വിഴിഞ്ഞം തീരമണഞ്ഞ് കേരളത്തിന്‍റെ വികസന സ്വപ്നം

  • ഷെൻ ഹുവാ 15നെ വരവേറ്റ് മുഖ്യമന്ത്രിയും സംഘവും
  • തുറമുറത്തിന്‍റെ ആദ്യഘട്ടം 2024 മേയില്‍ പൂർത്തീകരിക്കും
  • ലോകത്തിലെ വലിയ കണ്ടെയ്നര്‍ ഷിപ്പുകളുടെ ഭൂപടത്തിലേക്ക് ഇനി ഇന്ത്യ കൂടി

Update: 2023-10-15 11:30 GMT

കേരളത്തിന്‍റെയും രാജ്യത്തിന്‍റെ തന്നെയും തുറമുഖ വികസന ചരിത്രത്തിലെ നാഴികക്കല്ലായി മാറുന്ന വിഴിഞ്ഞം തുറമുഖത്തില്‍ ആദ്യ ചരക്കു കപ്പലെത്തി നങ്കൂരമിട്ടു.  ചൈനയിലെ ഷാങ്ഹായിൽ നിന്ന് തിരിച്ച ഷെൻ ഹുവാ 15 എന്ന കപ്പലാണ് തുറമുഖ വികസനത്തിനായുള്ള ക്രെയിനുകളുമായി തീരമണഞ്ഞത്. 

ചൈനയില്‍ നിന്നുള്ള കപ്പല്‍ മൂന്ന് ക്രെയിനുകളുമായി വ്യാഴാഴ്ച വിഴിഞ്ഞം തീരത്തെത്തിയിരുന്നു. കപ്പലിനെ ഔദ്യോഗികമായി ബെര്‍ത്തിലെത്തിക്കുന്ന മൂറിംഗ് ചടങ്ങ് ഇന്ന് പൂര്‍ത്തിയാകുമ്പോള്‍ ലോകത്തിലെ വലിയ കണ്ടെയ്നര്‍ ഷിപ്പുകളുടെ ഭൂപടത്തിലേക്ക് ഇന്ത്യ കൂടി ചേര്‍ക്കപ്പെടുകയാണ്.  സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. കേന്ദ്ര തുറമുഖ മന്ത്രി സര്‍ബാനന്ദ് സോനോവാള്‍, സംസ്ഥാന തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നു. 

തീരത്തെത്തുന്നത് വലിയ സാധ്യതകള്‍

ആഗോള ചരക്ക് ഗതാഗതത്തിന്റെ 30 ശതമാനത്തോളം നടക്കുന്ന അന്താരാഷ്‌ട്ര ഷിപ്പിംഗ് റൂട്ടുകളുമായുള്ള സാമീപ്യവും കടലിൽ നിന്ന് 24 മീറ്റർ വരെ താഴേക്ക് പോകുന്ന പ്രകൃതിദത്ത ചാനലും വിഴിഞ്ഞത്തെ ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് എത്തിച്ചേരാന്‍ അനുയോജ്യമായ കേന്ദ്രമാക്കി മാറ്റുന്നു. ഇതുവരെ,  മതിയായ ആഴമുള്ള തുറമുഖങ്ങൾ ഇല്ലാത്തതിനാല്‍ അത്തരം വന്‍ കപ്പലുകൾ ഇന്ത്യയെ ഒഴിവാക്കി കൊളംബോ, ദുബായ്, സിംഗപ്പൂർ എന്നിവിടങ്ങളെ ഡോക്കിംഗിനായി തെരഞ്ഞെടുക്കുകയായിരുന്നു പതിവ്

രാജ്യത്തെ ആദ്യത്തെ വാട്ടർ കണ്ടെയ്‌നർ ഡോക്കിങ് കൂടിയായ വിഴിഞ്ഞം തുറമുഖത്തിന്‍റെ പണി 2015ലാണ് ആരംഭിച്ചത്. 7600 കോടി രൂപ ചെലവു കണക്കാക്കുന്ന ഈ പദ്ധതിയുടെ ആദ്യഘട്ടം 2024 മേയില്‍ പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

തുറമുഖം പൊതു-സ്വകാര്യ-പങ്കാളിത്ത മാതൃകയിലാണ് നിർമ്മിക്കുന്നത്. കേരള സർക്കാരും കേന്ദ്ര സർക്കാരും ഡെവലപ്പർമാരായ അദാനി പോർട്ട്സ് പ്രൈവറ്റ് ലിമിറ്റഡുമാണ് പങ്കാളികള്‍.  ഇന്ത്യാ ഗവൺമെന്റിൽ നിന്ന് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിംഗ് ലഭിക്കുന്ന ആദ്യത്തെ ഗ്രീൻഫീൽഡ് തുറമുഖ പദ്ധതിയാണിത്. പദ്ധതി പൂർണമാകുന്നതോടെ ഇന്ത്യയുടെ കണ്ടെയ്നർ ട്രാൻഷിപ് ആവശ്യങ്ങളുടെ 75 ശതമാനവും നിറവേറ്റാൻ വിഴിഞ്ഞത്തിന് സാധിക്കും. 

വിഴിഞ്ഞം പദ്ധതി കമ്മീഷൻ ചെയ്തുകഴിഞ്ഞാൽ കേരളത്തിൽ നിന്ന്, ശ്രീലങ്കയിലെ കൊളംബോ, ദുബായിലെ ജബൽ അലി, സിംഗപ്പൂർ തുടങ്ങിയ സ്ഥലങ്ങളിലേക്ക് നേരിട്ട് സമുദ്ര വ്യാപാരം നടത്തുക എളുപ്പമാകും. അതിനാല്‍ സമുദ്രം വഴി ചരക്കു വ്യപാരം നടത്തുന്ന കമ്പനികള്‍ കേരളത്തിലെത്താനുള്ള സാധ്യതയും വർധിക്കുകയാണ്.

ആദ്യ ഘട്ടത്തില്‍ ഒരു ദശലക്ഷം ടിഇയു ശേഷി

നിലവിൽ കൊളംബോ, സിംഗപ്പൂർ തുടങ്ങിയ തുറമുഖങ്ങളിൽ നിന്ന് ഇന്ത്യയിലേക്ക് പ്രതിവർഷം ഏകദേശം മൂന്നു ദശലക്ഷം ടിഇയു (ട്വന്‍റി ഫൂട്ട് ഇക്വിവാലന്‍റ് യൂണിറ്റ്)  ചരക്ക് കണ്ടെയ്‌നറുകൾ എത്തുന്നുണ്ട്. വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനത്തോടെ ഇതില്‍ നല്ലൊരു ഭാഗം നേരിട്ടു കേരളത്തുതിലേക്ക് എത്തുമെന്നാണ് വിലയിരുത്തുന്നത്.

തുറമുഖ പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഒരു ദശലക്ഷം ടിഇയു ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷിയും മൂന്നാം ഘട്ടത്തിൽ 3 .3 ദശലക്ഷം ടിഇയു ചരക്കു കൈകാര്യം ചെയ്യാന്‍ ശേഷിയുമുള്ള തുറമുഖമായി വിഴിഞ്ഞം മാറും. ദേശീയ പാത 66 , തിരുവന്തപുരം അന്താരാഷ്ട്ര വിമാനത്താവളം എന്നിവയുമായി 16 കിലോമീറ്റർ അകലെയാണ് തുറമുഖം.

Tags:    

Similar News