ചെലവുകൂടിയ തുറമുഖമായി വല്ലാര്‍പാടം; കയറ്റുമതിയില്‍ വന്‍ ഇടിവ്

  • നടപടിക്രമങ്ങൾക്കായി കൂടുതല്‍ ദിവസങ്ങളെടുക്കുന്നതും അമിത ഫീസുകളും കാരണം
  • മുൻപ് ശരാശരി 8-10% വളര്‍ച്ച നേടിയിരുന്നു
  • ചരക്ക് നീക്കം മറ്റു തുറമുഖങ്ങളിലേക്ക് വഴി മാറിപോവുന്ന സാഹചര്യം

Update: 2023-05-16 09:10 GMT

വല്ലാര്‍പാടം രാജ്യാന്തര ട്രാന്‍സ്ഷിപ്‌മെന്റ് ടെര്‍മിനല്‍ വഴിയുള്ള കണ്ടെയ്‌നര്‍ നീക്കത്തില്‍ വന്‍ ഇടിവ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകാന്‍ കൂടുതല്‍ ദിവസങ്ങളെടുക്കുന്നതും അമിത ഫീസുകളുമാണ് ഇതിനു കാരണമായി വാണിജ്യസമൂഹം ചൂണ്ടിക്കാട്ടുന്നത്.

ഇറാന്‍, യു.എ.ഇ എന്നിവിടങ്ങളില്‍നിന്ന് വരുന്ന ഭക്ഷ്യവസ്തുക്കള്‍, ഈത്തപ്പഴം എന്നിവ വല്ലാര്‍പാടം ടെര്‍മിനലിലെ എഫ്.എസ്.എസ്.എ.ഐ, ലീഗല്‍ മെട്രോളജി, പ്ലാന്റ് ക്വാറന്റൈന്‍ തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികളുടെ അനാവശ്യ ഇടപെടല്‍ മൂലം ഇവിടെ ഇറക്കാതെ പോവുകയാണ്.

അതേസമയം മുംബൈ, മുന്ദ്ര തുടങ്ങിയ തുറമുഖങ്ങളില്‍ കാലതാമസമില്ലാതെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത് ചരക്കുനീക്കം അവിടേക്ക് ആകര്‍ഷിക്കുന്നു. നിലവില്‍ ജബല്‍അലി, ബന്ദര്‍ അബ്ബാസ് തുറമുഖങ്ങളില്‍ നിന്നുള്ള ചരക്കുകപ്പലുകള്‍ കൊച്ചിയെ കൈവെടിയുന്ന സ്ഥിതിയുണ്ട്.

ബിസിനസ് കുറഞ്ഞു

കൊച്ചിയില്‍ കപ്പലടുപ്പിക്കാന്‍ ഇറക്കുമതിക്കാര്‍ മടിക്കുന്നത് ഇവിടെ ചരക്കിറക്കിയശേഷം കാലിയാകുന്ന കണ്ടെയ്‌നറുകളുടെ ലഭ്യത കുറയ്ക്കുന്നു. ഇതും കയറ്റുമതിക്ക് മറ്റു തുറമുഖങ്ങളെ ആശ്രയിക്കാന്‍ ഇടയാക്കുന്നു. ഏതാനും വര്‍ഷങ്ങളായി ശരാശരി 8-10% വളര്‍ച്ച നേടിയിരുന്ന വല്ലാര്‍പാടം ടെര്‍മിനലിന് അപ്രതീക്ഷിത തിരിച്ചടിയേറ്റതു കഴിഞ്ഞ സാമ്പത്തിക വര്‍ഷമാണ്.

നിലവില്‍ രാജ്യത്തെ ചെലവുകൂടിയ തുറമുഖമായി വല്ലാര്‍പാടം മാറിയിട്ടുണ്ട്. കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 2022-23ല്‍ രാജ്യത്തെ പ്രമുഖ തുറമുഖങ്ങള്‍ 79.5 കോടി ടണ്‍ കാര്‍ഗോ കൈകാര്യം ചെയ്തിരുന്നു. മുന്‍ വര്‍ഷത്തേക്കാള്‍ 10.4 ശതമാനം വര്‍ധനയാണിത്. എന്നാല്‍ ഇതേ കാലയളവില്‍ വല്ലാര്‍പാടത്ത് ടി.ഇ.യു 6.95 ലക്ഷമായി കുറയുകയാണുണ്ടായത്. കൊവിഡ് പ്രതിസന്ധി ഉണ്ടായിട്ടും 2021-22ല്‍ ഇത് 7.35 ലക്ഷമായിരുന്നു.

