ചൈനാ അതിര്‍ത്തിയില്‍ മെഗാ ജലവൈദ്യുത പദ്ധതിയുമായി ഇന്ത്യ

  • അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥ പരിപോഷിപ്പിക്കുക ലക്ഷ്യം
  • പദ്ധതിയുടെ ട്രയല്‍ റണ്‍ ജൂലൈയില്‍ ആരംഭിക്കും
  • അതിര്‍ത്തിയിലുള്ള ദിബാംഗ് ജലവൈദ്യുത നിലയത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇനി ആരംഭിക്കും

Update: 2023-06-13 11:16 GMT

ചൈനയുടെ അതിര്‍ത്തിയില്‍ നിര്‍മ്മിച്ചുകൊണ്ടിരുന്ന ഇന്ത്യയുടെ ജലവൈദ്യുത പദ്ധതി പൂര്‍ത്തിയാകുന്നു.ഇത് രാജ്യത്തിന്റെ ഊര്‍ജ്ജ പരിവര്‍ത്തനത്തിലെ സുപ്രധാന ചുവടുവയ്പ്പായി വിലയിരുത്തപ്പെടുന്നു.

രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ആസാം, അരുണാചല്‍പ്രദേശ് എന്നിവിടങ്ങളില്‍ക്കൂടി ഒഴുകുന്ന സുബന്‍സിരി നദിയിയിലാണ് പദ്ധതി. അരുണാചല്‍ പ്രദേശിലുള്ള സുബന്‍സിരി ലോവര്‍ പ്രോജക്റ്റിന്റെ ട്രയല്‍ റണ്‍ സര്‍ക്കാര്‍ നടത്തുന്ന ജലവൈദ്യുത കമ്പനിയായ എന്‍എച്ച്പിസി ലിമിറ്റഡ് ജൂലൈയില്‍ ആരംഭിക്കും. ആദ്യ യൂണിറ്റ് ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുമെന്ന് ധനകാര്യ ഡയറക്ടര്‍ രാജേന്ദ്ര പ്രസാദ് ഗോയല്‍ പറയുന്നു. 2024 അവസാനത്തോടെ എട്ട് യൂണിറ്റുകളും കമ്മീഷന്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വൈദ്യുതി ആവശ്യകതയിലെ ഏറ്റക്കുറച്ചിലുകളോട് പെട്ടെന്ന് പ്രതികരിക്കാന്‍ കഴിവുള്ളതാണ് ജലവൈദ്യുതി. സൗരോര്‍ജ്ജത്തിന്റെയും കാറ്റിന്റെയും ഇടയ്ക്കിടെയുള്ള ഉല്‍പ്പാദന വ്യത്യാസം ഉണ്ടാകുമ്പോള്‍ ഗ്രിഡ് ബാലന്‍സ് ചെയ്യുന്നതിന് ഇത് നിര്‍ണായകമാണ്.

നിര്‍ണായകമായ രണ്ട് ഗിഗാ വാട്ടിന്റെ ഈ പ്രോജക്റ്റ് ആരംഭിച്ചിട്ട് ഇപ്പോള്‍ ഇരുപത് വര്‍ഷം പൂര്‍ത്തിയായി. പരിസ്ഥിതി നാശത്തെക്കുറിച്ചുള്ള ആശങ്കകളും പ്രതിഷേധങ്ങളും നിയമ നടപടികളും പ്രോജക്റ്റ് വൈകിപ്പിക്കുകയായിരുന്നു.

പദ്ധതിയുടെ ചെലവ് 212.5 ബില്യണ്‍ രൂപയായി (2.6 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നു.ഇത് യഥാര്‍ത്ഥ എസ്റ്റിമേറ്റിന്റെ മൂന്നിരട്ടിയിലധികമാണ്.

2019ലാണ് പ്രോജക്റ്റിന്റെ നിര്‍മ്മാണം പുനരാരംഭിക്കാന്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അനുമതി നല്‍കിയത്.അണക്കെട്ടുകളോടുള്ള എതിര്‍പ്പ് കാരണം പൂര്‍ണശേഷിയില്‍ നിര്‍മ്മാണം നടത്തിയതല്ല ഈ പദ്ധതി.

ഒരു ജലവൈദ്യുത പദ്ധതി നിര്‍മ്മിക്കാന്‍ തുടങ്ങുന്നതിന് മുമ്പ് വിവിധ വകുപ്പുകളില്‍ നിന്ന് ഏകദേശം 40 അംഗീകാരങ്ങള്‍ നേടേണ്ടതുണ്ടെന്ന് ഗോയല്‍ പറയുന്നു. ഈ ഘട്ടത്തില്‍ എല്ലാ സൂക്ഷ്മപരിശോധനയും നടത്തപ്പെടും. നിര്‍മ്മാണം ആരംഭിച്ചതിനുശേഷമുള്ള ഏതുതടസവും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദഹം കൂട്ടിച്ചേര്‍ത്തു.

ചൈനയും പാക്കിസ്ഥാനുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളിലെ സമ്പദ് വ്യവസ്ഥയെ പരിപോഷിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ നടപടി കൂടിയാണ് ഇത്തരം അണക്കെട്ടുകള്‍.

സുബന്‍സിരി പദ്ധതി അവസാഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഇന്ത്യ നിര്‍മ്മിക്കാന്‍ ഉദ്ദേശിക്കുന്ന ഏറ്റവും വലിയ ജലവൈദ്യുത നിലയമായ 2.9-ഗിഗാവാട്ടിന്റെ ദിബാംഗ് പദ്ധതിയുമായി ബന്ധപ്പെട്ട ജോലികളിലേക്ക് എന്‍എച്ച്പിസി കടക്കുകയാണ്.

2008 ജനുവരിയില്‍ പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ സിംഗാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. എന്നാല്‍ ഇതിന്റെ നിര്‍മ്മാണം ഇതുവരെ ആരംഭിച്ചിട്ടില്ല. 2013ല്‍ പരിസ്ഥിതി മന്ത്രാലയം പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ 2014ല്‍ അപേക്ഷ വീണ്ടും സമര്‍പ്പിച്ചിട്ടുണ്ട്.

പരിസ്ഥിതി ആഘാതങ്ങളും ഇഡു മിഷ്മി ഗോത്രവര്‍ഗക്കാരുടെ പുനരധിവാസവും പദ്ധതിനേരിടുന്ന വെല്ലുവിളികളാണ്. ഇതിനെതിരെ അന്താരാഷ്ട്ര തലത്തില്‍ തന്നെ മുന്‍പ് എതിര്‍പ്പുകള്‍ ഉയര്‍ന്നിരുന്നു. മേല്‍പ്പറഞ്ഞ പദ്ധതികള്‍ പ്രദേശത്തെ വെള്ളപ്പൊക്കത്തെ തടയുമെന്നും കണ്ടെത്തിയിട്ടുണ്ട്.


Tags:    

Similar News