'സിലിക്കൺ വാലി മോഡൽ' പദ്ധതി കേരളത്തിലും; സുരേഷ് മാത്യു
മലയാളികളുടെ നേതൃത്വത്തിൽ യു എസിലെ സിലിക്കൺ വാലിയിൽ പ്രവർത്തിക്കുന്ന സെഡായി (sedai.io) സ്റ്റാർട്ടപ്പ് 1.5 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് ആണ് ഈയിടെ സ്വന്തമാക്കിയത്. അതായത് ഏകദേശം 113 കോടി രൂപ. ആഗോള കമ്പനികളുടെ ക്ലൗഡ് സർവറുകളെ ഓട്ടോമേറ്റഡ് ആയി കൈകാര്യം ചെയ്യിപ്പിക്കാനുള്ള ഉത്പന്നങ്ങളാണ് കമ്പനി നിർമ്മിക്കുന്നത്. നോർവെസ്റ്റ് വെഞ്ച്വർ പാർട്ണേഴ്സ് നേതൃത്വം നൽകിയ ഫണ്ടിങ്ങിൽ സിയാറ വെഞ്ച്വേഴ്സ്, അൺകോറിലേറ്റഡ് വെഞ്ച്വേഴ്സ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും പങ്കാളികളായി. ആഗോള കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള കോട്ടയം സ്വദേശി സുരേഷ് […]
മലയാളികളുടെ നേതൃത്വത്തിൽ യു എസിലെ സിലിക്കൺ വാലിയിൽ പ്രവർത്തിക്കുന്ന സെഡായി (sedai.io) സ്റ്റാർട്ടപ്പ് 1.5 കോടി ഡോളറിന്റെ മൂലധന ഫണ്ടിങ് ആണ് ഈയിടെ സ്വന്തമാക്കിയത്. അതായത് ഏകദേശം 113 കോടി രൂപ. ആഗോള കമ്പനികളുടെ ക്ലൗഡ് സർവറുകളെ ഓട്ടോമേറ്റഡ് ആയി കൈകാര്യം ചെയ്യിപ്പിക്കാനുള്ള ഉത്പന്നങ്ങളാണ് കമ്പനി നിർമ്മിക്കുന്നത്. നോർവെസ്റ്റ് വെഞ്ച്വർ പാർട്ണേഴ്സ് നേതൃത്വം നൽകിയ ഫണ്ടിങ്ങിൽ സിയാറ വെഞ്ച്വേഴ്സ്, അൺകോറിലേറ്റഡ് വെഞ്ച്വേഴ്സ് എന്നീ നിക്ഷേപക സ്ഥാപനങ്ങളും പങ്കാളികളായി. ആഗോള കമ്പനികളിൽ ജോലി ചെയ്തിട്ടുള്ള കോട്ടയം സ്വദേശി സുരേഷ് മാത്യുവും , തിരുവനന്തപുരം സ്വദേശി ബെഞ്ചമിൻ തോമസുമാണ് സെഡായി എന്ന ഈ നൂതന ആശയത്തിന് പിന്നിൽ ചുക്കാൻ പിടിക്കുന്നത്. നേട്ടത്തിന് നടുവിൽ നിൽക്കുമ്പോൾ മൈഫിൻ പോയിന്റുമായി തന്റെ സംരഭക വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് സിലിക്കൺ വാലിയിൽ നിന്നും സുരേഷ് മാത്യു.
? ഗൂഗിൾ, ഫെയ്സ്ബുക്ക്, പേപാൽ എന്നിങ്ങനെയുള്ള ആഗോള കമ്പനികളിൽ ജോലി ചെയ്തിട്ടുണ്ട്. എന്താണ് ഇങ്ങനെയൊരു സ്റ്റാർട്ടപ്പ് തുടങ്ങാനുണ്ടായ കാരണം?
