കൊഴിഞ്ഞുപോക്കും നിയമന മാന്ദ്യവും; ഐടി തൊഴിലാളികള്‍ക്കിത് കഷ്ടകാലം

  • ഐടി കമ്പനികളിലെ ശമ്പള പരിഷ്കരണവും വൈകുന്നു
  • ജൂണ്‍ പാദത്തില്‍ ഇന്‍ഫോസിസില്‍ 7000 ജീവനക്കാരുടെ കൊഴിഞ്ഞുപോക്ക്
  • വിപണിയില്‍ ഐടി ഓഹരികള്‍ വീണ്ടും ഇടിവിലേക്ക്

Update: 2023-07-21 06:16 GMT

രാജ്യത്തെ ഐടി മേഖലയിലെ തൊഴില്‍ നിയമനങ്ങളില്‍ പ്രടമാകുന്ന മാന്ദ്യ അവസ്ഥയെ അടിവരയിട്ട് ഉറപ്പിക്കുന്ന റിസള്‍ട്ടാണ് ഇന്നലെ ഇന്‍ഫോസിസും പുറത്തിവിട്ടിട്ടുള്ളത്. നിയമനങ്ങളിലെ അനിശ്ചിതാവസ്ഥ പോലെ തന്നെ വേതന വര്‍ധനയുടെ കാര്യത്തിലും, തൊഴില്‍ സുരക്ഷിതത്വത്തിന്‍റെ കാര്യത്തിലും ഐടി തൊഴിലാളികള്‍ പ്രതിസന്ധി അഭിമുഖീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ടുകളാണ് വിപ്രൊയില്‍ നിന്നും ഇന്‍ഫോസിസില്‍ നിന്നും ടിസിഎസില്‍ നിന്നും പുറത്തുവന്നിട്ടുള്ളത്.  

നടപ്പു സാമ്പത്തിക വര്‍ഷത്തെ വരുമാന വളര്‍ച്ച സംബന്ധിച്ച ലക്ഷ്യം വെട്ടിക്കുറച്ചതിനു സമാനമായി നിയമന പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച പദ്ധതികളിലും പുനരാലോചന ഉണ്ടാകുമെന്ന് ഇന്‍ഫോസിസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇൻഫോസിസിലെ കൊഴിഞ്ഞുപോകല്‍ നിരക്ക് (attrition rate ) മാർച്ച് പാദത്തിലെ 20.9 ശതമാനത്തിൽ നിന്ന് 17.3 ശതമാനമായി കുറഞ്ഞെങ്കിലും, ഭാവിയിലെ നിയമനങ്ങള്‍ മുമ്പത്തേതു പോലെ വേഗതയുള്ളതാകില്ല എന്ന സൂചനയാണ് ലഭിക്കുന്നത്. 

കമ്പനിയുടെ ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 7,000 ജീവനക്കാരെയാണ് ഇന്‍ഫോസിസിന് ജൂണ്‍ പാദത്തില്‍ നഷ്ടപ്പെട്ടിട്ടുള്ളത്. ഇതിലൂടെ തൊഴിലാളികളുടെ എണ്ണം 3,36,294 ആയി കുറയുകയും ചെയ്തു. ഇൻഫോസിസിലെ അപ്രൈസൽ സൈക്കിളും മന്ദഗതിയിലാണ്. സാധാരണയായി ഓരോ വര്‍ഷവും ജീവനക്കാരുടെ പദവിയിലും ശമ്പളത്തിലും വരുത്തുന്ന പുതുക്കലുകള്‍ സംബന്ധിച്ച് ഈ സമയത്തിനകം അറിയിപ്പു നല്‍കാറുണ്ട്. എന്നാല്‍ ഈ വര്‍ഷം ഇതുവരെയായി ഇതുസംബന്ധിച്ച യാതൊരു അറിയിപ്പും കമ്പനി നല്‍കിയിട്ടില്ല. ശമ്പള വര്‍ധന പരിഗണിക്കുന്നു എന്നുമാത്രമാണ് മാനെജ്മെന്‍റ് പറയുന്നത്. 

