- ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ 260 ജിഗാവാട്ടിന്റെ ആവശ്യം പ്രതീക്ഷിക്കുന്നു.
- പ്ലാന്റുകള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള നിലവിലെ അനുമതി ജൂണില്‍ അവസാനിക്കും
ഇറക്കുമതി ചെയ്ത കല്‍ക്കരി അധിഷ്ഠിത പ്ലാന്റുകളുടെ പ്രവര്‍ത്തന ശേഷി സെപ്റ്റംബര്‍ വരെ നീട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍. ഒപ്പം ക്യാപ്റ്റീവ് പവര്‍ പ്ലാന്റുകളില്‍ നിന്നുള്ള മിച്ച വൈദ്യുതി ഉപയോഗിക്കുന്നതിനുള്ള സാധ്യതകള്‍ പരിശോധിക്കുന്നതുള്‍പ്പടെ വേനല്‍കാല സജ്ജീകരണങ്ങള്‍ പരിശോധിക്കുകയാണ് കേന്ദ്ര വൈദ്യുത മന്ത്രാലയം.
2003 ലെ ഇലക്ട്രിസിറ്റി ആക്ട് സെക്ഷന്‍ 11 പ്രകാരം പ്ലാന്റുകള്‍ പരമാവധി ശേഷിയില്‍ പ്രവര്‍ത്തിക്കാനുള്ള നിലവിലെ നിര്‍ദ്ദേശം ജൂണില്‍ അവസാനിക്കും. രാജ്യത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും കടുത്ത ചൂടിലൂടെയാണ് കടന്നു പോകുന്നത്. വേനലിന്റെ കാഠിന്യത്തില്‍ വൈദ്യുതി ഉപയോഗം വര്‍ധിക്കുന്നതിനാല്‍ കാര്യമായ തയ്യാറെടുപ്പുകള്‍ ആവശ്യമാണ്. ഇവ അവലോകനം ചെയ്യുന്നതിനാണ് കേന്ദ്ര ഊര്‍ജ്ജ മന്ത്രി ആര്‍ കെ സിംഗിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.
ഏപ്രിലിനും ജൂണ്‍ മാസത്തിനും ഇടയില്‍ 260 ജിഗാവാട്ടിന്റെ ഏറ്റവും ഉയര്‍ന്ന ആവശ്യം പ്രതീക്ഷിക്കുന്നുണ്ട്. ഇത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 243 ജിഗാവാട്ടിനെക്കാള്‍ കൂടുതലാണ്. വരും മാസങ്ങളില്‍ ഗ്യാസ് അധിഷ്ഠിത വൈദ്യുത നിലയങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സമാനമായ നിര്‍ദേശങ്ങള്‍ നല്‍കാനാകുമോയെന്നും മന്ത്രാലയം പരിശോധിക്കും.