പേപാൽ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് പ്രൊഡക്ഷൻ സൈഡിലുണ്ടാകുന്ന ചില പ്രശ്നങ്ങൾ ശ്രദ്ധയിൽ പെട്ടത്. പ്രത്യേകിച്ച് രാത്രി പോലും ഇത്തരം ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ ഓടേണ്ടതായി വന്നു. അന്ന് പേപാലിൽ ഉള്ളപ്പോഴാണ് ക്ലൗഡ് ഓട്ടോമേഷൻ ചെറിയ രീതിയിൽ ആരംഭിക്കുന്നത്. എന്നാൽ ഇതിൽ വലിയൊരു സാധ്യതയുണ്ടെന്ന് മനസ്സിലാക്കി സ്വന്തമായ ഒരു സ്ഥാപനത്തെ പറ്റി ചിന്തിക്കുകയായിരുന്നു. ഫസ്റ്റ് ഇൻവെസ്റ്റിങ്ങും പേപാലിൽ നിന്നായിരുന്നു.
? 2019 ഓഗസ്റ്റിൽ തുടങ്ങിയ സ്ഥാപനം രണ്ട് വർഷം കൊണ്ടുണ്ടാക്കിയ നേട്ടം അഭിമാനാർഹമാണ്. എങ്ങനെയായിരുന്നു കമ്പനിയുടെ പ്ലാനിങ് ആൻഡ് ഓപ്പറേഷൻ?
ഒരു സ്റ്റാർട്ടപ്പിന്റെ വിജയം എന്നത് 100% ടീം വർക്കാണ്. ആദ്യത്തെ 20 ജോലിക്കാരാണ് കമ്പനിയെ മൊത്തത്തിൽ സ്വാധീനിക്കുക. ലോകത്തിലെ തന്നെ മികച്ചൊരു ടീം ആണ് ഇപ്പോൾ ഞങ്ങളുടെ കൂടെയുള്ളത്. ഏറ്റവും നല്ല നിക്ഷേപകരെയും ഞങ്ങൾക്ക് കിട്ടി. നല്ല ഒരു കൂട്ടം അഡ്വൈസേഴ്സും ഞങ്ങൾക്കൊപ്പമുണ്ട്. ഈ മൂന്ന് ഘടകമാണ് ഞങ്ങളെ ഇപ്പോൾ മുന്നോട്ടേക്ക് കൊണ്ടു പോകുന്നത്. ഇതിലുപരി ആവശ്യങ്ങറിയിച്ച് മാറ്റങ്ങൾ ഇഷ്ടപ്പെടുന്ന ഉപഭോക്താക്കളുണ്ടാകുകയെന്നതും കമ്പനിയുടെ നിലനിൽപ്പിന് അത്യാവശ്യമാണ്. സ്റ്റാർട്ടപ്പുകളിൽ എപ്പോഴും ഉയർച്ചയും താഴ്ച്ചയും ഉണ്ടാകും. മാർക്കറ്ററിഞ്ഞ് ഉത്പന്നങ്ങളുണ്ടാക്കുകയെന്നതിലാണ് ഞങ്ങൾ വിജയം കണ്ടത്.
? കേരളത്തിൽ എത്തരത്തിലുള്ള പദ്ധതിയാണ് ആവിഷ്ക്കരിക്കാൻ പദ്ധതിയിടുന്നത്?
കമ്പനിക്കിതുവരെ രണ്ട് റൗണ്ട് ഫണ്ടിങ്ങിൽ നിന്നായി 140 കോടി രൂപയാണ് നിക്ഷേപമായി ലഭിച്ചത്. അടുത്ത ലക്ഷ്യം കേരളത്തിൽ സിലിക്കൺ വാലി മോഡൽ പദ്ധതിയാണ്. മാർക്കറ്റിനാവശ്യമായ പ്രൊഡക്ട് ആയിരിക്കും കമ്പനി ലക്ഷ്യമിടുന്നത്. ഉദാഹരണത്തിന് ഒരു ഓട്ടോമേറ്റിക്ക് കാർ എടുത്താൽ ഇടത്തോട്ടോ വലത്തോട്ടോ പോകാൻ മനുഷ്യന്റെ ഇടപെടൽ ആവശ്യമാണ്. അത് തിരിച്ചറിഞ്ഞ് കാറിനു തന്നെ പോകാൻ കഴിയുന്നിടത്താണ് ഉത്പന്നം വിജയകരമാകുന്നത്. ടെസ്ല കാറുകൾ മുഴുവനായി ഓട്ടോണമിയിൽ ആണ് ഇത്തരം തീരുമാനങ്ങൾ എടുക്കുന്നത്. മനുഷ്യന്റെ ഇടപെടലുകളില്ലാതെ തുടക്കം മുതൽ ഒടുക്കം വരെ കാര്യങ്ങൾ ചെയ്യാൻ കഴിയുക. സാധാരണയായി ലെവൽ 0 തൊട്ട് ലെവൽ 5 വരെയാണ് ഇതിന്റെ ഗ്രേഡിങ്. ടെസ്ല കാറുകൾ ലെവൽ 2 ഓട്ടോണമിയിലാണ് പ്രവർത്തിക്കുന്നത്. ഇത്തരത്തിൽ ഓട്ടോണമസായ ഉത്പന്നങ്ങൾ നിർമ്മിച്ച് നൽകുകയാണ് കമ്പനി ലക്ഷ്യമിടുന്നത്.
