കെഎഎല്‍ ഇല്കട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തിലേക്ക്

  • പ്ലാന്റിന്റെ നിര്‍മ്മാണം 6-8 മാസത്തിനകം ആരംഭിക്കും
  • അത്യാധുനിക ട്രൈടണ്‍ ഇലക്ട്രിക് സൈക്കിള്‍ ഒക്ടോബര്‍ 2 നു പുറത്തിറങ്ങും

Update: 2023-08-03 07:31 GMT

ഇ സ്‌കൂട്ടര്‍ നിര്‍മാണ യൂണിറ്റിനുള്ള സംയുക്ത സംരംഭ കരാറില്‍ കെഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശശീന്ദ്രനും ലോര്‍ഡ്സ് മാര്‍ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഡോ.സുനില്‍ വാമന്‍ കൊര്‍ഗാവൊങ്കറും ഒപ്പുവെക്കുന്നു. വ്യവസായ മന്ത്രി പി രാജീവ്, കെഎഎല്‍ ചെയര്‍മാന്‍ സ്റ്റാന്‍ലി പുല്ലുവിള തുടങ്ങിയവര്‍ സമീപം.

തിരുവനന്തപുരം: പൊതുമേഖല സ്ഥാപനമായ കേരള ഓട്ടോമൊബൈല്‍സ് ലിമിറ്റഡ് ( കെഎഎല്‍) ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാണത്തിലേക്കു കടക്കും. ഇതിനായി കണ്ണൂര്‍ കിന്‍ഫ്രാ പാര്‍ക്കില്‍ കെഎഎല്‍ യൂണിറ്റ് സ്ഥാപിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി. രാജീവ് അറിയിച്ചു. കിന്‍ഫ്രാ പാര്‍ക്കില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന രണ്ടേക്കര്‍ സ്ഥലത്തു സ്ഥാപിക്കുന്ന പ്ലാന്റിന്റെ നിര്‍മാണം 6-8 മാസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു.

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന വാഹന നിര്‍മാണക്കമ്പനിയായ ലോര്‍ഡ്‌സ് മാര്‍ക്ക് ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെയാണ് യൂണിറ്റ് ആരംഭിക്കുന്നത്. കഴിഞ്ഞ ദിവസം ഇതു സംബന്ധിച്ച കരാറില്‍ കെ എഎല്ലും ലോര്‍ഡ്‌സ് കമ്പനിയും ഒപ്പിട്ടിരുന്നു.

ആധുനിക ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും മുച്ചക്ര യാത്രാ- കാരിയര്‍ വാഹനങ്ങളുമാണ് ലോര്‍ഡ്സ് മാര്‍ക്കിന്റെ സഹായത്തോടെ ഇവിടെ നിര്‍മിക്കുക. ഇരു സ്ഥാപനങ്ങളും ചേര്‍ന്നുള്ള ഈ സംയുക്ത സംരംഭം ഇന്ത്യയിലേയും വിദേശ നാടുകളിലേയും ഇലക്ട്രിക് വാഹന വിപണിയില്‍ വന്‍ മാറ്റം സൃഷ്ടിക്കുമെന്ന് മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. കമ്പനി നിര്‍മ്മിക്കുന്ന ഇരുചക്ര. മുച്ചക്ര വാഹനങ്ങള്‍ രാജ്യമെമ്പാടും വിതരണം ചെയ്യുന്നതിനൊപ്പം സുപ്രധാന വിദേശ വിപണികളിലും ലഭ്യമാക്കും. സംയുക്ത സംരംഭത്തിന്റെ നിലനില്‍പിനും വളര്‍ച്ചയ്ക്കും ഇവര്‍ നിര്‍മ്മിക്കുന്ന ഇലക്ട്രിക് വാഹനങ്ങള്‍ക്ക് തുടക്കത്തില്‍ സര്‍ക്കാര്‍ സബ്സിഡിയും ആലോചനയിലുണ്ടെന്നും മന്ത്രി അറിയിച്ചു.

കെഎഎല്ലിന്റെ തിരുവന്തപുരത്തെ യൂണിറ്റില്‍ നിര്‍മിക്കുന്ന ട്രൈടണ്‍ ഇലക്ട്രിക് സൈക്കിള്‍ അടുത്ത ഒക്ടോബര്‍ രണ്ടിന് വിപണിയിലെത്തുമെന്ന് കമ്പനി ചെയര്‍മാന്‍ സ്റ്റാന്‍ലി പുല്ലുവിള പറഞ്ഞു. ഉയര്‍ നിലവാരത്തിലുള്ള സ്റ്റീല്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ട്രൈടണ്‍ സൈക്കിളുകള്‍ക്ക് കൂടുതല്‍ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ശക്തമായ 12 ആംപിയര്‍ ബാറ്ററി 70-80 കിലോമീറ്റര്‍ നല്‍കും. 250 വാട്സിന്റെ ഹബ്ബ് മോട്ടോറാണ് ഉപയോഗിക്കുന്നത്.

കെഎഎല്‍ മാനേജിംഗ് ഡയറക്ടര്‍ ശശീന്ദ്രന്‍, കെഎഎല്‍ ലോര്‍ഡ്സ് മാര്‍ക് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡ് കൊമേഴ്സ്യല്‍ ഡയറക്ടര്‍ ഡോ.സുനില്‍ വാമന്‍ കൊര്‍ഗാവൊങ്കര്‍, ടെക്നിക്കല്‍ ഡയറക്ടര്‍ വിദിത് തിവാരി തുടങ്ങിയവര്‍ കരാര്‍ ഒപ്പിടല്‍ ചടങ്ങില്‍ പങ്കെടുത്തു.

Tags:    

Similar News