വെസല്‍ ഹാന്‍ഡ്‌ലിങ് നിരക്കില്‍ 12.12% വര്‍ധന

കൊച്ചി പോര്‍ട്ട് അതോറിറ്റി വെസല്‍ ഹാന്‍ഡ്‌ലിങ് നിരക്കുകള്‍ ഈമാസം ഒന്നാം തീയതി മുതല്‍ 12.12% വര്‍ധിപ്പിച്ചതും തിരിച്ചടിയായി. രാജ്യത്തെ മറ്റു തുറമുഖങ്ങളിലും ഈ നിരക്കുവര്‍ധനയുണ്ട്. എന്നാല്‍ ഈ നിരക്കുവര്‍ധന തല്‍ക്കാലം നടപ്പാക്കുന്നില്ലെന്ന നിലപാടിലാണ് ചെന്നൈ. കൊച്ചിയിലും ഇതു മാറ്റിവയ്ക്കാന്‍ ഡി.പി വേള്‍ഡ് ചെയര്‍പേഴ്‌സന്‍ ഡോ.ബീനയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇന്നു നടക്കുന്ന ചര്‍ച്ചയില്‍ തീരുമാനമുണ്ടാകുമെന്നും സ്റ്റീമര്‍ ഏജന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് കെ.എസ് ബിനു പറഞ്ഞു.

ടെര്‍മിനല്‍ ഹാന്റ്‌ലിങ് നിരക്ക് 7.27% ഈമാസം മുതല്‍ വല്ലാര്‍പാടത്ത് കുറച്ച ഡി.പി വേള്‍ഡിന്റെ നടപടി സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു. കയറ്റുമതിയിലെ ഇടിവ് രാജ്യത്തെ എല്ലാ തുറമുഖവും നേരിടുന്ന പ്രതിസന്ധിയാണെന്നും തമിഴ്‌നാട്ടിലെ നാമക്കലില്‍ നിന്നുമുള്ള മുട്ട കയറ്റുമതി മൂന്നു മാസമായി കൊച്ചിക്ക് കിട്ടിയതു ശുഭസൂചകമാണെന്നും ബിനു ചൂണ്ടിക്കാട്ടി.

കപ്പല്‍ നിരക്ക് കൊളംബോ തുറമുഖത്തേക്കാള്‍ പത്തിരട്ടി കൂടുതല്‍

കൊച്ചിയിലെ നിരക്കുവര്‍ധന സമീപ തുറമുഖങ്ങളിലെ നിരക്കിന്റെ രണ്ടിരട്ടിയിലേറെ വരുമെന്നും ഇതുമൂലം കാര്‍ഗോ കൂടുതലായി കയറ്റിയയക്കാന്‍ ലഭിക്കാത്ത സാഹചര്യമുണ്ടെന്നും കേരള എക്‌സ്‌പോര്‍ട്ടേഴ്‌സ് ഫോറം ഭാരവാഹികള്‍ പറയുന്നു.

കൊച്ചിയില്‍ കൊളംബോ തുറമുഖത്തേക്കാള്‍ പത്തിരട്ടി കൂടുതലാണ് കപ്പല്‍ നിരക്കെന്നതിനാല്‍ കയറ്റുമതി അങ്ങോട്ട് പോകുമെന്ന് കൊച്ചിന്‍ പോര്‍ട്ട് യൂസേഴ്‌സ് ഫോറം പ്രസിഡന്റ് പ്രകാശ് അയ്യര്‍ പറയുന്നു. കാലിയായ കണ്ടെയിനറുകളുടെ നിരക്ക് 7.27% കൂട്ടിയത് കുറയ്ക്കുക മാത്രമേ ഡി.പി വേള്‍ഡ് ചെയ്തുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

വല്ലാര്‍പാടത്ത് ചരക്കുനീക്കത്തിനു ചെലവേറിയത് സംസ്ഥാനത്തെ, വിശേഷിച്ച് മലബാറിലെ കാര്‍ഗോ നീക്കം ചെന്നൈ, തൂത്തുക്കുടി തുറമുഖങ്ങളിലേക്ക് വഴിമാറിപ്പോകാന്‍ ഇടവരുത്തുന്ന സാഹചര്യമാണുള്ളത്. ചരക്കുനീക്ക നിരക്കുവര്‍ധനയുടെ ഭാരം ആത്യന്തികമായി സാധാരണ ഉപയോക്താക്കളുടെ ചുമലില്‍ എത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Tags:    

Similar News