22,000 കോടി രൂപയുടെ ഓർഡർ ബുക്കുമായി കൊച്ചിൻ ഷിപ്പ്‌യാർഡ്

  • രണ്ട് പ്രതിരോധ പദ്ധതികളാണ് ഇപ്പോൾ പ്രധാനമായും നടപ്പിലാക്കുന്നത്
  • ഇന്ത്യൻ നാവികസേനയ്‌ക്കായി 6,300 കോടി വിലമതിക്കുന്നതാണ് ഒരു ഓർഡർ
  • ജർമ്മനിക്കായി എട്ട് വിവിധോദ്ദേശ്യ കപ്പലുകൾ നിർമ്മിച്ചു വരുന്നു

Update: 2023-11-28 14:21 GMT

കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിന്റെ (സി‌എസ്‌എൽ; CSL) നടപ്പിലാക്കാനുള്ള ഓർഡർ ബുക്ക് നിലവിൽ 22,000 കോടി രൂപയാണെന്ന് കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ (സിഎംഡി) മധു എസ് നായർ പറഞ്ഞു.

“ഒരു റഫറൻസ് എന്ന നിലയിൽ, ഏത് സമയത്തും ഞങ്ങൾക്ക് ഏകദേശം 700 കോടി രൂപയുടെ കപ്പൽ നന്നാക്കൽ ഓർഡറുകൾ ഉണ്ട്,” സിഎംഡി കൂട്ടിച്ചേർത്തു.

രണ്ട് പ്രതിരോധ പദ്ധതികളാണ് സി‌എസ്‌എൽ ഇപ്പോൾ പ്രധാനമായും നടപ്പിലാക്കുന്നതെന്ന് കമ്പനി ചൂണ്ടിക്കാട്ടി. ഒന്ന്, 2023 ജൂലൈ 29-ന് ഷിപ്പ്‌യാർഡിൽ നങ്കൂരമിട്ട വിമാനവാഹിനിക്കപ്പലായ ഐ എൻ എസ് (INS) വിക്രാന്ത്; അതിന്റെ ഗ്യാരന്റി റീഫിറ്റ് നടപ്പിലാക്കുന്നതിനും എം എഫ് സ്റ്റാർ (MF-STAR) സ്ഥാപിക്കുന്നതിനുമായി ഇന്ത്യൻ നാവികസേനയുമായി തയ്യാറാക്കിയ ഒരു വർക്ക് പാക്കേജ്.

രണ്ടാമത്തെ സുപ്രധാന സംരംഭം, ഇന്ത്യൻ നാവികസേനയ്‌ക്കായി തന്നെയുള്ള ഏകദേശം 6,300 കോടി രൂപ വിലമതിക്കുന്ന എ എസ് ഡബ്ലിയു എസ് ഡബ്ലിയു സി (ASW SWC) കോർവെറ്റിന്റെ നിർമാണം.

2023 ഡിസംബറിൽ മറ്റു രണ്ട് എഎസ്‌ഡബ്ല്യു എസ്‌ഡബ്ല്യുസിക്ക് കീൽ ഇടാനാണ് സിഎസ്‌എൽ ലക്ഷ്യമിടുന്നത്. അതേസമയം മറ്റ് മൂന്നെണ്ണത്തിന്റെ ബ്ലോക്ക് ഫാബ്രിക്കേഷൻ പണികൾ ഇതിനകം അതിന്റെ അന്തിമ ഘട്ടങ്ങളിലാണ്.

“ഈ കാലയളവിലെ ഞങ്ങളുടെ വരുമാന വളർച്ചയെ നയിക്കുന്നതിൽ ഈ രണ്ട് പദ്ധതികളും ഒരു പ്രധാന പങ്ക് വഹിച്ചു.


