രാജ്യത്തെ നിലവിലുള്ള ആണവോര്‍ജ ശേഷി 2031-32 ആകുമ്പോഴേക്കും 7480 മെഗാവാട്ടില്‍ നിന്ന് 22800 മെഗാവാട്ടായി ഉയര്‍ത്തുമെന്ന് കേന്ദ്രസര്‍ക്കാര്‍. ഈ ഊര്‍ജ സ്രോതസ്സുകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി ആണവോര്‍ജത്തിലൂടെയും മറ്റ് ഊര്‍ജ സ്രോതസ്സുകളിലൂടെയും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ നയപരമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ഡോ ജിതേന്ദ്ര സിംഗ് ലോക്സഭയില്‍ ഒരു ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയില്‍ പറഞ്ഞു.
രാജ്യത്തെ മൊത്തം വൈദ്യുതോല്‍പ്പാദനത്തില്‍ ആണവോര്‍ജത്തിന്റെ പങ്ക് വര്‍ധിപ്പിക്കുന്നതിന്, പത്ത് 700 മെഗാവാട്ട് പ്രഷറൈസ്ഡ് ഹെവി വാട്ടര്‍ റിയാക്ടറുകള്‍ സ്ഥാപിക്കുന്നതിന് അനുമതിനല്‍കിയിട്ടുണ്ടെന്ന് ഡോ ജിതേന്ദ്ര സിംഗ് കൂട്ടിച്ചേര്‍ത്തു.
ആണവ അപകടങ്ങള്‍മൂലം പൊതുജനങ്ങള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ക്കുള്ള നഷ്ടപരിഹാര നിയമം നടപ്പിലാക്കുന്നതിനായി ഇന്ത്യന്‍ ന്യൂക്ലിയര്‍ ഇന്‍ഷുറന്‍സ് പൂള്‍ സൃഷ്ടിക്കും.
ആണപദ്ധതികള്‍ സ്ഥാപിക്കുന്നതിന് പൊതുമേഖലാ കമ്പനികളുടെ സംയുക്ത സംരംഭങ്ങളെ പ്രാപ്തമാക്കുന്നതിന് നിയമത്തില്‍ ഭേദഗതി, ഇന്ധന വിതരണമുള്‍പ്പെടെ ആണവോര്‍ജ്ജ സഹകരണത്തിനായി വിദേശരാജ്യങ്ങളുമായി കരാര്‍ എന്നിവ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതായും മന്ത്രി പറഞ്ഞു.