തമിഴ്നാട്ടില്‍ 42,700 കോടി രൂപയുടെ നിക്ഷേപവുമായി അദാനി ഗ്രൂപ്പ്

  • സംസ്ഥാന സര്‍ക്കാരിന്റെ വലിയ പദ്ധതികളിലൊന്നാണ് അദാനി ഗ്രൂപ്പിന്റെ നിക്ഷേപം
  • അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും ചെന്നൈക്കടുത്ത് പ്രവര്‍ത്തിക്കുന്നു
  • ഇതുവരെ 3,733 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

Update: 2024-01-09 10:39 GMT

ചെന്നൈ: തമിഴ്നാട്ടില്‍ 42,700 കോടി രൂപയുടെ നിക്ഷേപം നടത്തി അദാനി ഗ്രൂപ്പ്. ആഗോള നിക്ഷേപക സംഗമം 2024 ന്റെ രണ്ടാം ദിനത്തില്‍ വിവിധ മേഖലകളിലായാണ് നിക്ഷേപം.

ഭരണകക്ഷിയായ ഡിഎംകെ സര്‍ക്കാര്‍ സംഘടിപ്പിച്ച പരിപാടിയുടെ മൂല്യനിര്‍ണ്ണയ സമ്മേളനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍, വ്യവസായ മന്ത്രി ടി ആര്‍ ബി രാജ, അദാനി തുറമുഖ, പ്രത്യേക സാമ്പത്തിക മേഖല മാനേജിംഗ് ഡയറക്റ്റർ എന്നിവരുടെ സാന്നിധ്യത്തില്‍ അദാനി ഗ്രൂപ്പും സംസ്ഥാന സര്‍ക്കാരും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ വലിയ പദ്ധതികളിലൊന്നാണ് അദാനി ഗ്രൂപ്പിന്റെ നിക്ഷേപം.

24,500 കോടി രൂപയുടെ (മൊത്തം 42,700 കോടി രൂപ) നിക്ഷേപം അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് മൂന്ന് സംഭരണ പദ്ധതികളിലായി അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനുള്ളില്‍ നടത്തുമെന്ന് അദാനി ഗ്രൂപ്പ് കമ്പനി പ്രസ്താവനയില്‍ പറഞ്ഞു.

കൂടാതെ, ഗ്രൂപ്പിന്റെ ഹൈപ്പര്‍സ്‌കെയില്‍ ഡാറ്റാ സെന്റര്‍ പ്രൊവൈഡറായ അദാനി കോണ്‍എക്സ് ഒരു ഡാറ്റാ സെന്റര്‍ സ്ഥാപിക്കുന്നതിന് 13,200 കോടി രൂപയും അംബുജ സിമന്റ്സ് മൂന്ന് സിമന്റ് ഗ്രൈന്‍ഡിംഗ് യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിന് 3,500 കോടി രൂപയും നീക്കിവച്ചിട്ടുണ്ട്. അദാനി ടോട്ടല്‍ ഗ്യാസ് ലിമിറ്റഡ് അടുത്ത എട്ട് വര്‍ഷത്തിനുള്ളില്‍ 1,568 കോടി രൂപ നിക്ഷേപിക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

തുറമുഖങ്ങള്‍, ലോജിസ്റ്റിക്സ്, ഭക്ഷ്യ എണ്ണ, പവര്‍ ട്രാന്‍സ്മിഷന്‍, സിറ്റി ഗ്യാസ് വിതരണം, ഡാറ്റാ സെന്ററുകള്‍, ഗ്രീന്‍ എനര്‍ജി, സിമന്റ് നിര്‍മ്മാണം എന്നിവയുള്‍പ്പെടെയുള്ള മേഖലകളിലെല്ലാം അദാനി ഗ്രൂപ്പിന് തമിഴ്നാട്ടില്‍ സാന്നിധ്യം ഉണ്ട്.

അദാനി തുറമുഖങ്ങളും പ്രത്യേക സാമ്പത്തിക മേഖലയും നിലവില്‍ ചെന്നൈക്കടുത്ത് കാട്ടുപള്ളി, എന്നൂര്‍ എന്നിവിടങ്ങളിലാണ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 3,733 കോടി രൂപയുടെ നിക്ഷേപം ഗ്രൂപ്പ് നടത്തിയിട്ടുണ്ട്.

ഗ്ലോബല്‍ ഇന്‍വെസ്റ്റേഴ്സ് മീറ്റ് 2024 ലൂടെ വിവിധ മേഖലകളിലായി വിവിധ ബഹുരാഷ്ട്ര കമ്പനികള്‍ നടത്തിയ 6.64 ലക്ഷം കോടി രൂപയുടെ നിക്ഷേപം തമിഴ്നാട് നേടിയെടുത്തു. ഈ നിക്ഷേപം സംസ്ഥാനത്ത് 26.90 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

Tags:    

Similar News