കൃത്രിമബുദ്ധി മേഖലയിൽ കുതിക്കാൻ ഇന്ത്യ : എ ഐ ദൗത്യത്തിന് 10,371 കോടി രൂപയുടെ നിക്ഷേപം

  • ഇന്ത്യയുടെ എഐ മേഖലയെ ശക്തിപ്പെടുത്തുന്നതിനായി 10,371 കോടി രൂപയുടെ നിക്ഷേപം
  • തിരുവനന്തപുരത്തെ 10 കോളേജുകളിൽ 10 എഐ ലാബുകൾ സ്ഥാപിക്കും
  • 2,000 കോടി രൂപ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി നീക്കിവച്ചിരിക്കുന്നു

Update: 2024-03-12 15:11 GMT

ഇന്ത്യൻ ഗവൺമെന്റ് ദേശീയ തലത്തിലുള്ള ഇന്ത്യ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് (എഐ) ദൗത്യത്തിനായി 10,371 കോടി രൂപയുടെ നിക്ഷേപം അനുവദിച്ചു. ഇന്ത്യയുടെ വിവിധ ഭാഷകളും ഡാറ്റാസെറ്റുകളും അടിസ്ഥാനമാക്കിയുള്ള നവീന എഐ മാതൃകകൾ വികസിപ്പിക്കാനാണ് ഈ നിക്ഷേപം ഉപയോഗിക്കുക.  

ഇന്ത്യയുടെ എഐ ദൗത്യം

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രി ശ്രീ. രാജീവ് ചന്ദ്രശേഖർ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ പദ്ധതിയെ കുറിച്ച് വിശദീകരിച്ചു. "നമ്മൾ നമ്മുടെ സ്വന്തം കൃത്രിമബുദ്ധി അടിത്തറ മാതൃകകൾ വികസിപ്പിക്കും. ലോകം ചാറ്റ് ജിപിറ്റിയെക്കുറിച്ചാണ് സംസാരിക്കുന്നത്. എന്നാൽ ഇന്ത്യ എഐ മിഷന്റെ ഫലമായി, നമ്മുടെ സ്വന്തം ഭാഷകളെയും ഡാറ്റാസെറ്റുകളെയും അടിസ്ഥാനമാക്കി ഇന്ത്യയിൽ രൂപകൽപ്പന ചെയ്തതും നിർമ്മിച്ചതുമായ സ്വന്തം എ ഐ അടിസ്ഥാന മാതൃകകൾ വികസിപ്പിക്കും." എന്ന് അദ്ദേഹം പറഞ്ഞു. 

തിരുവനന്തപുരത്ത് എഐ ലാബുകൾ സ്ഥാപിക്കുന്നു

തിരുവനന്തപുരത്തെ 10 കോളേജുകളിൽ 10 എഐ ലാബുകൾ സ്ഥാപിക്കുമെന്നും കൂടാതെ ഹാർഡ്‌വെയർ, സോഫ്റ്റ്‌വെയർ, കഴിവ് വികസന പരിപാടികൾ എന്നിവ ഉൾപ്പെടുന്ന അടിസ്ഥാനസൗകര്യങ്ങൾ ഈ 10 കോളേജുകൾക്കും എഐ ലാബുകൾക്കും നൽകും. ഈ എഐ ലാബുകൾ പ്രമുഖ ആഗോള ടെക് കമ്പനികളുടെ സഹകരണത്തോടെ തിരുവനന്തപുരത്ത് സ്ഥാപിക്കും എന്ന് മന്ത്രി പ്രഖ്യാപിച്ചു.

സ്റ്റാർട്ടപ്പുകൾക്ക് പുത്തൻ ഉണർവ്വ്

ഇന്ത്യ എഐ പദ്ധതിയുടെ ഭാഗമായി ഏകദേശം 2,000 കോടി രൂപ സ്റ്റാർട്ടപ്പുകൾക്ക് ധനസഹായം നൽകുന്നതിനായി നീക്കിവച്ചിരിക്കുന്നു. "ഇത് രാജ്യത്തുടനീളമുള്ള യുവ ഇന്ത്യക്കാർ ആരംഭിച്ച സ്റ്റാർട്ടപ്പുകളിൽ നിക്ഷേപമായി നൽകും" എന്ന് ചന്ദ്രശേഖർ വ്യക്തമാക്കി.

കൃത്രിമബുദ്ധി രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്കും സംരംഭകർക്കും ഉപയോഗിക്കാവുന്ന കമ്പ്യൂട്ടിംഗ് അടിസ്ഥാനസൗകര്യങ്ങൾ, മൾട്ടി-മോഡൽ എൽഎൽഎമ്മുകൾക്കുള്ള എഐ കേന്ദ്രങ്ങൾ, 10,000 ഗ്രാഫിക്സ് പ്രോസസ്സിംഗ് യൂണിറ്റുകൾ എന്നിവയും ഇന്ത്യ എഐ പദ്ധതി വഴി വികസിപ്പിക്കും.

കൃത്രിമബുദ്ധി (എ ഐ ) രംഗത്ത് ഇന്ത്യയുടെ പുരോഗതിയെ ത്വരിതപ്പെടുത്തുന്നതിനായി സർക്കാർ രണ്ട് പ്രധാന മേഖലകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കുന്നതിൻ്റെ ഭാഗമായി, ഇന്ത്യ എ ഐ കമ്പ്യൂട്ടിംഗ് ഇൻഫ്രാസ്ട്രക്ചർ നിർമ്മിക്കും. എ ഐ മോഡലുകളെ പരിശീലിപ്പിക്കുന്നതിന് എ ഐ കമ്പ്യൂട്ടിംഗ് അടിസ്ഥാനപരമാണ്. ഇത്തരം സൗകര്യങ്ങളിലേക്കുള്ള നിലവിലെ പ്രവേശനം പാശ്ചാത്യ രാജ്യങ്ങൾക്ക് എ ഐ രംഗത്ത് മുന്നേറ്റം നൽകിയിട്ടുണ്ട്. കൂടാതെ, കമ്പനികൾക്ക് വ്യക്തിഗതമല്ലാത്ത ഡാറ്റ ലഭ്യമാക്കുന്നതിനായി ഇന്ത്യ എ ഐ പദ്ധതിയുടെ കീഴിൽ ഒരു ഡാറ്റാസെറ്റ് പ്ലാറ്റ്ഫോം വികസിപ്പിക്കും. ഈ പ്ലാറ്റ്ഫോം, നിലവിലുള്ള ഇന്ത്യൻ ഡാറ്റാ സംരക്ഷണ നിയമത്തോടൊപ്പം ചേർന്ന്, ഡാറ്റ സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം ഇന്ത്യൻ സ്റ്റാർട്ടപ്പുകൾക്കും കമ്പനികൾക്കും മാത്രം ലഭ്യമായ ഒരു ഡാറ്റ സംഭരണി സൃഷ്ടിക്കുകയും എ ഐ രംഗത്ത് അവർക്ക് മത്സരക്ഷമത നൽകുകയും ചെയ്യും.


Tags:    

Similar News