 ഓർഡറുകളുടെ പെരുമഴ

ഞങ്ങളുടെ സമ്പൂർണ ഉടമസ്ഥതയിലുള്ള അനുബന്ധ കമ്പനിയായ ഉഡുപ്പി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് (യുസിഎസ്എൽ) ഒരു യൂറോപ്യൻ ക്ലയന്റിൽനിന്ന് ഒരു സുപ്രധാന ഓർഡർ നേടി,” സിഎംഡി പറഞ്ഞു. ആറ് പുതിയ തലമുറ ജനറൽ ചരക്ക് കപ്പലുകൾ നിർമ്മിക്കുന്നതിനാണ് ഈ ഉത്തരവ്.

ഇവ കൂടാതെ, യൂറോപ്പിന്റെ ഉൾനാടുകളിലും തീരക്കടലുകളിലും പൊതു ചരക്ക് ഗതാഗതത്തിനായി എട്ട് കപ്പലുകൾ കൂടി നിർമിച്ചു നൽകാനുള്ള സാധ്യതയും നിലനിൽക്കുന്നുണ്ട്.

ഇതിനുപുറമെ, ജർമ്മനിക്കായി കമ്പനി എട്ട് വിവിധോദ്ദേശ്യ കപ്പലുകൾ നിർമ്മിച്ചു വരികയാണ്; അവ നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലെത്തിക്കഴിഞ്ഞു. ഈ ഓർഡറിന്റെ കരാർ മൂല്യം ഏകദേശം 580 കോടി രൂപയാണെന്നും 2026 മാർച്ചിൽ ഇത് പൂർത്തിയാകുമെന്നും സിഎസ്എൽ മാനേജ്മെന്റ് അറിയിച്ചു.

ഇൻലാൻഡ് വാട്ടർവേസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (ഐഡബ്ല്യുഎഐ; IWAI) 129 കോടി രൂപയുടെ കരാർ മൂല്യത്തിൽ എട്ട് ഹൈബ്രിഡ് ഇലക്ട്രിക് കാറ്റമരൻ പാസഞ്ചർ വെസ്സലുകൾ നിർമ്മിക്കുന്നതിനുള്ള ഓർഡറും സിഎസ്എല്ലിന് ലഭിച്ചിട്ടുണ്ട്.

“പ്രസ്തുത എട്ട് കപ്പലുകളിൽ ആറെണ്ണം കൊൽക്കത്തയിലെ ഞങ്ങളുടെ അനുബന്ധ കമ്പനിയായ ഹൂഗ്ലി കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (എച്ച്‌സി‌എസ്‌എൽ) നിർമ്മിക്കും,” സി‌എസ്‌എൽ ഒരു പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

കൊച്ചി വാട്ടർ മെട്രോ

കൊച്ചി വാട്ടർ മെട്രോ പദ്ധതിക്കായി 23 ഹൈബ്രിഡ് ഇലക്ട്രിക് കാറ്റമരൻ ഹൾ വെസ്സലുകൾ കമ്പനി നിർമിക്കുന്നുണ്ടെന്ന് സിഎസ്എൽ അറിയിച്ചു.

ഇതിൽ 12 യൂണിറ്റുകൾ ഇതിനകം ഡെലിവറി ചെയ്തു കഴിഞ്ഞു, 2024 ജൂണിൽ കൊച്ചി വാട്ടർ മെട്രോയിലേക്കുള്ള ശേഷിക്കുന്ന ഡെലിവറികൾ പൂർത്തിയാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ഫ്യുവൽ സെൽ വെസലിന്റെ നിർമ്മാണത്തിലും കമ്പനി ഇപ്പോൾ പ്രവർത്തിക്കുന്നുണ്ട്. 


 കൊച്ചിൻ ഷിപ്പ്‌യാർഡ്ന്റെ ഓഹരികൾ ഇന്ന് എൻ എസ് ഇ-യിൽ 11.05 രൂപ അഥവാ 0.99 ശതമാനം ഉയർന്ന് 11332.75-രൂപയിലാണ് അവസാനിച്ചത്.


Tags:    

Similar News