കഴിഞ്ഞ ആഴ്ച ആദ്യപാദ ഫലങ്ങൾ പ്രഖ്യാപിച്ച വിപ്രോ തങ്ങളുടെ തൊഴില്‍ ശക്തിയില്‍ 8,812 പേരുടെ ഇടിവുണ്ടായെന്നാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഏപ്രില്‍ - ജൂണ്‍ കാലയളവില്‍ ഒരു നിയമനവും കമ്പനി നടത്തിയിട്ടില്ല. കമ്പനിയിലെ വേതന പരിഷ്കരണവും മാന്ദ്യം നേരിടുകയാണ്. സീനിയർ സ്റ്റാഫിന് ഈ വർഷം ഇൻക്രിമെന്റൊന്നും ലഭിക്കില്ലെന്ന് ഐടി മേഖലയിലെ മറ്റൊരു വമ്പനായ എച്ച്സിഎൽ ടെക്കും പ്രഖ്യാപിച്ചിട്ടുണ്ട്. വിപണി സാഹചര്യങ്ങള്‍ വിലയിരുത്തി വിപുലമായ കൂടിയാലോചനകള്‍ നടത്തിയ ശേഷമാണ് ഈ തീരുമാനത്തില്‍ എത്തിയതെന്നും കമ്പനി വിശദീകരിക്കുന്നു. 

ടിസിഎസ് 2023 -24 ആദ്യ പാദത്തില്‍ തങ്ങളുടെ തൊഴില്‍ സേനയില്‍ 523 പേരുടെ അറ്റ കൂട്ടിച്ചേര്‍ക്കലാണ് നടത്തിയത്. മുന്‍ സാമ്പത്തിക വര്‍ഷം സമാന പാദത്തില്‍ ഏകദേശം 15,000 പേരുടെ കൂട്ടിച്ചേര്‍ക്കല്‍ ഉണ്ടായ സ്ഥാനത്താണിത്. അതായത് 96 ശതമാനത്തിന്‍റെ ഇടിവാണ് ഉണ്ടായത്. 821 പേരുടെ കൂട്ടിച്ചേര്‍ക്കലാണ് ജനുവരി-മാര്‍ച്ച് കാലയളവില്‍ ടിസിഎസ് നടത്തിയത് . 4000 ഫ്രഷേഴ്സിനെ നിയമിക്കുന്നതിനുള്ള പദ്ധതി കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ഇതിന് സമയക്രമം നിശ്ചയിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 

ആഗോള തലത്തിലെ ബൃഹത് അനിശ്ചിതത്വങ്ങൾ ഡിമാൻഡ് സാഹചര്യത്തെ ബാധിക്കും എന്നതിനാൽ 2023-24 ൽ ഇന്ത്യയുടെ ഐടി മേഖല നിയമന മാന്ദ്യത്തെ അഭിമുഖീകരിക്കും എന്നാണ് വിവിധ ഗവേഷണ റിപ്പോര്‍ട്ടുകളും വ്യക്തമാക്കുന്നത്. ഇന്ത്യന്‍ ഐടി കമ്പനികളുടെ  ക്ലയന്റുകൾ പൊതുവില്‍ തങ്ങളുടെ ഐടി ചെലവുകള്‍ വിവേചനപൂര്‍വം ആക്കുകയും വെട്ടിക്കുറയ്ക്കുകയും ചെയ്യുകയാണ്. യുഎസ് ഉള്‍പ്പടെയുള്ള ആഗോള വിപണികളില്‍ പ്രകടമാകുന്ന അനിശ്ചിതത്വങ്ങള്‍ ഇന്ത്യന്‍ ഐടി കമ്പനികളെ സാരമായി ബാധിക്കുന്നുണ്ട്. 

ആദ്യപാദ ഫലങ്ങള്‍ ശുഭകരമാകില്ലെന്ന സൂചനകളുടെ അടിസ്ഥാനത്തില്‍, ആഭ്യന്തര ഓഹരി വിപണികളിലെ ഐടി ഓഹരികളില്‍ ഇടിവ് പ്രകടമായിരുന്നു. എന്നാല്‍  പണപ്പെരുപ്പ നിരക്ക് മയപ്പെട്ടത് ഉള്‍പ്പടെ, യുഎസ് സമ്പദ് വ്യവസ്ഥയെ കുറിച്ചു വന്ന പോസിറ്റിവ് ഡാറ്റകളുടെ ബലത്തില്‍ ഈ മാസം തുടക്കത്തില്‍ ഐടി ഓഹരികളില്‍ തിരിച്ചുവരവ് പ്രകടമായി. എന്നാല്‍ നിരാശജനകമായ പാദഫലങ്ങള്‍ പുറത്തുവന്നത് വീണ്ടും തിരിച്ചടി നല്‍കിയിരിക്കുകയാണ്. 

Tags:    

Similar News