കൂടുതല്‍ എണ്ണ ഇറക്കുമതിക്കായി ഇന്ത്യ ബ്രസീലിലേക്ക്
- കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി ബ്രസീല്‍ സന്ദര്‍ശിക്കുന്നു
- എഥനോള്‍, ബയോഡീസല്‍ എന്നീ രംഗങ്ങളില്‍ ബ്രസീല്‍ മുന്‍പന്തിയിലാണ്
എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കാന്‍ ഇന്ത്യ ബ്രസീലുമായി ചര്‍ച്ച നടത്തുകയാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ഊര്‍ജ ബന്ധം ശക്തിപ്പെടുത്തുന്നതിനായി പുരി ബ്രസീലിയന്‍ എണ്ണ-വാതക കമ്പനി പെട്രോബ്രാസ് പ്രസിഡന്റ് മഗ്ദ ചംബ്രിയാര്‍ഡുമായി കൂടിക്കാഴ്ച നടത്തി. ലോകത്തിലെ ഏറ്റവും വലിയ എണ്ണ, വാതക നിര്‍മ്മാതാക്കളില്‍ ഒന്നാണിത്.
പെട്രോബ്രാസും ഇന്ത്യന്‍ ഊര്‍ജ കമ്പനികളും തമ്മിലുള്ള അസംസ്‌കൃത എണ്ണ വാങ്ങല്‍ വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും പദ്ധതികളിലെ സഹകരണ സാധ്യതകള്‍ പര്യവേക്ഷണം ചെയ്യുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.
ലോകത്തിലെ ഏറ്റവും വലിയ കാര്‍ഷിക ഉല്‍പ്പാദകരില്‍ ഒന്നാണ് ബ്രസീല്‍. എഥനോള്‍, സസ്യ എണ്ണയില്‍ നിന്നുള്ള ബയോഡീസല്‍ തുടങ്ങിയ ജൈവ ഇന്ധനങ്ങളുടെ ആഗോള നിര്‍മ്മാതാക്കളിലും ഒന്നാമതാണ്. ഇന്ത്യയും ബ്രസീലും വ്യോമയാന ഇന്ധനങ്ങളുടെ വികസനത്തില്‍ പ്രവര്‍ത്തിക്കും. ബ്രസീലിന്റെ ജി20 പ്രസിഡന്‍സിയില്‍ ഗ്ലോബല്‍ ബയോഫ്യൂവല്‍ അലയന്‍സിന്റെ അജണ്ട മുന്നോട്ട് കൊണ്ടുപോകാനും ധാരണയായി.
ലോകത്തിലെ മൂന്നാമത്തെ വലിയ ക്രൂഡ് ഓയില്‍ ഇറക്കുമതിക്കാരായ ഇന്ത്യ, ഊര്‍ജ ഇറക്കുമതി വൈവിധ്യവത്കരിക്കാന്‍ സജീവമായി ശ്രമിക്കുന്നു. പ്രത്യേകിച്ചും റഷ്യ-ഉക്രെയ്ന്‍ യുദ്ധം പോലെയുള്ള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുടെ വെളിച്ചത്തില്‍.
ഈ തന്ത്രത്തിന് അനുസൃതമായി, ഇന്ത്യന്‍ ഓയില്‍ കമ്പനികളായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ഐഒസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍), ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിപിസിഎല്‍) എന്നിവ ദീര്‍ഘകാല ക്രൂഡ് ഓയില്‍ വിതരണ കരാറുകള്‍ക്കായി പെട്രോബ്രാസുമായി ചര്‍ച്ചകള്‍ നടത്തി.
ജൂലൈയില്‍ ഐഒസിഎല്‍, എച്ച്പിസിഎല്‍, ബിപിസിഎല്‍ എന്നിവയുടെ പ്രതിനിധികള്‍ ഈ ചര്‍ച്ചകള്‍ ആരംഭിക്കുന്നതിനായി ഏപ്രിലില്‍ ബ്രസീല്‍ സന്ദര്‍ശിച്ചു. പെട്രോബ്രാസില്‍ നിന്ന് അസംസ്‌കൃത എണ്ണയുടെ സ്ഥിരമായ വിതരണം ഉറപ്പാക്കുക എന്നതായിരുന്നു ലക്ഷ്യം. ബിപിസിഎല്‍ ഇതിനകം തന്നെ ബ്രസീലിയന്‍ ക്രൂഡ് അതിന്റെ റിഫൈനറികളില്‍ പരീക്ഷിച്ചുവരികയാണ്. എന്നിരുന്നാലും, അന്തിമ കരാറുകളൊന്നും പ്രഖ്യാപിച്ചിട്ടില്ല.
ഇന്ത്യന്‍ ഓയില്‍ മുമ്പ് പെട്രോബ്രാസുമായി പ്രതിവര്‍ഷം 1.7 ദശലക്ഷം മെട്രിക് ടണ്‍ (എംഎംടിപിഎ) ക്രൂഡ് ഓയിലിന് ദീര്‍ഘകാല വിതരണ കരാര്‍ ഒപ്പിട്ടിരുന്നു.