പകല്‍ വില കുറയും, രാത്രി കൂടും; വൈദ്യുതി ചട്ടങ്ങളില്‍ കേന്ദ്രത്തിന്‍റെ ഭേദഗതി
- പീക്ക് സമയം, സോളാർ സമയം, സാധാരണ സമയ എന്നിവയ്ക്ക് വ്യത്യസ്ത താരിഫ്
- സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച ശേഷം ടിഒഡി താരിഫ് നടപ്പാക്കും
- കാര്‍ഷിക ഉപഭോക്താക്കള്‍ ഒഴികെ, 2025 ഏപ്രില്‍ മുതല്‍ പുതിയ താരിഫ് രീതി
ഉപഭോക്താക്കളുടെ അവകാശങ്ങളുമായി ബന്ധപ്പെട്ട, 2020ലെ വൈദ്യുതി ചട്ടങ്ങളില്‍ ഭേദഗതി നടപ്പാക്കി കേന്ദ്ര സര്‍ക്കാര്‍. നിലവിലുള്ള വൈദ്യുതി താരിഫ് സമ്പ്രദായത്തിൽ ഇതിലൂടെ രണ്ട് മാറ്റങ്ങൾ കൊണ്ടുവന്നതായാണ് ഊര്‍ജ്ജ മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള വാര്‍ത്താക്കുറിപ്പ് വ്യക്തമാക്കിയിട്ടുള്ളത്. ടൈം ഓഫ് ഡേ (ToD) താരിഫ് അവതരിപ്പിക്കൽ, സ്മാർട്ട് മീറ്ററിംഗ് വ്യവസ്ഥകൾ യുക്തിസഹമാക്കൽ എന്നിവയാണ് സര്‍ക്കാര്‍ നടപ്പാക്കുന്ന പുതിയ മാറ്റങ്ങള്‍.
ടൈം ഓഫ് ഡേ (ToD) താരിഫ് പ്രകാരം, ഒരു ദിവസത്തിലെ എല്ലാ സമയത്തും ഒരേ നിരക്കായിരിക്കില്ല ഈടാക്കുക. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനുകള്‍ സൗരോര്‍ജ്ജ മണിക്കൂറുകള്‍ എന്നു വിളിക്കുന്ന പകല്‍ സമയത്തെ എട്ടു മണിക്കൂറുകളില്‍ സാധാരണ നിരക്കിനേക്കാള്‍ 10-20% കുറഞ്ഞ നിരക്ക് ഈടാക്കപ്പെടും. അതേസമയം വൈദ്യുതി ഉപഭോഗം കൂടിയ തിരക്കേറിയ മണിക്കൂറുകളില്‍ ഈടാക്കുക 10-20% കൂടുതല്‍ തുകയായിരിക്കും. 10 കിലോവാട്ടിന് മുകളില്‍ പരമാവധി ആവശ്യകതയുള്ള വാണിജ്യ, വ്യാവസായിക ഉപഭോക്താക്കൾക്ക് 2024 ഏപ്രിൽ 1 മുതൽ ടിഒഡി താരിഫ് നടപ്പാക്കും. കാർഷിക ഉപഭോക്താക്കൾ ഒഴികെയുള്ള മറ്റെല്ലാ ഉപഭോക്താക്കൾക്കും 2025 ഏപ്രിൽ 1 മുതലായിരിക്കും ഈ പുതുക്കിയ താരിഫ് സമ്പ്രദായം നിലവില്‍ വരിക. സ്‍മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിച്ച ശേഷം, സ്‍മാര്‍ട്ട് മീറ്ററുകളുള്ള ഉപഭോക്താക്കളുടെ കാര്യത്തില്‍ ഉടനടി ടിഒഡി താരിഫ് നടപ്പാക്കും
The Government of India Amends Electricity (Rights of Consumers) Rules, 2020 by Introducing Time of Day (ToD) Tariff and Simplification of Smart Metering rules
— Ministry of Power (@MinOfPower) June 23, 2023
Read More: https://t.co/pZY9A8JqHE@OfficeOfRKSingh @PIB_India #PowerSector #ToD #SmartMeters
ഉപഭോക്താക്കൾക്കും വൈദ്യുതി സംവിധാനത്തിനും ടിഒഡി ഒരുപോലെ നേട്ടമായിരിക്കുമെന്ന് കേന്ദ്ര ഊർജ്ജ മന്ത്രി ആർ.കെ.സിംഗ് പറഞ്ഞു. "പീക്ക് സമയം, സോളാർ സമയം, സാധാരണ സമയം എന്നിവയ്ക്കായി പ്രത്യേക താരിഫുകൾ അടങ്ങുന്നതാണ് ടിഒഡി താരിഫുകൾ. തങ്ങളുടെ വൈദ്യുതി ഉപഭോഗം കൂടുതല്‍ ക്രമീകരിക്കാന്‍ സാധിക്കുന്ന തരത്തിലുള്ള ബില്ലുകളായിരിക്കും ഉപഭോക്താക്കള്‍ക്ക് ലഭിക്കുക. താരിഫ് സംവിധാനത്തെ കുറിച്ചുള്ള കൃത്യമായ അവബോധവും കാര്യക്ഷമമായ ഉപയോഗവും കൊണ്ട്, ഉപഭോക്താക്കൾക്ക് അവരുടെ വൈദ്യുതി ബില്ലുകൾ കുറയ്ക്കാൻ കഴിയും," അദ്ദേഹം വിശദീകരിച്ചു.
