ഇന്ത്യയിലേക്ക് വമ്പന്‍ തിരിച്ചുവരവിനൊരുങ്ങി യുഎസ് പിസ ചെയ്ന്‍ 'പാപ്പ ജോണ്‍സ്'
- ആദ്യ റെസ്റ്റോറന്റ് 2024ല്‍ ബെംഗളൂരുവില്‍
- ആദ്യ വിപുലീകരണം ദക്ഷിണേന്ത്യന്‍ നഗരങ്ങളിലേക്ക്
- പ്രതീക്ഷ വളര്‍ന്നു വരുന്ന മധ്യവര്‍ഗ അഭിലാഷങ്ങളില്‍
യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പിസ ചെയ്ന്‍ 'പാപ്പ ജോണ്‍സ്' 2033ഓടെ ഇന്ത്യയില്‍ 650 ഔട്ട്‌ലെറ്റുകള്‍ തുടങ്ങാന്‍ പദ്ധതിയിടുന്നു. പിജെപി ഇന്‍വെസ്റ്റ്‌മെന്റ് ഗ്രൂപ്പുമായി ചേര്‍ന്നാണ് പാപ്പ ജോണ്‍സ് തങ്ങളുടെ പുതിയ ഇന്ത്യന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത്. ബെംഗളൂരുലില്‍ 2024ല്‍ ആദ്യ റെസ്റ്റോറന്റ് ആരംഭിക്കും.
നേരത്തെയും 'പാപ്പ ജോണ്‍സ്' ഇന്ത്യന്‍ വിപണിയിലേക്കെത്തിയിരുന്നു. എന്നാല്‍ 2017ഓടെ കമ്പനി ഇന്ത്യയിലെ തങ്ങളുടെ എല്ലാ റെസ്റ്റോറന്റുകളും അടച്ചുപൂട്ടുകയായിരുന്നു.ഇത്തവണത്തെ വരവില്‍ തെക്കേ ഇന്ത്യയിലെ നഗരങ്ങളിലാണ് തുടക്കത്തില്‍ കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്ത്യയിലെ മധ്യവര്‍ഗത്തിന്റെ ഉപഭോഗ അഭിലാഷങ്ങളില്‍ വരുന്ന മാറ്റവും വരുമാന വര്‍ധനയും വിപണിയുടെ വലുപ്പവും കണക്കിലെടുത്ത് ഇന്ത്യയെ തങ്ങളുടെ പ്രധാന വിപണിയാക്കി മാറ്റാനാകുമെന്നാണ് പാപ്പാ ജോണ്‍സ് കണക്കാക്കുന്നത്.
2005ല്‍ യുഎഇ വിപുലീകരണത്തിന്റെ ഘട്ടം മുതല്‍ പിജെപി-യുമായി സഹകരണമുണ്ടെന്ന് പാപ്പാ ജോണ്‍സിന്റെ ചീഫ് ഇന്റര്‍നാഷണല്‍ ആന്‍ഡ് ഡെവലപ്മെന്റ് ഓഫീസര്‍ അമന്‍ഡ ക്ലര്‍ക്ക് പറഞ്ഞു. യുഎഇ, സൗദി അറേബ്യ, ജോര്‍ദാന്‍ എന്നിവിടങ്ങളിലായി 100-ലധികം പാപ്പാ ജോണ്‍സ് റെസ്റ്റോറന്റുകള്‍ പിജെപി നടത്തുന്നുണ്ട്. 2024ല്‍ ഇറാഖിലെ ആദ്യ പാപ്പാ ജോണ്‍സ് ഔട്ട്ലെറ്റും പിജെപി തുറക്കും.
പാപ്പ ജോണ്‍സിന്റെ ഉന്നത നിലവാരം കുറ്റമറ്റ രീതിയില്‍ നടപ്പാക്കുന്നതിനുള്ള പിജെപി-യുടെ പ്രതിബദ്ധത ഇന്ത്യയിലുമെത്തുന്നതില്‍ ആവേശമുണ്ടെന്ന് അമന്‍ഡ ക്ലര്‍ക്ക് പറയുന്നു. 10 വര്‍ഷത്തിനുള്ളില്‍ 1000 പാപ്പ ജോണ്‍സ് റെസ്‌റ്റോറന്റുകളുടെ പ്രവര്‍ത്തനം എന്ന ലക്ഷ്യത്തിലേക്കെത്താനാണ് സ്വകാര്യ ഇക്വിറ്റി നിക്ഷേപ സ്ഥാപനമായ പിജെപി ശ്രമിക്കുന്നത്.