വൈദ്യുതി ഉത്പാദനത്തിൽ റെക്കോർഡ് കൈവരിച്ച് എന്‍ടിപിസി

  • എന്‍ടിപിസിക്ക് ഏകദേശം 74 ജിഗാവാട്ട് സ്ഥാപിത ശേഷി
  • ഹരിത ഭാവിക്കായി മികച്ച ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ സ്വീകരിക്കും
  • ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ്ജ ഉല്‍പാദകരാണ് എന്‍ടിപിസി

Update: 2023-12-20 13:39 GMT


വൈദ്യുതി ഉല്‍പാദനത്തില്‍ വേഗത നേടി എന്‍ടിപിസി ഗ്രൂപ്പ്. ഡിസംബര്‍ 18 ന് 300 ബില്യണ്‍ യൂണിറ്റ് (ബിയു) വൈദ്യുതി ഉല്‍പാദിപ്പിച്ചാണ് ഈ നേട്ടത്തിലെത്തിയത്. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ വെറും 262 ദിവസത്തിനുള്ളില്‍ ഈ നാഴികക്കല്ല് കൈവരിച്ചവെന്നതാണ് ഇതിന്റെ പ്രത്യേകത. കഴിഞ്ഞ സാമ്പത്തിക വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോള്‍ 18 ദിവസം മുമ്പാണ് ഈ നേട്ടത്തിലേക്ക് കമ്പനി എത്തിയത്.

2022-23 സാമ്പത്തിക വര്‍ഷത്തില്‍, 2023 ജനുവരി 5 ന് കമ്പനി 300 ബിയു ജനറേഷന്‍ മറികടന്നിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എന്‍ടിപിസി സ്റ്റേഷനുകളില്‍ 256 ബിയു ഉല്‍പാദനമാണ് രേഖപ്പെടുത്തിയത്.

രാജ്യത്തിന് വിശ്വസനീയവും താങ്ങാനാവുന്ന നിരക്കിലുമുള്ള വൈദ്യുതി എത്തിക്കുന്നതിനുള്ള എന്‍ടിപിസിയുടെ പ്രതിബദ്ധതയുടെ ഭാഗമാണ് ഈ നേട്ടം. എന്‍ടിപിസിക്ക് ഏകദേശം 74 ജിഗാവാട്ട് സ്ഥാപിത ശേഷിയുണ്ടെങ്കിലും അഞ്ച് ജിഗാവാട്ട് പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉള്‍പ്പെടെ 18 ജിഗാവാട്ട് ശേഷി നിര്‍മ്മാണത്തിലാണ്. 2032 ഓടെ 60 ജിഗാവാട്ട് പുനരുപയോഗ ഊര്‍ജ്ജ ശേഷി കൈവരിക്കാനുള്ള ശ്രമത്തിലാണ്.

വൈദ്യുതി ഉല്‍പാദനത്തിനൊപ്പം, ഇ-മൊബിലിറ്റി, വേസ്റ്റ്-ടു-എനര്‍ജി, ഗ്രീന്‍ ഹൈഡ്രജന്‍ സൊല്യൂഷന്‍സ് എന്നിവയുള്‍പ്പെടെ വിവിധ പുതിയ ബിസിനസ്സ് മേഖലകളിലേക്കും എന്‍ടിപിസി കടന്നിട്ടുണ്ട്.

രാജ്യത്തെ വൈദ്യുതി ആവശ്യകതയുടെ നാലിലൊന്ന് സംഭാവന ചെയ്യുന്ന ഇന്ത്യയിലെ ഏറ്റവും വലിയ സംയോജിത ഊര്‍ജ്ജ ഉല്‍പാദകരാണ് എന്‍ടിപിസി ലിമിറ്റഡ്. താപ, ജല, സൗരോര്‍ജ്ജ, കാറ്റില്‍ നിന്നുള്ള വൈദ്യുതി നിലയങ്ങളുടെ വൈവിധ്യമാര്‍ന്ന പോര്‍ട്ട്‌ഫോളിയോയുള്ള എന്‍ടിപിസി മികച്ച ഉത്പാദന മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനും നൂതനാശയങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും ഹരിത ഭാവിക്കായി മികച്ച ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ സ്വീകരിക്കുന്നതിനുമുള്ള ശ്രമത്തിലുമാണ്.

Tags:    

Similar News