?കേരളത്തിൽ ഇത്തരത്തിലൊരു പദ്ധതിക്ക് എത്രത്തോളം സാധ്യതയുണ്ട്? എത്ര തൊഴിലവസരങ്ങൾ ഉണ്ടാകും?
ശരിക്കും ഊർജ്ജ്വസ്വലരായ ചെറുപ്പക്കാരുടെ, മികച്ച കഴിവുകളുള്ള എൻജീനീയർമാരുള്ള, നല്ല കോളേജുകളും അധ്യാപകരുമുള്ള ഇടമാണ് കേരളം. ഇത്തരത്തിലുള്ള സംരഭങ്ങൾ തീർച്ചയായും വിജയിപ്പിച്ചെടുക്കാനുള്ള സാധ്യത കേരളത്തിലുണ്ട്. തുടക്കത്തിൽ തന്നെ 150 തോളം പരിചയ സമ്പത്തുള്ള എൻജീനിയർസിന് ഞങ്ങളുടെ കമ്പനിയിൽ അവസരമുണ്ടാകും. മറ്റു സ്റ്റാഫുകൾ വേറെ. എന്തായാലും മാസ്സീവായ റിക്രൂട്ട്മെന്റെ് ഉണ്ടാവും. ടെക്നോപാർക്ക്, ഇൻഫോപാർക്ക് ഒക്കെ കേരളത്തിന്റെ സാങ്കേതിക വിദ്യാ രംഗത്തെ മികവിനുദാഹരണങ്ങളാണ്. സ്വയം സംരഭകർക്ക് മികച്ച ഒരിടമാണ് കേരളമെന്നതിൽ സംശയമില്ല. കേരള സാമ്പത്തിക രംഗത്ത് വലിയ ചലനങ്ങൾ ഉണ്ടാക്കാനും ഈ മേഖലയ്ക്ക് സാധിക്കും.
? പുതിയ സംരഭകരോട് എന്താണ് പറയാനുള്ളത്?
സ്റ്റാർട്ടപ്പുകൾ എപ്പൊഴും റിസ്ക് എടുക്കുന്നവർക്കുള്ളതാണ്. നമ്മുടെ കംഫോർട്ട് സോൺ വിട്ട് മികച്ച ആശയങ്ങളുമായി മുന്നോട്ട് പോയാൽ, കൂടെ നല്ലൊരു ടീം ഉണ്ടെങ്കിൽ എല്ലാം നല്ലതായി തന്നെ വരും. മാർക്കറ്ററിഞ്ഞുള്ള ഉത്പന്നങ്ങൾ കാലോചിതമായ മാറ്റങ്ങളോടെ ഉപഭോക്താക്കൾക്ക് മുന്നിൽ എത്തിക്കുമ്പോഴാണ് കമ്പനി വളരുന്നത്. കൂടെ നമ്മളും. മികച്ച സമയത്തെടുക്കുന്ന തീരുമാനമാണ് പ്രധാനം. ഒരാൾ അതിനു തയ്യാറായാൽ ബാക്കിയുള്ളവരും കൂടെ വന്നോളും. നല്ല ടീം, പാർട്ട്നേഴ്സ്, കോ- ഫൗണ്ടേഴ്സ് എന്നിവരൊക്കെ മുന്നോട്ടുള്ള യാത്രയെ സ്വാധീനിക്കും. തുടക്കത്തിൽ തന്നെ നല്ലൊരു ടീം ഉണ്ടാക്കിയെടുക്കുകയാണ് എന്നതാണ് ഏറ്റവും പ്രധാനം.