മിക്ക സംസ്ഥാനങ്ങളിലെയുെം ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷനുകളും (SERC) രാജ്യത്തെ വലിയ വാണിജ്യ, വ്യാവസായിക (C&I) വിഭാഗത്തിലുള്ള ഉപഭോക്താക്കൾക്കായി ഇതിനകം തന്നെ ടിഒഡി താരിഫുകൾ നടപ്പിലാക്കിയിട്ടുണ്ടെന്ന് വാര്‍ത്താക്കുറിപ്പ് ചൂണ്ടിക്കാണിക്കുന്നു. ആഗോള തലത്തില്‍ തന്നെ ഊര്‍ജ്ജ മേഖലയില്‍ വ്യാപകമായി പ്രയോഗിക്കപ്പെടുന്ന താരിഫ് രീതിയാണിതെന്നും ഇതിലൂടെ പീക്ക് മണിക്കൂറുകളിലെ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കുന്നതിനും പ്രസരണം മെച്ചപ്പെടുത്തുന്നതിനും സാധിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കുന്നു
സ്‍മാർട്ട് മീറ്ററിംഗിനുള്ള നിയമങ്ങള്‍ കേന്ദ്രം ഈ ഭേദഗതിയിലൂടെ ലളിതമാക്കിയിട്ടുണ്ട്. അനുവദിക്കപ്പെട്ടിട്ടുള്ള പരമാവധി ലോഡിന് / ഡിമാൻഡിന് അപ്പുറത്തേക്ക് ഉപഭോക്താവിന്‍റെ ഡിമാന്‍ഡ് ഉയരുന്നതിന് ചുമത്തുന്ന പിഴകള്‍ കുറച്ചിട്ടുണ്ട്. മീറ്ററിംഗ് വ്യവസ്ഥയിലെ പുതിയ ഭേദഗതി അനുസരിച്ച്, ഇൻസ്റ്റാളേഷൻ തീയതിക്ക് മുമ്പുള്ള കാലയളവിൽ സ്മാർട്ട് മീറ്റർ രേഖപ്പെടുത്തുന്ന പരമാവധി ഡിമാൻഡിനെ അടിസ്ഥാനമാക്കി ഒരു ഉപഭോക്താവിന് പിഴ ഈടാക്കില്ല. സ്മാർട്ട് മീറ്ററുകൾ ദിവസത്തിൽ ഒരിക്കലെങ്കിലും വിദൂരത്തു നിന്നു പരിശോധിക്കുകയും ഇതില്‍ നിന്ന് ലഭിക്കുന്ന ഡാറ്റ ഉപഭോക്താക്കളുമായി പങ്കിടുകയും ചെയ്യും. തങ്ങളുടെ വൈദ്യുതി ഉപഭോഗം സംബന്ധിച്ച് ധാരണയോടെയുള്ള തീരുമാനം എടുക്കാനും ബില്ലുകള്‍ സംബന്ധിച്ച് മുന്‍കൂറായി തന്നെ ധാരണ സൃഷ്ടിക്കാനും ഇത് ഉപഭോക്താക്കളെ പ്രാപ്തമാക്കുമെന്ന് ഊര്‍ജ്ജ മന്ത്രാലയം വിശദീകരിക്കുന്നു.
The Government of India Amends Electricity (Rights of Consumers) Rules, 2020 by Introducing Time of Day (ToD) Tariff and Simplification of Smart Metering rules
— Ministry of Power (@MinOfPower) June 23, 2023
Read More: https://t.co/pZY9A8JqHE@OfficeOfRKSingh @PIB_India #PowerSector #ToD #SmartMeters