ഓഗസ്റ്റില്‍ കുതിച്ചുയര്‍ന്ന് ഐടി ഹാര്‍ഡ്‍വെയര്‍ ഇറക്കുമതി

  • ലൈസന്‍സിംഗ് നിയമം വരുന്നതിന് മുമ്പ് വന്‍ ഇറക്കുമതി
  • സെപ്റ്റംബറിലും ഇറക്കുമതി ഉയരും

Update: 2023-09-08 06:16 GMT

നവംബർ 1 മുതൽ പുതിയ ലൈസൻസിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നതിന് മുന്നോടിയായി ഇന്ത്യയുടെ ഐടി ഹാർഡ്‌വെയർ ഇറക്കുമതി കുതിച്ചുയര്‍ന്നു. ജൂലൈ മാസത്തെ അപേക്ഷിച്ച് 50 ശതമാനം വരെ ഉയര്‍ച്ചയാണ് ഉണ്ടായത്. വിതരണ പ്രതിസന്ധിയെ ഭയന്ന് കമ്പനികൾ വിപുലമായ സംഭരണം നടത്തുന്നതായാണ് വിവരം. 8 ലക്ഷം യൂണിറ്റുകളുടെ ഇറക്കുമതിയാണ് ജൂലൈയില്‍ റിപ്പോര്‍ട്ട് ചെയ്തത് എങ്കില്‍ ഓഗസ്റ്റില്‍ അത് 1.2 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നു. 

ഉല്‍സവ സീസണില്‍ എക്യുപ്മെന്‍റ് മാനുഫാക്ചറര്‍മാരില്‍ നിന്നും സംരംഭങ്ങളില്‍ നിന്നും ആവശ്യകത ഉയരുമെന്നതു കൂടി കണക്കിലെടുത്താല്‍ സെപ്റ്റംബറിലും ഒക്റ്റോബറിലും ഹാര്‍ഡ്‍വെയര്‍ ഇറക്കുമതി ഇനിയും ഉയരുന്നതിനാണ് സാധ്യത. ചൈനയില്‍ നിന്നുള്ള ഇറക്കുമതി പരിമിതപ്പെടുത്താനും കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. ഭാവിയില്‍ ഇന്ത്യക്കും ചൈനയ്ക്കും ഇടയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്താല്‍ ചൈനീസ് ഹാര്‍ഡ്‍വെയറുകളുടെ ഉപയോഗം സര്‍ക്കാര്‍ നിരോധിച്ചേക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. 

ലാപ്ടോപുകള്‍, പിസികള്‍, സെര്‍വറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഐടി ഹാര്‍ഡ്‍വെയറുകള്‍ ഇറക്കുമതി ചെയ്യുന്നതിന് നവംബര്‍ 1 മുതല്‍ ലൈസന്‍സ് നിര്‍ബന്ധമാണെന്ന് ഡയറക്റ്റര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് (ഡിജിഎഫ്റ്റി) ഓഗസ്റ്റ് 4 ന് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നു. ഇറക്കുമതി നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് മാനുഫാക്ചററേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ( മെയ്റ്റ് ) സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രാജ്യത്തിനകത്തെ ഇലക്ട്രോണിക് ഉല്‍പ്പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യമാണ് ഇറക്കുമതി നിയന്ത്രണത്തിനുപിന്നിലുള്ളതെന്നാണ് ഡിജിഎഫ്റ്റി വ്യക്തമാക്കുന്നത്. ഇറക്കുമതിക്ക് നിരോധനം ഇല്ലെന്നും ലൈസന്‍സ് നിര്‍ബന്ധിതമാക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും സര്‍ക്കാര്‍ വിശദീകരിക്കുന്നു. 

ഒരു സ്ഥാപനത്തിന് വ്യത്യസ്ത തരം ​​ഷിപ്പ്‌മെന്റുകൾക്കു ​​വേണ്ടി ഒന്നിലധികം ലൈസൻസുകൾക്കായി അപേക്ഷിക്കാം. ഒരേ കമ്പനിയുടെ ഒന്നിലധികം യൂണിറ്റുകൾക്കും ലൈസൻസിനായി അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് ലൈസൻസ് അനുവദിക്കുക.

Tags:    

Similar News